അടുത്ത തലമുറ സ്‌ക്രീനുകളുമായി എച്ച്ടിസിയും ഷാര്‍പ്പും

Posted on: 19 Oct 2012


-സ്വന്തം ലേഖകന്‍എച്ച്.ടി.സി. ജെ ബട്ടര്‍ഫ്ലൈ


എച്ച്.ടി.സിയുടെ 'ജെ ബട്ടര്‍ഫ്ലൈ' ഫോണ്‍; ഷാര്‍പ്പിന്റെ 'അക്വോസ് പാഡ്'. രണ്ടിന്റെയും സവിശേഷത അവയിലെ ഡിസ്‌പ്ലെയാണ്. പുതിയ തലമുറ ഡിസ്‌പ്ലെ സ്‌ക്രീനുകളുമായാണ് ഈ ഉപകരണങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജെ ബട്ടര്‍ഫ്ലൈ ഫോണിന് അഞ്ചിഞ്ച് സ്‌ക്രീനാണുള്ളത്, അതിലെ ഡിസ്‌പ്ലെ ഇഞ്ചിന് 440 പിക്‌സല്‍സും. സാംസങ്, ആപ്പിള്‍, നോക്കിയ, എല്‍ജി തുടങ്ങിയവയുടെ മൊബൈലുകളെ അപേക്ഷിച്ച് 25-40 ശതമാനം കൂടുതല്‍ റിസല്യൂഷനാണ് ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.

ഷാര്‍പ്പ് രൂപപ്പെടുത്തിയ 'ഇഗ്‌സോ ടെക്‌നോളജി' (Igzo technology) ഉപയോഗിക്കുന്ന ആദ്യ ഉപകരണമാണ് അക്വോസ് പാഡ് ടാബ്‌ലറ്റ്. കൂടുതല്‍ മികവുറ്റ ദൃശ്യങ്ങള്‍ നല്‍കുന്നതിനൊപ്പം, കുറച്ച് ഊര്‍ജമേ ആവശ്യമുള്ളൂ എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത.

എച്ച്.ടി.സി.യുടെ ജെ ബട്ടര്‍ഫ്ലൈ ഫോണ്‍
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഡിസംബറില്‍ ജപ്പാനിലാകും അത് ആദ്യം വില്‍പ്പനയ്‌ക്കെത്തുക.

ശരിക്കു പറഞ്ഞാല്‍, ഈ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം അതിനെ സ്മാര്‍ട്ട്‌ഫോണിനും ടാബ്‌ലറ്റിനും മധ്യേയുള്ള 'ഫാബ്‌ലെറ്റ്' ('phablet') എന്ന വിഭാഗത്തിലാണ് പെടുക. ഹൈഡെഫിനിഷന്‍ -1080പി- വീഡിയോ ആസ്വദിക്കാന്‍ പാകത്തിലാണ് ജെ ബട്ടര്‍ഫ്ലൈയിലെ സ്‌ക്രീനിന്റെ വലിപ്പവും റിസല്യൂഷനും.

440 ppi (പിക്‌സല്‍സ് പെര്‍ ഇഞ്ച്) ആണ് അതിലെ റിസല്യൂഷനെങ്കില്‍, സാംസങിന്റെ ഇതേ സ്‌ക്രീന്‍ വലിപ്പമുള്ള ഗാലക്‌സി നോട്ട് 2 ന്റെ റിസല്യൂഷന്‍ 267 ppi മാത്രമാണ്. ആപ്പിളിന്റെ ഐഫോണ്‍ 5 ല്‍ 326 ppi യും, നോക്കിയയുടെ വരാന്‍ പോകുന്ന ലൂമിയ 920 ഫോണിലേത് 332 ppi റിസല്യൂഷനുമാണ്, എല്‍ജിയുടെ ഓപ്ടിമസ് ജിയിലേത് 318 ppi യും.

മുന്തിയ സ്‌ക്രീന്‍ മാത്രമല്ല, സ്‌ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രൊ പ്രൊസസര്‍ കരുത്തു പകരുന്നതാണ് ജെ ബട്ടര്‍ഫ്ലൈ.

ഇഗ്‌സോ ടെക്‌നോളജി
അക്വോസ് പാഡ്‌


സ്റ്റാന്‍ഡേര്‍ഡ് 'തിന്‍ ഫിലിം ട്രാന്‍സ്‌സിസ്റ്റര്‍' (ടി.എഫ്.ടി) എല്‍സിഡികള്‍ക്ക് പകരം 'ഇന്‍ഡിയം ഗാലിയം സിങ്ക് ഓക്‌സൈഡ്' (Igzo) സ്‌ക്രീനാണ്, ഷാര്‍പ്പ് അതിന്റെ അക്വോസ് പാഡ് ടാബ്‌ലറ്റില്‍ ഉപയോഗിച്ചുട്ടുള്ളത്.

ബാക്ക്‌ലൈറ്റിങിന് കുറച്ച് എല്‍ഇഡികള്‍ മതിയെന്നതാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണം. കുറഞ്ഞ വൈദ്യുതിയില്‍ ഉയര്‍ന്ന ദൃശ്യമികവ് സാധ്യമാകുന്നതാണിത്.

ദൃശ്യമികവ് മാത്രമല്ല, ടച്ച് മികവും അക്വോസ് പാഡിലെ സ്‌ക്രീനിനുണ്ടെന്ന് ഷാര്‍പ്പ് പറയുന്നു. അതിനാല്‍, സ്റ്റൈലസ് ഉപയോഗിച്ച് എഴുതാനുള്ള സൗകര്യത്തിന്റെ കാര്യത്തില്‍ ഈ ടാബ്‌ലറ്റ് പ്രതിയോഗികളെ പിന്നിലാക്കുന്നു.

ഏഴിഞ്ച് സ്‌ക്രീനാണ് അക്വോസ് പാഡിലേത്. ഇതെ സാങ്കേതികവിദ്യ ഉപയോഗിച്ച് പത്തിഞ്ചോ 32 ഇഞ്ചോ വലിപ്പമുള്ള പാനലുകള്‍ നിര്‍മിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ഷാര്‍പ്പ് പറയുന്നു. വേണമെങ്കില്‍ പരമ്പരാഗത എല്‍സിഡി സ്‌ക്രീനുകള്‍ക്ക് പകരം ഡെസ്‌ക് ടോപ്പുകള്‍ക്ക് ഇഗ്‌സോ സ്‌ക്രീനുകള്‍ ഉപയോഗിക്കാനാകും.

ഷാര്‍പ്പ് അതിന്റെ പുതിയ ടാബ്‌ലറ്റ് ആദ്യം വിപണിയിലെത്തിക്കുന്നതും ജപ്പാനിലാണ്. എന്നാല്‍, ഇതിന്റെ വിലയെക്കുറിച്ച് സൂചനയൊന്നും കമ്പനി നല്‍കിയിട്ടില്ല.
TAGS:


Stories in this Section