കേരളത്തിന് ഒരു വലിയ ഹായ്

Posted on: 04 Nov 2012


-ബി.എസ്‌
എല്ലാത്തിനും ഇ-ഉത്തരമുള്ള ഈ കാലത്ത് സൗഹൃദം കാത്തുസൂക്ഷിക്കാന്‍ സെല്‍ഫോണും ഇന്റര്‍നെറ്റും ഒഴിവാക്കാനാവത്ത രണ്ട് ഉപാധികളാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന 'രാസനാമ'ത്തിലറിയപ്പെടുന്ന സൗഹൃദക്കൂട്ടായ്മകളിലേക്ക് നമ്മളെത്തുന്നതും ഈ രണ്ടു വഴിയിലൂടെയാണ്. കേരളത്തില്‍ ഉദയംചെയ്ത 'ഹികേരള ഡോട്ട് കോമി'ലേക്ക് (www.hikerala.com) എത്താനും ഈ വഴികള്‍ മതി.

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ നിരയിലേക്ക് എന്തുകൊണ്ടും 'ഹികേരള'യെ പ്രതിഷ്ഠിക്കാം. സുഹൃത്തുക്കളോട് സംവദിക്കാന്‍ പൊതുചുമരുണ്ട്. അവിടെ അയല്‍പക്കക്കാരെയും സുഹൃത്തുക്കളേയും കാണാന്‍ രണ്ട് ഓപ്ഷനുകള്‍. വീഡിയോയും ചിത്രവുമെല്ലാം അപ്‌ലോഡുചെയ്യാം, അനായാനമായി തന്നെ. ചാറ്റു ചെയ്ത് കൂട്ടുകൂടാനും അവസരമുണ്ട്.

'ഹികേരള'യില്‍ അംഗമാകുമ്പോള്‍ തന്നെ നമ്മളെ സ്വന്തം നാട്ടുകാരുടെയിടയിലേക്ക് നയിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി. പേരും സ്ഥലവും പ്രാദേശിക ഭേദവും നിശ്ചയിക്കുമ്പോള്‍ തന്നെ നമ്മുടെ പൊതുചുമരില്‍ ആരൊക്കെ പ്രത്യക്ഷപ്പെടണമെന്ന് സൈറ്റ് തീരുമാനിക്കും. അകത്ത് കയറിച്ചെല്ലുമ്പോള്‍ ആദ്യം നമ്മള്‍ കാണുക നമ്മുടെ നാട്ടുകാരെയാകും. ഇന്റര്‍നെറ്റിലെ ഏതെങ്കിലും ഒരു കോണില്‍ അനുവാദമില്ലാതെ കയറിച്ചെല്ലുന്ന അപരിചിതന്റെ ഭാവമാകില്ല നമ്മുടെ മുഖത്ത് അപ്പോഴുണ്ടാകുക.

തുടക്കത്തില്‍ ഒട്ടേറെ സമ്മാനങ്ങളും ഹികേരള പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുചുമരില്‍ ഇടുന്ന പോസ്റ്റുകളും കൂട്ടുകാരെ കൂട്ടുന്നതുമൊക്കെ കണക്കാക്കി നിശ്ചിത പോയന്റുകള്‍ക്ക് സമ്മാനം വീട്ടിലെത്തും. റിസ്റ്റ് ബാന്‍ഡ്, പെന്‍ഡ്രൈവ്, ക്യാമറ മുതല്‍ ലാപ്‌ടോപ്പുവരെ സൈറ്റ് വാഗ്ദാനം ചെയ്യുന്നു.

സൗഹൃദത്തിന്റെ 'ഇ-ലോക'ത്ത് ഈ പുതിയ ലോകം കെട്ടിപ്പടുത്തത് തൃശൂരുകാരനായ മുഹമ്മദ് ഷഹീറാണ്. ബാംഗ്ലൂരിലെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്ന കാലത്ത് തലയിലുദിച്ച ആശയമാണ് പഠനവും പ്രവാസജീവിതവും കഴിഞ്ഞ് യാഥാര്‍ത്ഥ്യമായത്.

നിലവില്‍വന്ന് രണ്ടുമാസത്തിനകം അംഗങ്ങളുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞു. ദിനംപ്രതി ഹികേരളയില്‍ ഹായ് പറയാനെത്തുന്നവരുടെ എണ്ണവും കൂടിവരുന്നു. കൊച്ചി ആസ്ഥാനമാക്കി ഹികേരളക്കു ചുറ്റും ഊണും ഉറക്കവുമില്ലാതെ അലഞ്ഞ ഷഹീറിനും കൂട്ടുകാര്‍ക്കും സന്തോഷം. ഡെസ്‌ക്ടോപ്പ് പതിപ്പ് മാത്രമല്ല സ്മാര്‍ട്ട് ഫോണിന് അനുയേജ്യമായ മൊബൈല്‍ പതിപ്പും ലളിതം മനോഹരം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഡെക്‌സ്‌ടോപ്പ് പതിപ്പിനേക്കാള്‍ പ്രിയം മൊബൈല്‍ പതിപ്പിനാണെന്ന വസ്തുത ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം.
TAGS:
hikerala  |  social network  |  social media  |  kerala 


Stories in this Section