ഗുരുത്വാകര്‍ഷണബലം വിളക്ക് കത്തിക്കാനും

Posted on: 17 Dec 2012


-സുജത് കുമാര്‍
ഇന്ത്യയെപ്പോലുള്ള മൂന്നാംലോകരാഷ്ട്രങ്ങളിലെ വിദൂര പ്രദേശങ്ങളിലും ആദിവാസി ഗോത്ര മേഖലകളിലും വൈദ്യുതി ഇന്നും ഒരു കിട്ടാക്കനിയാണ്. അത്തരം പ്രദേശങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ സൗരോര്‍ജം മുതല്‍ കാറ്റാടിയന്ത്രം വരെയുള്ള പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളുടെ സഹായം തേടാറുണ്ട്.

എന്നാല്‍, ചെലവ് കൂടും എന്നതാണ് അത്തരം പാരമ്പര്യേതര ഊര്‍ജനിര്‍മാണ മാര്‍ഗങ്ങളുടെ പ്രധാന ന്യൂനത. മാത്രമല്ല, തകരാറുകള്‍ക്കുള്ള സാധ്യതയും അത്തരം സങ്കേതങ്ങള്‍ക്ക് കൂടുതലാണ്.

ഇത്തരം പരമ്പര്യേതര മാര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചെറിയ മുതല്‍ മുടക്കില്‍ നല്ല വെളിച്ചം നല്‍കാന്‍ സഹായിക്കുന്ന ഒരു വിളക്കുമായെത്തിരിക്കുകയാണ്, മാര്‍ട്ടിന്‍ ലഡ്ഡിഫോര്‍ഡ്, ജിം റീവ്‌സ് എന്നീ ബ്രിട്ടീഷ് എന്‍ജിനിയര്‍മാര്‍. 'ഗ്രാവിറ്റി ലൈറ്റാ'(GravityLigth)ണ് അവര്‍ രംഗത്തെത്തിച്ചിരിക്കുന്നത്.

പേര് സൂചിപ്പിക്കുംപോലെ ഗ്രാവിറ്റി അഥവാ ഗുരുത്വാകര്‍ഷണം മൂലമുള്ള ഭാരമാണ് ഈ വിളക്ക് തെളിയാന്‍ ഉപയോഗപ്പെടുത്തുന്നത്. സ്വീകരണ മുറികളെ അലങ്കരിക്കുന്ന ഗ്രാന്‍ഡ്ഫാദര്‍ ക്ലോക്കുകളുടെ അതേ സാങ്കേതിക വിദ്യയാണ് ഗ്രാവിറ്റി ലൈറ്റിലും ഉപയോഗിച്ചിരുന്നത്.


ഗ്രാവിറ്റി ലൈറ്റില്‍ നിന്നും അരമണിക്കൂര്‍ നേരം വെളിച്ചം ലഭിക്കാന്‍ പത്തു കിലോഗ്രാം ഭാരം (കല്ലോ മണ്ണോ മണലോ എന്തുമാകാം) ഒരു സഞ്ചിയില്‍ തൂക്കിയിട്ടാല്‍ മാത്രം മതി!

കൈകൊണ്ട് കറക്കി ചാര്‍ജ്ജ് ചെയ്യാവുന്ന റേഡിയോയും ടോര്‍ച്ചുമെല്ലാം ഇപ്പോള്‍ സാധാരണയാണ്. എന്നാല്‍, അവയ്‌ക്കൊന്നുമില്ലാത്ത മേന്മകള്‍ ഗ്രാവിറ്റി ലാമ്പിനുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

വിപണിയില്‍ ലഭ്യമായ കറക്കി ചാര്‍ജുചെയ്യാവുന്ന ഉപകരണങ്ങളിലെല്ലാം കുറച്ചു നേരത്തേക്കു മാത്രമേ ഊര്‍ജം സംഭരിച്ചു വെയ്ക്കാന്‍ സാധിക്കൂ. മാത്രമല്ല, ഇതിനായി ഏതാനും മിനിട്ടുകള്‍ തിരിക്കുകയോ ലിവര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഒക്കെ വേണം. എന്നാല്‍, ഗ്രാവിറ്റി ലൈറ്റിലാകട്ടെ ഭാരം വീണ്ടും തൂക്കിയിടാനെടുക്കുന്ന ഏതാനും സെക്കന്റുകള്‍ മാത്രമാണ് 'റീച്ചാര്‍ജ് സമയം'.

വളരെ ലളിതമായ സാങ്കേതികവിദ്യയാണ് ഈ ലൈറ്റിന് പിന്നിലുള്ളത്. ഭാരം തൂക്കിയിടുന്ന ബെല്‍റ്റ് ഒരു ചക്രത്തെ ചുറ്റിത്തിരിയുമ്പോള്‍ അതുമായി ബന്ധിച്ചിരിക്കുന്ന ഒരുകൂട്ടം പല്‍ചക്രങ്ങള്‍ ഡൈനാമോയുടെ റോട്ടറിനെ കറക്കി എല്‍. ഇ. ഡി. ലൈറ്റ് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം നല്‍കുന്നു.

എന്നുവെച്ചാല്‍, വിളക്ക് വാങ്ങുന്നതിനുള്ള ചെലവില്‍ കവിഞ്ഞ് ഇതിന് പ്രത്യേകമായി യാതൊരു പരിപാലനച്ചെലവും ഇല്ല. വ്യാവസായികമായി നിര്‍മിക്കുകയാണെങ്കില്‍ നിര്‍മാണച്ചെലവ് വെറും അഞ്ചു ഡോളറിനകത്ത് മാത്രമേ വരൂ.

എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ഗ്രാവിറ്റി ലൈറ്റ് ഒരു ബിസിനസ് സംരംഭം എന്ന രീതിയിലല്ല നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ വൈദ്യുതി ഇത്തിപ്പെട്ടിട്ടില്ലാത്ത ആദിവാസി മേഖലകളില്‍ ഇത്തരത്തിലുള്ള വിളക്കുകള്‍ സൗജന്യമായി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അതിനായി പ്രമുഖ ഓണ്‍ലൈന്‍ ഫണ്ട് സമാഹരണ സൈറ്റായ ഇന്‍ഡിഗോഗോ വഴി ധനസമാഹരണവും നടത്തുന്നു.


ഗ്രാവിറ്റി ലൈറ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ ഫോണും ഐപാഡും ചാര്‍ജുചെയ്യാന്‍ പറ്റുമോ എന്നൊരു സ്വാഭാവിക സംശയം മിക്കവര്‍ക്കും ഉണ്ടായേക്കാം. മൊബൈല്‍ ഫോണിനെക്കുറിച്ചു കേട്ടുകേള്‍വി പോലുമില്ലാത്തയിടങ്ങളില്‍ വൈദ്യുത വെളിച്ചമെത്തിക്കുക എന്ന പ്രാഥമിക ദൗത്യത്തിനു മുന്‍ഗണന നല്‍കിയിരിക്കുന്നതിനാല്‍, ഇപ്പോള്‍ ചാര്‍ജിങ് സൗകര്യം ഗ്രാവിറ്റില്‍ ലൈറ്റില്‍ ലഭ്യമാക്കിയിട്ടില്ല.

ആരംഭഘട്ടത്തില്‍ ആയിരം ഗ്രാവിറ്റി ലൈറ്റുകള്‍ സൗജന്യമായി ഇന്ത്യയിലും ആഫ്രിക്കയിലും വിതരണം ചെയ്യും. യഥാര്‍ത്ഥ ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം പരിഷ്‌കരണങ്ങള്‍ വേണം എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനും പദ്ധതിയുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗ്രാവിറ്റി ലൈറ്റിന്റെ നിര്‍മ്മാണ വിതരണ സഹായത്തിനായി ഇതിനകം തന്നെ നിര്‍മ്മാതാക്കളായ ഡെസിവാട്ടിന് ഏജന്‍സികളെ ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താത്പര്യമുള്ള എന്‍.ജി.ഓകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ഡെസിവാട്ടുമായി ബന്ധപ്പെടാവുന്നതാണ്.

GravityLight: lighting for the developing countries from T4 on Vimeo.
Stories in this Section