നാസ ഉപഗ്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചു; ഇനിയവിടം സാലി റൈഡിന്റെ സ്മാരകം

Posted on: 18 Dec 2012ഗ്രെയ്ല്‍ ദൗത്യം


നാസയുടെ ചാന്ദ്രപര്യവേക്ഷണ പേടകങ്ങളായ എബ്ബും ഫ് ളോയും ഒരുവര്‍ഷം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ചന്ദ്രനില്‍ പതിച്ചു. ചന്ദ്രന്റെ വടക്കന്‍ ഭാഗത്ത് രണ്ടുകിലോമീറ്റര്‍ ഉയരമുള്ള പര്‍വതപ്രദേശത്ത് ഉപഗ്രഹങ്ങള്‍ പതിച്ച പ്രദേശം, ഇനി മുതല്‍ യു.എസ്.ബഹിരാകാശ സഞ്ചാരി സാലി റൈഡിന്റെ സ്മാരകമായി അറിയപ്പെടും.

ചന്ദ്രനില്‍ ഗ്രാവിറ്റി മാപ്പിങിന് നാസ അയച്ച എബ്ബും ഫ് ളോയും ചേര്‍ന്ന് 'ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ഇന്റേണല്‍ ലബോറട്ടറി' അഥവാ 'ഗ്രെയ്ല്‍' (Grail) എന്നാണ് അറിയപ്പെടുന്നത്. ഇരു പേടകങ്ങളും ചന്ദ്രപ്രതലത്തില്‍ പരസ്പരം മൂന്നു കിലോമീറ്റര്‍ അകലമുള്ള സ്ഥാനങ്ങളിലാണ് വീണത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നു മണിക്ക് ശേഷം ഗ്രെയ്ല്‍ പേടകങ്ങളില്‍ നിന്നുള്ള സിഗ്നലുകളൊന്നും ലഭിച്ചില്ലെന്ന് നാസ അറിയിച്ചു.

ഗ്രെയ്ല്‍ പതിച്ച മേഖല സാലി റൈഡിന്റെ പേരില്‍ അറിയപ്പെടും


പേടകങ്ങള്‍ ചന്ദ്രപ്രതലത്തില്‍ പതിച്ച ശേഷമാണ്, ആ പ്രദേശം സാലി റൈഡിന്റെ പേരില്‍ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചത്. ആദ്യ അമേരിക്കന്‍ വനിതാ ബഹിരാകാശ സഞ്ചാരിയായ സാലി റൈഡ് ഈവര്‍ഷം ആദ്യമാണ് മരിച്ചത്.

ഒരുവര്‍ഷം ഗ്രെയ്ല്‍ നടത്തിയ ചാന്ദ്ര നിരീക്ഷണങ്ങളുടെ ഡേറ്റ ഗവേഷകര്‍ ഇതുവരെയും വിശകലനം ചെയ്തു തീര്‍ന്നിട്ടില്ല. എങ്ങനെയാണ് ചന്ദ്രന്‍ രൂപപ്പെട്ടതെന്നും ഇന്നത്തെ നിലയ്‌ക്കെത്തിയതെന്നും വ്യക്തത വരാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ഗ്രെയ്ല്‍ നല്‍കിയതായി, ദൗത്യത്തിന്റെ മുഖ്യഗവേഷകയും മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ ശാസ്ത്രജ്ഞയുമായ പ്രൊഫ.മരിയ സുബര്‍ അറിയിച്ചു.

ഗ്രെയ്ല്‍ ഗ്രാവിറ്റി ഡേറ്റ ഉപയോഗിച്ചുണ്ടാക്കിയ ചന്ദ്രന്റെ ദൃശ്യം


ചന്ദ്രപ്രതലത്തില്‍ വിവിധ മേഖലകളില്‍ ഗുരുത്വാകര്‍ഷണം എങ്ങനെ സൂക്ഷ്മമായി വ്യത്യാസപ്പെടുന്നു എന്നത് സംബന്ധിച്ച നൂതന മാപ്പുകള്‍ രൂപപ്പെടുത്താന്‍ ഗ്രെയ്ല്‍ പേടകങ്ങളുടെ നിരീക്ഷണം വഴിയൊരുക്കി. ഭാവിയില്‍ ഗ്രഹപഠനശാഖയുടെ പല മേഖലകളിലും മാറ്റമുണ്ടാകാന്‍ ഗ്രെയ്ല്‍ നല്‍കിയ വിവരങ്ങള്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു (ചിത്രങ്ങള്‍ കടപ്പാട്: നാസ)
TAGS:
grail mission  |  nasa  |  astronomy  |  lunar mission  |  moon  |  sally ride 


Stories in this Section