വീട്ടിലേക്കുള്ള വഴി പറഞ്ഞുതരും ഷൂ

Posted on: 16 Sep 2012


-സ്വന്തം ലേഖകന്‍
വീട്ടിലേക്കുള്ള വഴി പറഞ്ഞു തരുന്ന അത്ഭുതഷൂവിന്റെ കഥ നിങ്ങള്‍ നാടോടിക്കഥകളിലും മറ്റും വായിച്ചിട്ടുണ്ടാകാം. അത്തരമൊരു ആശയം പ്രായോഗിമാക്കാന്‍ തുനിഞ്ഞാലോ. ഭ്രാന്തന്‍ ഏര്‍പ്പാട് എന്ന് മിക്കവരും അതിനെ വിശേഷിപ്പിച്ചേക്കാം.

എന്നാല്‍, ബ്രിട്ടീഷ് ഡിസൈനര്‍ ഡൊമിനിക് വില്‍കോക്‌സിന് ഇതൊരു ഭ്രാന്തന്‍ ആശയമോ, അപ്രായോഗിക ബുദ്ധിയോ അല്ല. ധരിക്കുന്നയാള്‍ക്ക് വീട്ടിലേക്കുള്ള വഴി പറഞ്ഞുതരുന്ന ഷൂവിന്റെ ആദ്യരൂപം നിര്‍മിച്ചിരിക്കുകയാണ് അദ്ദേഹം; ജി.പി.എസ്.സങ്കേതത്തിന്റെ സഹായത്തോടെ!

'നോ പ്ലെയ്‌സ് ലൈക്ക് ഹോം ജിപിഎസ് ഷൂസ്'
('No Place Like Home GPS Shoes') എന്ന് കാവ്യത്മകമായി വിളിക്കുന്ന ഷൂവിനെ, നിങ്ങള്‍ 'ലോകത്തെവിടെയാണെങ്കിലും നിങ്ങളുടെ മണ്‍കൂരയിലെത്തിക്കാന്‍ പാകത്തില്‍ പ്രോഗ്രാംചെയ്തതാണെ'ന്ന് വില്‍കോക്‌സ് പറയുന്നു.

'ദി വിസാര്‍ഡ് ഓഫ് ഓസ്' (The Wizard of Oz) എന്ന നോവലിലെ മുഖ്യകഥാപാത്രമായ ഡൊറോത്തി ഗെയ്‌ലില്‍ നിന്നാണ് ജിപിഎസ് ഷൂസിനുള്ള പ്രചോദനം തനിക്ക് ലഭിച്ചതെന്ന് വില്‍കോക്‌സ് വെളിപ്പെടുത്തുന്നു. ഫാന്റസി ലോകത്തുനിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന കഥാപാത്രമാണത്.

ഡൊറോത്തിക്ക് അവളുടെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഷൂവിലൊന്ന് ക്ലിക്ക് ചെയ്താല്‍ മതിയായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ചിന്തിച്ചു-തന്റെ വെബ്‌സൈറ്റില്‍ വില്‍കോക്‌സ് പറഞ്ഞു.


ആണുങ്ങള്‍ക്കുള്ള ഒരുജോഡി തുകല്‍ഷൂവാണ് വില്‍കോക്‌സ് ഡിസൈന്‍ ചെയ്തത്. ഇടതുകാലിന്റെ ഉപ്പുറ്റിഭാഗത്ത് ജിപിഎസ് റിസീവര്‍ സ്ഥിതിചെയ്യുന്നു. ഷൂവിന്റെ പിന്‍ഭാഗത്ത് ചുവന്ന നിറത്തിലുള്ള ടാഗിനൊപ്പം ആന്റിനയും ഘടിപ്പിച്ചിരിക്കുന്നു.

മാപ്പിങ് സോഫ്റ്റ്‌വേറിന്റെയും യു.എസ്.ബി.കേബിളിന്റെയും സഹായത്തോടെ, ലക്ഷ്യസ്ഥാനം ഏതാണെന്ന് യൂസര്‍ തന്റെ ഷൂവില്‍ അപ്‌ലോഡ് ചെയ്യണം. ജിപിഎസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഹീലില്‍ ഒന്നു ക്ലിക്കുചെയ്താല്‍ മതി.

ഇരുഷൂവിന്റെയും മുന്‍ഭാഗത്ത് മുകളിലായി രണ്ടുനിര വ്യത്യസ്ത എല്‍.ഇ.ഡി.ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇനി എത്രദൂരം പോകാനുണ്ടെന്ന് സൂചിപ്പിക്കുന്ന 'പ്രോഗ്രസ്സ് ബാര്‍' ആണ് വലതുഷൂവിന്റെ മുന്‍ഭാഗത്തുള്ളത്. ഇടതുഷൂവില്‍ ലൈറ്റുകളുടെ ഒരു വലയമാണുള്ളത്. ഏത് ദിശയിലാണ് വീടെന്ന് ആ വലയത്തിലെ ലൈറ്റുകള്‍ കാട്ടിത്തരും.

ഇംഗ്ലണ്ടില്‍ ഷൂസ് നിര്‍മാണത്തിന് പ്രസിദ്ധിയാര്‍ജിച്ച നോര്‍താംടോന്‍ഷൈറിലെ ഗ്ലോബല്‍ ഫൂട്പ്രിന്റ് പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഷൂസ് നിര്‍മാണം കമ്മീഷന്‍ ചെയ്യപ്പെട്ടത്.

No Place Like Home from Dominic Wilcox on Vimeo.


TAGS:


Stories in this Section