ഗൂഗിള്‍ റീഡര്‍ നിര്‍ത്തുന്നു; ജൂലായ് വരെ മാത്രം

Posted on: 15 Mar 2013
ഉപയോഗം കുറഞ്ഞതിനെ തുടര്‍ന്ന് തങ്ങളുടെ ആര്‍.എസ്.എസ്.ന്യൂസ്ഫീഡ് സര്‍വീസ് നിര്‍ത്തലാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. അടുത്ത ജൂലായില്‍ 'ഗൂഗിള്‍ റീഡര്‍' നിര്‍ത്തലാക്കും.

ഉത്പന്നങ്ങളുടെ എണ്ണം കുറയ്ക്കാനും, നിശ്ചിത എണ്ണം ഉത്പന്നങ്ങളിലും സര്‍വീസുകളിലും കൂടുതല്‍ ശ്രദ്ധിക്കാനും നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഗൂഗിള്‍ സൂചിപ്പിച്ചു. ഗൂഗിള്‍ റീഡറിന്റെ ഉപയോഗം കാര്യമായി കുറഞ്ഞ കാര്യം ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഈ തീരുമാനം പുറത്തുവന്ന് ഏതാനും മണിക്കൂറുകള്‍ക്കകം, ഗൂഗിള്‍ റീഡര്‍ നിര്‍ത്തലാക്കുന്നതിന് എതിരെയുള്ള പരാതിയില്‍ 25,000 ലേറെ ആളുകള്‍ ഒപ്പുവെച്ചു.

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ ഗൂഗിള്‍ പ്ലസിലേക്ക് (Google+) കൂടുതല്‍ ആളെ ആകര്‍ഷിക്കാനാണ്, ജനപ്രിയമല്ലാത്ത മറ്റ് സര്‍വീസുകള്‍ ഗൂഗിള്‍ നിര്‍ത്തലാക്കുന്നത്.

ഗൂഗിള്‍ റീഡറിലുള്ള ഡേറ്റ പകരം സര്‍വീസുകളില്‍ ഉപയോഗിക്കണം എന്നുള്ളവര്‍ക്ക്, 'ഗൂഗിള്‍ ടേക്കൗട്ട്' (Google Takeout) സര്‍വീസിന്റെ സഹായത്തോടെ അതിന് അവസരമുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.

2005 ലാണ് ഗൂഗിള്‍ റീഡര്‍ തുടങ്ങിയത്. റീയലി സിംപിള്‍ സിന്‍ഡിക്കേഷന്‍ (ആര്‍.എസ്.എസ്) ഫീഡുകള്‍ വഴി, ഇഷ്ടപ്പെട്ട സൈറ്റുകളും ബ്ലോഗുകളും വായിക്കാന്‍ സൗകര്യമൊരുക്കുന്ന സര്‍വീസാണത്.


Stories in this Section