ഇന്ത്യന്‍ ഡെവലപ്പര്‍മാര്‍ക്കും ഇനി ആന്‍ഡ്രോയിഡ് ആപ്‌സ് വില്‍ക്കാം

Posted on: 21 Oct 2012


-സ്വന്തം ലേഖകന്‍
രാജ്യത്തെ ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍നിന്നുള്ള ഡെവലപ്പര്‍മാര്‍ക്ക് ഇത്രകാലവും 'ഗൂഗിള്‍ പ്ലേ'യില്‍ സൗജന്യ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇനി ആപ്‌സ് കാശിന് വില്‍ക്കാം.

ഗൂഗിള്‍ പ്ലേയില്‍ ഇന്ത്യയില്‍നിന്നുള്ള ആന്‍ഡ്രോയിഡ് ആപ്‌സ് വില്‍ക്കാന്‍ അനുവദിക്കുന്ന കാര്യം, 'ആന്‍ഡ്രോയിഡ് ഡെവലപ്പേഴ്‌സ് ബ്ലോഗി'ല്‍ ഗൂഗിള്‍ പ്ലേ പ്രോഡക്ട് മാനേജര്‍ ഇബ്രാഹിം എല്‍ബൗചികിയാണ് അറിയിച്ചത്.

ഇന്ത്യയിലുള്ള ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്രാദേശിക നാണയമുപയോഗിച്ചുതന്നെ ഇനി മുതല്‍ ആപ്‌സ് ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് മറ്റൊരു പുതിയ മാറ്റം. ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ സംഖ്യ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗൂഗിള്‍ ഈ തീരുമാനമെടുത്തത്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 400 ശതമാനം വര്‍ധനയാണ് ഇന്ത്യയിലുണ്ടായതെന്ന് എല്‍ബൗചികി പറഞ്ഞു. സ്വാഭാവികമായും ഗൂഗിള്‍ പ്ലേയില്‍നിന്ന് ആന്‍ഡ്രോയിഡ് ആപ്‌സ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധന തന്നെ ഉണ്ടായി.

മൂന്നുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതിലുമധികം ആന്‍ഡ്രോയിഡ് ആപ്‌സ്, കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ആപ്‌സ് ഡൗണ്‍ലോഡിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വിപണിയായി ഇന്ത്യ മാറുകയാണ്. ഭീമമായ ഈ വളര്‍ച്ചയുടെ ഗുണം ഡെവലപ്പര്‍മാര്‍ക്കുംകൂടി ലഭിക്കാനാണ് പുതിയ തീരുമാനമെന്ന് ബ്ലോഗ് പറയുന്നു.

'ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന്‍ഡ്രോയിഡ് ഡെലവപ്പറാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ ഡെവലപ്പര്‍ കണ്‍സോളില്‍ സൈനിങ് ചെയ്തുകൊണ്ട്, ഒരു ഗൂഗിള്‍ ചെക്കൗട്ട് മര്‍ച്ചന്റ് അക്കൗണ്ട് രൂപീകരിച്ചുകൊണ്ട് ഇപ്പോള്‍ മുതല്‍ തുടങ്ങാം'-എല്‍ബൗചികി വ്യക്തമാക്കി.

TAGS:
google play  |  android  |  indian developers  |  google  |  android apps  |  mobile apps 


Stories in this Section