ഗൂഗിള്‍ നെക്‌സസ് 7 (2012) ഇന്ത്യയില്‍ 11,999 രൂപയ്ക്ക്

Posted on: 29 Jul 2013
ഗൂഗിളിന്റെ ഏഴിഞ്ച് ടാബ്‌ലറ്റായ നെക്‌സസ് 7 ന്റെ 2012 വകഭേദം ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണ്‍ ഇന്ത്യ 11,999 രൂപയ്ക്ക് വില്‍ക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോഴും 15,999 രൂപ വിലയുള്ള ടാബാണ് ഈ വിലയ്ക്ക് ആമസോണ്‍ നല്‍കുന്നത്.

ഗൂഗിള്‍ അതിന്റെ ഏഴിഞ്ച് ടാബ്‌ലറ്റായ നെക്‌സസ് 7 ന്റെ പൂര്‍ണ എച്ച്ഡി വകഭേദം കഴിഞ്ഞയാഴ്ച്ച അവതരിപ്പിച്ചതേയുള്ളൂ. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ അതെത്താന്‍ സമയമെടുക്കും. ഇപ്പോള്‍ ആമസോണ്‍ 11,999 രൂപയ്ക്ക് വില്‍ക്കുന്ന മോഡല്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വിഴി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത് കഴിഞ്ഞ മാര്‍ച്ചില്‍ മാത്രമാണ്.

നെക്‌സസ് 7 (2012 ) ന്റെ 16 ജിബി, വൈഫൈ മോഡലാണ് ആമസോണ്‍ ഇന്ത്യ 11,999 രൂപയ്ക്ക് വില്‍ക്കാനാരംഭിച്ചിരിക്കുന്നത്. 32 ജിബി മോഡലിന് 15,999 രൂപയാണ് ആമസോണില്‍ വില. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ രണ്ട് മോഡലുകള്‍ക്കും യഥാക്രമം 15,999 രൂപയും 18,999 രൂപയുമാണ് വില.

1280 X 800 പിക്‌സല്‍ റിസല്യൂഷനോടു കൂടിയ ഏഴിഞ്ച് ഐ.പി.എസ്.ഡിസ്‌പ്ലെയുള്ള നെക്‌സസ് 7 (2012 ) പ്രവര്‍ത്തിക്കുന്നത്, 1.2 ജിഎച്ച്‌സെഡ് എന്‍വിഡിയ ടെഗ്ര 3 ക്വാഡ് കോര്‍ പ്രൊസസറിന്റെ കരുത്തിലാണ്. 1 ജിബി റാം, 1.2 മെഗാപിക്‌സല്‍ ക്യാമറ, 4325 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഈ ടാബ്‌ലറ്റ് മോഡലില്‍ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.


Stories in this Section