നെക്‌സസ് 4 സ്മാര്‍ട്ട്‌ഫോണുമായി ഗൂഗിള്‍; ഒപ്പം നെക്‌സസ് 10 ടാബ്‌ലറ്റും

Posted on: 30 Oct 2012


-സ്വന്തം ലേഖകന്‍
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരത്തിന് മാറ്റുകൂട്ടാന്‍ ഗൂഗിളിന്റെ നെക്‌സസ് 4 എത്തി. 4.7 ഏഴിഞ്ച് ഡിസ്‌പ്ലെയോട് കൂടിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ എല്‍.ജി.യാണ് നിര്‍മിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 5 നോടും, സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 3 യോടും നേരിട്ട് മത്സരിക്കാനാണ് നെക്‌സസ് 4 എത്തുന്നത്.

മാത്രമല്ല, ടാബ്‌ലറ്റ് കമ്പ്യൂട്ടറായ നെക്‌സസ് 7 ന്റെ വലിപ്പംകൂടിയ പതിപ്പും ഗൂഗിള്‍ അവതരിപ്പിച്ചു. ആപ്പിള്‍ ഐപാഡ് മിനി അവതരിപ്പിച്ചതിന് പിന്നാലെയാണ്, വലിപ്പമേറിയ ടാബ്‌ലറ്റായ നെക്‌സസ് 10 ഗൂഗിള്‍ രംഗത്തെത്തിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്.

അമേരിക്കയില്‍ രണ്ടുവര്‍ഷത്തെ കരാറോടുകൂടി 199 ഡോളര്‍ ആണ് നെക്‌സസ് 4 സ്മാര്‍ട്ട്‌ഫോണിന്റെ വില. കരാറില്ലാതെ നെക്‌സസ് 4 ന്റെ എട്ട് ജിബി മോഡലിന് 299 ഡോളറും (ഏതാണ്ട് 16000 രൂപ), 16 ജിബി മോഡലിന് 349 ഡോളറും (ഏതാണ്ട് 19000 രൂപ) ആണ് വില.


ജെല്ലി ബീന്‍ എന്നറിയപ്പെടുന്ന ആന്‍ഡ്രോയിഡ് 4.2 വേര്‍ഷനിലാണ് നെക്‌സസ് 4 പ്രവര്‍ത്തിക്കുക. ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ എസ്4 പ്രോ പ്രസസര്‍ ഫോണിന് കരുത്ത് പകരും. രണ്ട് ജിബി റാമാണ് ഫോണിന്റെ മെമ്മറി. മുഖ്യക്യാമറ എട്ട് എംപിയും ഫ്രണ്ട് ക്യാമറ 1.3 എംപിയും ശേഷിയുള്ളതാണ്.

1280 x 768 പിക്‌സല്‍ റിസല്യൂഷന്‍ (320 ppi) ഉള്ള 4.7 ഇഞ്ച് സ്‌ക്രീന്‍ ഐഫോണ്‍ 5 നെക്കാള്‍ വലുതും, ഗാലക്‌സി എസ് 3 യുടേതിനെക്കാള്‍ അല്‍പ്പം ചെറുതുമാണ്. ഫോണിന്റെ ഭാരം 139 ഗ്രാം. 2100 mAh ലിഥിയം പോളിമെര്‍ ബാറ്ററിയാണ് ഫോണിലുള്ളത്.

ത്രീജിയും വൈഫൈയും ഉള്‍പ്പടെ ആധുനികമായ കണക്ടിവിറ്റി സങ്കേതങ്ങളൊക്കെയുള്ള നെക്‌സസ് 4 ല്‍, മൈക്രോ യു.എസ്.ബി. പോര്‍ട്ടും, എന്‍.എഫ്.സി (ആന്‍ഡ്രോയിഡ് ബീം) സംവിധാനവുമുണ്ട്. മാത്രമല്ല, ഫോണിനെ വയര്‍ലെസ്സ് ആയി ചാര്‍ജ് ചെയ്യാനും കഴിയും.

നെക്‌സസ് 10 ടാബ്‌ലറ്റ്

മൈക്രോസോഫ്ട് അതിന്റെ സ്വന്തം ടാബ്‌ലറ്റായ 'സര്‍ഫേസ്' പുറത്തിറക്കിയത് കഴിഞ്ഞയാഴ്ചയാണ്. അതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആപ്പിളിന്റെ ഐപാഡ് മിനി അവതരിപ്പിക്കപ്പെട്ടത. അവയ്ക്ക് പിന്നാലെയാണ്, ഗൂഗിളിന്റെ പരിഷ്‌ക്കരിച്ച നെക്‌സസ് 10 ടാബ്‌ലറ്റ് എത്തുന്നത്.


സാംസങുമായി സഹകരിച്ച് നിര്‍മിക്കുന്ന നെക്‌സസ് 10 ല്‍ ലോകത്തെ 'ഏറ്റവും ഉയര്‍ന്ന റിസല്യൂഷനിലുള്ള ഡിസ്‌പ്ലെ'യാണുള്ളതെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഇഞ്ചൊന്നിന് 300 പിക്‌സല്‍സ് ആണ് (300ppi) നെക്‌സസ് 10 ന്റെ റിസല്യൂഷന്‍. ഐപാഡിലേത് 264ppi 'റെറ്റീന ഡിസ്‌പ്ലെ'യാണ്.

ഗൂഗിളിന്റെ പുതിയ 'പ്ലേ മ്യൂസിക് സര്‍വീസ്' ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആദ്യ ഉപകരണമായിരിക്കും നവംബറില്‍ 13 ന് വില്‍പ്പനെയ്‌ക്കെത്തുന്ന പത്തിഞ്ച് നെക്‌സസ് 10.

ജെല്ലി ബീന്‍ (ആന്‍ഡ്രോയിഡ് 4.2) പ്ലാറ്റ്‌ഫോമിലാണ് നെക്‌സസ് 10 പ്രവര്‍ത്തിക്കുക. 1.7 ഏവ്വ സാംസങ് ഇക്‌സിനോസ് ഡ്യുവല്‍ കോര്‍ പ്രൊസസറാണ് നെക്‌സസ് 10 ന് കരുത്തുപകരുക. രണ്ട് ജീബി റാം ഉണ്ടാകും. പത്ത് മണിക്കൂര്‍ ബാറ്ററി ബാക്കപ്പും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു.

നെക്‌സസ് 10 ന്റെ 16 ജിബി മോഡലിന് 400 ഡോളറും (ഏതാണ്ട് 21500 രൂപ), 32 ജിബി മോഡലിന് 500 ഡോളറും (27000 രൂപ) ആണ് വിലയിട്ടിരിക്കുന്നത്. അതേസമയം, ആപ്പിളിന്റെ 16 ജിബി മോഡലിന് 500 ഡോളറും, 32 ജിബി മോഡലിന് 600 ഡോളറും, 64 ജിബി മോഡലിന് 700 ഡോളറുമാണ് വില.
TAGS:
google nexus 4  |  android  |  android 4.2  |  google  |  lg nexus 4  |  nexus 10  |  tablet computers  |  smartphone  |  android phones 


Stories in this Section