ഐഫോണില്‍ ഗൂഗിള്‍ മാപ്‌സ് വീണ്ടും

Posted on: 13 Dec 2012


-സ്വന്തം ലേഖകന്‍
ഗൂഗിള്‍ മാപ്‌സ് വീണ്ടും ഐഫോണിലേക്ക് തിരിച്ചെത്തുന്നു. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന് (ഐഒഎസ്) വേണ്ടിയുള്ള മാപ്‌സ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പുറത്തിറക്കി. ഒരര്‍ഥത്തില്‍, ഐഫോണിലേക്ക് ഗൂഗിള്‍ മാപ്‌സിന്റെ രണ്ടാംവരവാണിത്.

ഐഫോണില്‍നിന്ന് ഗൂഗിള്‍ മാപ്‌സ് ആപ്പ് പോയപ്പോള്‍, ബ്രൗസറിലൂടെ വേണമായിരുന്നു ഗൂഗിള്‍ മാപ്‌സില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് എത്താന്‍. ഇനിയത് വേണ്ട, ആപ്ലിക്കേഷനായി തന്നെ ഗൂഗിള്‍ മാപ്‌സ് ഐഫോണില്‍ ലഭ്യമാകും.

ഐഫോണ്‍ ഉണ്ടായ കാലം മുതല്‍ അതിലെ ഡിഫോള്‍ട്ട് ആപ്‌സുകളിലൊന്ന് ഗൂഗിള്‍ മാപ്‌സ് ആയിരുന്നു. എന്നാല്‍, സ്വന്തം മാപ്പിങ് സര്‍വീസ് ഉപയോഗിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതോടെ കഥ മാറി. ഗൂഗിള്‍ മാപ്‌സ് ഐഫോണില്‍ ഡിഫോള്‍ട്ട് അല്ലാതായി.

കാലം മാറി, കഥ മാറി എന്ന മാതിരി അത് അവസാനിച്ചില്ല. ആപ്പിളിന്റെ സ്വന്തം മാപ്പ് ഐഫോണില്‍ ഉപയോഗിച്ചവര്‍ ഞെട്ടി. അടിമുടി പിശകുകള്‍ നിറഞ്ഞതാണ് ആ മാപ്പിങ് സര്‍വീസെന്ന് അവര്‍ കണ്ടു. ഒടുവില്‍ ആപ്പിള്‍ മേധാവിക്ക് ഉപഭോക്തളോട് ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. ആപ്പിളിന്റെ മാപ്പിങ് സര്‍വീസ് മെച്ചപ്പെടുത്തുന്നതു വരെ മറ്റേതെങ്കിലും മാപ്‌സ് ഉപയോഗിക്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്തു.

കഴിഞ്ഞ ജൂണിലാണ് തങ്ങള്‍ സ്വന്തം മാപ്പിങ് സര്‍വീസ് അവതരിപ്പിക്കുന്ന കാര്യം ആപ്പിള്‍ പ്രഖ്യാപിച്ചത്. അതിനായി ലൈസന്‍സുള്ള ഡേറ്റയും സ്വന്തം സോഫ്റ്റ്‌വേറും ആകും ഉപയോഗിക്കുകയെന്നും പ്രഖ്യാപിക്കപ്പെട്ടു. ഏവരും ആപ്പിള്‍ മാപ്പിനെ വലിയ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍, സപ്തംബറില്‍ മാപ്പിങ് സര്‍വീസ് രംഗത്തെത്തിയപ്പോഴാണ് അതാകെ തകരാര്‍ നിറഞ്ഞതാണെന്ന് കണ്ടത്.

ഗൂഗിളിന് വേണമെങ്കില്‍ സ്വന്തംനിലയ്ക്ക് ഒരു മാപ്‌സ് ആപ്പ് അന്നേ ഐഫോണിനായി രംഗത്തിറക്കാമായിരുന്നു. 'ഗൂഗിള്‍ മാപ്‌സിന്റെ വില ആപ്പിളൊന്ന് അറിയട്ടെ' എന്ന മട്ടില്‍ ഗൂഗിള്‍ ഇതുവരെ കാത്തു എന്നുവേണം കരുതാന്‍.

ഐഫോണില്‍ ഗൂഗിളിന്റെ മാപ്‌സ് ആപ് പുതിയതായി എത്തുമ്പോള്‍, അവിടെ മത്സരിക്കാന്‍ മറ്റൊരു ഏതിരാളിയുണ്ട് -നോക്കിയ. ഫിന്നിഷ് ഫോണ്‍ കമ്പനിയായ നോക്കിയ ഐഫോണിനായി സൗജന്യ മാപ്‌സ് ആപ് അവതരിപ്പിച്ചിട്ട് അധികനാളായില്ല. 'ഹിയര്‍' (HERE) എന്ന സൗജന്യ മാപ്പിങ് സേവനത്തിനൊപ്പമാണ്, ഐഫോണിനായി എച്ച്ടിഎംഎല്‍ 5 ആപ്ലിക്കേഷനും നോക്കിയ പുറത്തിറക്കിയത.

ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ മാപ്‌സ് ആപ്പിന്റെ പ്രത്യേകത, മുമ്പത്തെ ഐഫോണ്‍ ആപ്പിലില്ലാതിരുന്നു ചില ഫീച്ചറുകള്‍ കൂടുതലായുണ്ട് എന്നതാണ്. ഗൂഗിള്‍ മാപ്‌സിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ മാത്രമുണ്ടായിരുന്ന ചില ഫീച്ചറുകളാണ് ഐഫോണ്‍ ആപ്പിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വളവുകളും തിരിവുകളും ഉള്‍പ്പെട്ട ദിശാസൂചി ശബ്ദനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലഭിക്കുന്ന ഫീച്ചര്‍ ഐഫോണ്‍ ആപ്പില്‍ പുതിയതാണ്. സ്ട്രീറ്റ് വ്യൂ ബിസിനസ് ഫോട്ടോസ് സര്‍വീസില്‍ ചേര്‍ന്നിട്ടുള്ള കെട്ടിടങ്ങളുടെ ഉള്‍ഭാഗത്തെ പനോരമിക് ദൃശ്യങ്ങളാണ് മറ്റൊരു പുതിയ ഫീച്ചര്‍. വേറെയൊരെണ്ണം, വിവിധ കോണുകളില്‍ നിന്ന് കാണാവുന്ന വിധത്തില്‍ ബില്‍ഡിങുകളുടെ ത്രീഡി ദൃശ്യങ്ങള്‍. മാപ്പിലെ ഒരു സ്ഥലം വേഗത്തില്‍ സൂം ചെയ്യാന്‍ സഹായിക്കുന്ന വെക്ടര്‍ അധിഷ്ഠിത ഗ്രാഫിക്‌സ് ആണ് മറ്റൊരു സവിശേഷത.

ഇത്രകാലവും ഈ സവിശേഷതകള്‍ ആന്‍ഡ്രോയിഡ് ആപ്പില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണിപ്പോള്‍ ഐഫോണിലേക്കും എത്തുന്നത്. പ്ലാറ്റ്‌ഫോം ഭേദമില്ലാതെ, എല്ലാ യൂസര്‍മാര്‍ക്കും സമാനമായ അനുഭവവും പ്രയോജനവും ലഭിക്കുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യമെന്ന്, പ്രോജക്ട് മാനേജര്‍ കായി ഹാന്‍സെന്‍ അറിയിച്ചു.

തിരഞ്ഞെടുത്ത നഗരങ്ങളുടെ ത്രീഡി ദൃശ്യങ്ങള്‍ ഏത് കോണില്‍നിന്ന് വീക്ഷിക്കാനും അവസരമൊരുക്കുന്ന 'ഫ് ളൈഓവര്‍' എന്ന ഫീച്ചര്‍ ആണ് ആപ്പിള്‍ മാപ്‌സിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. ഗൂഗിള്‍ എര്‍ത്തിലെ സമാനമായ സൗകര്യമാണ് അതിന് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. അതുപക്ഷേ, ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമല്ല, വ്യത്യസ്തമായ പ്രോഗ്രാമാണ്.

എന്നാല്‍, ഗൂഗിള്‍ മാപ്‌സിന്റെ ഏറ്റവും വലിയ കരുത്തായി മിക്ക ഉപഭോക്താക്കളും വിലയിരുത്തുന്നത് അതിന്റെ കൃത്യതയാണ്.

2008 ലാണ് 'ഗ്രൗണ്ട് ട്രൂത്ത്' പദ്ധതി ഗൂഗിള്‍ ആരംഭിക്കുന്നത്. ലൈസന്‍സുള്ള ഡേറ്റയ്‌ക്കൊപ്പം, ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ടീം കാറുകളിലും സൈക്കിളുകളിലും സഞ്ചരിച്ച് പകര്‍ത്തുന്ന പനോരമിക് ദൃശ്യങ്ങളും ഒരുമിച്ചുചേര്‍ത്ത് തെറ്റുകൂടാതെ മാപ്‌സ് സര്‍വീസ് വികസിപ്പിക്കാനുള്ള പദ്ധതിയാണത്.

സ്ട്രീറ്റ് വ്യൂവിനായി ഗൂഗിളിന്റെ വാഹനങ്ങള്‍ ഇതിനകം 45 രാജ്യങ്ങളില്‍ 80 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു. അത്ര വിപുലമായ രീതിയിലാണ് ഗൂഗിള്‍ അതിന്റെ മാപ്പിങ് സര്‍വീസ് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

തങ്ങളുടെ പുതിയ ഐഫോണ്‍ ആപ്ലിക്കേഷനില്‍ പരസ്യങ്ങളുണ്ടാകില്ലെന്ന് ഗൂഗിള്‍ അറിയിക്കുന്നു. ബ്രാന്‍ഡ് ശക്തിപ്പെടുത്തുകയെന്നതാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ഭാവിയില്‍ ഒരുപക്ഷേ, വരുമാനമാര്‍ഗം.

ഐഫോണ്‍, ഐപോഡ് ടച്ച് (നാലം തലമുറ) എന്നിവയ്ക്കായി 40 രാജ്യങ്ങളില്‍, 29 വ്യത്യസ്ത ഭാഷകളില്‍ ഇപ്പോള്‍ ഗൂഗിള്‍ മാപ്‌സ് ആപ്പ് ലഭ്യമാണെന്ന് ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു. ആപ്പിളിന്റെ ഐട്യൂണ്‍സ് സ്റ്റോറില്‍ നിന്ന് ഇന്നുമുതല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
TAGS:
google maps  |  google  |  apple  |  iphone  |  mobile apps  |  online maps 


Stories in this Section