ഓണ്‍ലൈന്‍ ഉപയോഗം: ഭരണകൂട ജാഗ്രത ശക്തിപ്പെടുന്നതായി ഗൂഗിള്‍

Posted on: 14 Nov 2012


-സ്വന്തം ലേഖകന്‍
ഓണ്‍ലൈന്‍ ഉപയോഗം സംബന്ധിച്ച് ലോകമെമ്പാടും ഭരണകൂടങ്ങളുടെ ജാഗ്രത കൂടുതല്‍ ശക്തിപ്പെടുന്നതായി ഗൂഗിള്‍. ഈ വര്‍ഷത്തെ ആദ്യ ആറുമാസം മാത്രം ഡേറ്റാവിവരങ്ങള്‍ തേടി 20,939 അഭ്യര്‍ഥനകള്‍ വിവിധ സര്‍ക്കാരുകളില്‍നിന്ന് തങ്ങള്‍ക്ക് ലഭിച്ചതായി ഗൂഗിള്‍ വെളിപ്പെടുത്തി.

ആറുമാസക്കാലത്ത് ഏറ്റവുമധികം ഡേറ്റാവിവരങ്ങള്‍ തേടിയത് അമേരിക്കയും ഇന്ത്യയുമാണ്. യു.എസിന്റെ ഭാഗത്തുനിന്ന് 7969 അഭ്യര്‍ഥനകള്‍ ലഭിച്ചപ്പോള്‍, ഇന്ത്യയില്‍ നിന്ന് 2319 അഭ്യര്‍ഥനകള്‍ കിട്ടിയതായി ഗൂഗിളിന്റെ 'ട്രാന്‍സ്‌പേരന്‍സി റിപ്പോര്‍ട്ട്' (Transparency Report) പറയുന്നു.

ഉള്ളടക്കം നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് ഏറ്റവും കൂടുതല്‍ അഭ്യര്‍ഥന ലഭിച്ചത് തുര്‍ക്കിയുടെ പക്കല്‍ നിന്നാണെന്നും ഗൂഗിള്‍ അറിയിച്ചു.

ഉള്ളടക്കവും ഡേറ്റാവിവരങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്, വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും കോടതികളില്‍ നിന്നും ഗൂഗിള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് തുടര്‍ച്ചയായി അപേക്ഷകള്‍ ലഭിക്കാറുണ്ട്.

ഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ എത്രത്തോളം ഇടപെടുന്നു എന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനായി 2009 മുതലാണ് 'ട്രാന്‍സ്‌പേരന്‍സി റിപ്പോര്‍ട്ട്' പ്രസിദ്ധീകരിക്കാന്‍ ഗൂഗിള്‍ ആരംഭിച്ചത്.

2009 ല്‍ പുറത്തിറക്കിയ ആദ്യ ട്രാന്‍സ്‌പേരന്‍സി റിപ്പോര്‍ട്ടില്‍ 12,539 അഭ്യര്‍ഥനകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചതായാണ് ഗൂഗിള്‍ പറഞ്ഞത്. ഇപ്പോള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത് 20,939 അഭ്യര്‍ഥനകളുടെ കാര്യവും. ഇതിനര്‍ഥം, ഓണ്‍ലൈന്‍ രംഗത്ത് ഭരണകൂട ജാഗ്രത വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ് - ഗൂഗിള്‍ ബ്ലോഗ് പറയുന്നു.

ഡേറ്റാവിവരങ്ങള്‍ തേടിയുള്ള അഭ്യര്‍ഥനകള്‍

യു.എസ് - 7,969
ഇന്ത്യ - 2319
ബ്രസീല്‍ - 1566
ഫ്രാന്‍സ് - 1546
ജര്‍മനി - 1533
ബ്രിട്ടന്‍ - 1425
(കടപ്പാട് : ഗൂഗിള്‍)

ഇത് ആറാമത്തെ തവണയാണ് ട്രാന്‍സ്‌പേരന്‍സി റിപ്പോര്‍ട്ട് ഗൂഗിള്‍ പുറത്തുവരുന്നത്. ഓരോ തവണയും കാര്യമായ വര്‍ധനയാണ്, ഡേറ്റാവിവരങ്ങള്‍ തേടിയും ഉള്ളടക്കം നീക്കംചെയ്യാനും ലഭിക്കുന്ന അഭ്യര്‍ഥനകളുടെ കാര്യത്തില്‍ സംഭവിക്കുന്നത്.

ഈ അഭ്യര്‍ഥനകളില്‍ ഓരോ രാജ്യത്തെയും നിയമങ്ങളും പ്രതിഫലിക്കുന്നതായി ഗൂഗിള്‍ വക്താവ് പറഞ്ഞു. പൊതുപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പ്രത്യേക നിയമമുള്ള രാജ്യമാണ് തുര്‍ക്കി. ഉള്ളടക്കം നീക്കംചെയ്യാനുള്ള അവരുടെ അഭ്യര്‍ഥനകളില്‍ അത് പ്രതിഫലിക്കും. നവനാസികളെ പ്രോത്സാഹിപ്പിക്കുന്നത് നിരോധിച്ചിട്ടുള്ള ജര്‍മനിയില്‍ നിന്നുള്ള അഭ്യര്‍ഥനകളില്‍ അക്കാര്യമുണ്ടാകും.

ഉള്ളടക്കം നീക്കംചെയ്യാനുള്ള ഭരണകൂടങ്ങളുടെ അഭ്യര്‍ഥന പ്രധാനമായും മൂന്നു ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ഗൂഗിള്‍ അറിയിക്കുന്നു. അപകീര്‍ത്തിപ്പെടുത്തല്‍, സ്വകാര്യതാലംഘനം, സുരക്ഷാഭീഷണി എന്നിവയാണത്.

ആകെ 1789 അഭ്യര്‍ഥനകളാണ് ഉള്ളടക്കം നീക്കംചെയ്യാനായി ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിവിധ ഭരണകൂടങ്ങളില്‍നിന്ന് ഗൂഗിളിന് ലഭിച്ചത്. അവയില്‍ കൂടുതല്‍ അഭ്യര്‍ഥനകള്‍ വന്ന രാജ്യങ്ങളും, എണ്ണവും ചുവടെ -

തുര്‍ക്കി - 501
യു.എസ്. - 273
ജര്‍മനി - 247
ബ്രസീല്‍ - 191
ബ്രിട്ടന്‍ - 97


2011 ന്റെ രണ്ടാംപകുതിയില്‍ സമാനമായ 1048 അഭ്യര്‍ഥനകളാണ് ഗൂഗിളിന് ലഭിച്ചത്.

അഭ്യര്‍ഥന ലഭിച്ചാലും ഉള്ളടക്കം നീക്കംചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഗൂഗിളിന് ചില മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങള്‍ പാലിക്കുന്നതല്ല അഭ്യര്‍ഥനയെങ്കില്‍, ഗൂഗിള്‍ അത് തള്ളിക്കളയുകയാണ് പതിവ്.


Stories in this Section