ഫേസ്ബുക്കിനും ഗൂഗിളിനുമെതിരായ കേസില്‍ കേന്ദ്രം സഹകരിക്കുന്നില്ലെന്ന്

Posted on: 06 Dec 2012ന്യൂഡല്‍ഹി: ഫേസ്ബുക്കും ഗൂഗിളുമടക്കം അമേരിക്ക ആസ്ഥാനമായ വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് ഡല്‍ഹി മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി.

ചില വെബ്‌സൈറ്റുകള്‍ വര്‍ഗീയത പ്രചരിപ്പിക്കുകയും ദേശീയോദ്ഗ്രഥനത്തെ തുരങ്കം വെക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതാണ് കോടതി വിമര്‍ശത്തിന് കാരണം.

'ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനോട് ഒട്ടേറെ തവണ ഹാജരാകന്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന തോന്നലാണുള്ളത് ' -മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് ജയ് തരേജ പറഞ്ഞു.

ദേശദ്രോഹം, അശ്ലീല ഉള്ളടക്കം വിപണനം ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് 21 വെബ്‌സൈറ്റുകള്‍ക്കെതിരെ ലഭിച്ച പരാതിയിലാണ് കോടതി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നത് ശരിയല്ലെന്നും മുന്‍പ് സോഷ്യല്‍ മീഡിയയ്‌ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്നും വെബ്‌സൈറ്റുകളിലൊന്നിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കേസ് വാദംകേള്‍ക്കാന്‍ ഡിസംബര്‍ 21-ലേക്ക് മാറ്റിയ കോടതി ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയോട് അന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
TAGS:
google  |  facebook  |  india  |  freedom of speech 


Stories in this Section