ആന്‍ഡ്രോയിഡ് കുതിക്കുന്നു; വിപണിവിഹിതം 75 ശതമാനം

Posted on: 04 Nov 2012
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് കുതിക്കുന്നു. ഈ സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തില്‍ ആഗോളവിപണിയില്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ വിഹിതം 75 ശതമാനമായതായി റിപ്പോര്‍ട്ട്.

ലോകത്ത് വില്‍ക്കുന്ന നാലില്‍ മൂന്ന് സ്മാര്‍ട്ട്‌ഫോണും ആന്‍ഡ്രോയിഡ് അധിഷ്ഠിതമാണ്. ഗൂഗിളും ആപ്പിളും തമ്മിലുള്ള വ്യത്യാസം വര്‍ധിക്കുന്നു എന്നാണ് ഇതിനര്‍ഥം.

ഇന്‍ഡസ്ട്രി ഗവേഷണസ്ഥാപനമായ ഐ.ഡി.സി (IDC) നടത്തിയ പഠനത്തിലാണ്, ആന്‍ഡ്രോയിഡിന്റെ കുതിപ്പ് വ്യക്തമായത്. മൂന്നാംപാദത്തില്‍ 13.6 കോടി ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റതായി പഠനറിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 57.5 ശതമാനമായിരുന്നു ആന്‍ഡ്രോയിഡിന്റെ വിഹിതം.

ഈ മൂന്നാംപാദത്തില്‍ ആപ്പിളിന്റെ വിപണിവിഹിതം 14.9 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13.8 ശതമാനമായിരുന്നു. ആപ്പിളിന്റെ ഐഫോണ്‍ ഉപയോഗിക്കുന്നത് ഐഒഎസ് പ്ലാറ്റ്‌ഫോം ആണ്.

ഐഒഎസിനെ കടത്തിവെട്ടി ആന്‍ഡ്രോയിഡ് വന്‍മുന്നേറ്റം നടത്തുമ്പോള്‍, ബ്ലാക്ക്ബറി ഓപ്പറേറ്റിങ് സിസ്റ്റവും നോക്കിയയുടെ സിമ്പിയാന്‍ ഒഎസും ഏറെ പിന്നിലേക്ക് പോയി.

മൂന്നാംപാദത്തില്‍ ബ്ലാക്ക്ബറിയുടെ വിപണിവിഹിതം 7.7 ശതമാനം മാത്രം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 9.5 ശതമാനമായിരുന്നു. ഒരുവര്‍ഷം മുമ്പ് 14.6 ശതമാനം വിഹിതം ഉണ്ടായിരുന്ന സിമ്പിയാന് ഇപ്പോള്‍ അവകാശപ്പെടാനുള്ളത് 4.1 ശതമാനം മാത്രം.

എച്ച്.ടി.സി, സാംസങ് എന്നിങ്ങനെ ലോകത്തെ പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളെല്ലാം ആന്‍ഡ്രോയിഡ് ഫോണുകള്‍ രംഗത്തെത്തിച്ചിട്ടുണ്ട്. ഗൂഗിളിന്റെ സെര്‍ച്ച്, മാപ്‌സ് തുടങ്ങിയ സര്‍വീസുകളുടെ സഹായത്താലാണ് ആന്‍ഡ്രോയിഡ് ഈ മുന്നേറ്റം സാധ്യമാക്കുന്നതെന്ന് ഐ.ഡി.സി. വിദഗ്ധന്‍ കെവിന്‍ റെസ്്തിവോ വിലയിരുത്തുന്നു.

ഗൂഗിള്‍ അതിന്റെ മൊബൈല്‍ ഒഎസായ ആന്‍ഡ്രോയിഡ്, ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. ഉപോയോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വഴി ഗൂഗിളിന്റെ സര്‍വീസുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഓണ്‍ലൈന്‍ പരസ്യവരുമാനം വഴിയാണ് ഗൂഗിള്‍ പണമുണ്ടാക്കുന്നത്.

ആന്‍ഡ്രോയിഡിനും ആപ്പിളിനും വെല്ലുവിളിയുയര്‍ത്താന്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച വിന്‍ഡോസ് ഫോണ്‍ ഒഎസിന് പക്ഷേ, മൂന്നാംപാദത്തില്‍ 3.6 ശതമാനം വിപണിവിഹിതംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍, പുതിയതായി അവതരിപ്പിച്ച വിന്‍ഡോസ് ഫോണ്‍ 8 കഥ മാറ്റിയെഴുതിയേക്കാമെന്ന് ഐ.ഡി.സി.വിലയിരുത്തുന്നു.
TAGS:
google  |  android  |  mobile platform  |  smartphone  |  mobile market 


Stories in this Section