ചന്ദ്രനിലേക്ക് ടൂര്‍ പോകാം; രണ്ടുപേര്‍ക്ക് 140 കോടി ഡോളര്‍

Posted on: 07 Dec 2012
വിനോദയാത്ര എന്നുവെച്ചാല്‍ ബഹിരാകാശ സഞ്ചാരവും ആകാമെന്ന് തെളിയിച്ചത് 'സ്‌പേസ് അഡ്വഞ്ചേഴ്‌സ്' എന്ന കമ്പനിയാണ്. റഷ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സഹായത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സന്ദര്‍ശകരെ എത്തിച്ച് അവര്‍ ചരിത്രം കുറിച്ചു.

ഇപ്പോഴിതാ, മറ്റൊരു അമേരിക്കന്‍ സ്വകാര്യകമ്പനിയായ 'ഗോള്‍ഡന്‍ സ്‌പൈക്ക്' ചന്ദ്രനിലേക്ക് സന്ദര്‍ശകരെ എത്തിച്ച് ചരിത്രം രചിക്കാനൊരുങ്ങുന്നു. ഈ പതിറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ചന്ദ്രനിലേക്ക് ആളെ അയയ്ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

രണ്ടുപേരെ വീതമാകും ചന്ദ്രനിലേക്ക് കൊണ്ടുപോവുക. രണ്ടാള്‍ക്കുംകൂടി ചെലവ് 140 കോടി ഡോളര്‍ (ഏതാണ്ട് 7500 കോടി രൂപ) വരും. ഇരുപതോളം ചാന്ദ്രയാത്രകള്‍ സംഘടിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

അപ്പോളോ ദൗത്യം വഴി 1960 കളുടെ അവസാനമാണ് അമേരിക്ക ചന്ദ്രനില്‍ മനുഷ്യരെയെത്തിച്ചത്. 1969 ജൂലായ് 20 ന് ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി കാല്‍കുത്തിയ ശേഷം, പത്തുപേര്‍ കൂടി അവിടെയെത്തി. 1972 ഡിസംബര്‍ 14 ന് ജീന്‍ സെര്‍നാന്‍, ഹാരിസണ്‍ ഷിമിഡ്ത് എന്നിവര്‍ അപ്പോളോ 17 ല്‍ ചന്ദ്രനില്‍ പോയി വന്നതോടെ ചന്ദ്രനില്‍ ആളെ വിടുന്നത് അമേരിക്ക അവസാനിപ്പിച്ചു.

ചന്ദ്രനില്‍ ഏറ്റവുമൊടുവില്‍ നടന്നയാള്‍ - ഹാരിസണ്‍ ഷിമിഡ്ത് ചന്ദ്രന്റെ പ്രതലത്തില്‍


ചന്ദ്രനിലേക്ക് മനുഷ്യരെ വീണ്ടും അയയ്ക്കാനുള്ള പദ്ധതി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ആ നീക്കം ഉപേക്ഷിക്കുന്നതായി പ്രസിഡന്റ് ബാരക് ഒബാമ പ്രഖ്യാപിക്കുകയായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സ്വകാര്യകമ്പനി ഭൂമിയുടെ ഉപഗ്രഹത്തില്‍ വീണ്ടും ആളെയെത്തിക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്. 'ഇത് ആദ്യത്തേതാകാനുള്ള നീക്കമല്ല, ഒരു ക്ലബ്ബില്‍ ചേരാനുള്ളതാണ്' - ഗോള്‍ഡന്‍ സ്‌പൈക്ക് കമ്പനിയുടെ മേധാവിയും നാസയുടെ മുന്‍ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററുമായ അലന്‍ സ്‌റ്റേണ്‍ പറഞ്ഞു.

വിവിധ രാജ്യങ്ങള്‍ക്ക് അവരുടെ ആളുകളെ ചന്ദ്രനിലേക്ക് അയയ്ക്കാന്‍ തങ്ങളുടെ സംരംഭം വഴി കഴിയുമെന്ന് സ്റ്റേണ്‍ വിശദീകരിക്കുന്നു. ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിങ്ങനെയുള്ള രാജ്യങ്ങള്‍ ആളെ വിടാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ. ശാസ്ത്രഗവേഷണത്തിനും, രാജ്യങ്ങളുടെ അന്തസ് വര്‍ധിപ്പിക്കാനുമാകും അവരത് ചെയ്യുകയെന്നും സ്റ്റേണ്‍ സൂചിപ്പിക്കുന്നു.

സ്‌റ്റേണിനെപ്പോലെ നാസയില്‍നിന്ന് പിരിഞ്ഞ എക്‌സിക്യൂട്ടീവുകളാണ്, കോളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ സ്‌പൈക്കിന് പിന്നിലുള്ളത്.

സ്‌പെഷ്യല്‍ ഫീച്ചര്‍:
TAGS:


Stories in this Section