ജിമെയിലില്‍ ഇനി 10 ജിബി അറ്റാച്ച്‌മെന്റും

Posted on: 07 Dec 2012ഡിജിറ്റല്‍ ഉള്ളടക്കം പങ്കിടുന്ന കാര്യത്തില്‍ പുതിയൊരു യുഗം ഗൂഗിള്‍ ഉത്ഘാടനം ചെയ്യുന്നു. ജിമെയിലില്‍ 10 ജിബി വരെയുള്ള അറ്റാച്ച്‌മെന്റ് സാധ്യമാക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതുവരെ 25 എംബി വലിപ്പമുള്ള അറ്റാച്ച്‌മെന്റുകളേ ജിമെയിലില്‍ സാധ്യമായിരുന്നുള്ളു.


കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച ക്ലൗഡ് സര്‍വീസായ 'ഗൂഗിള്‍ ഡ്രൈവി'ന്റെ പിന്തുണയോടെയാണ്, ജിമെയില്‍ കൂടുതല്‍ കരുത്തുകാട്ടാന്‍ തുടങ്ങുന്നത്. ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചിട്ടുള്ളതില്‍ നിന്ന് 10 ജിബി ഫയല്‍ വരെ ജിമെയിലില്‍ അറ്റാച്ച് ചെയ്യാന്‍ ഇനി സാധിക്കുമെന്ന്, ജിമെയില്‍ ബ്ലോഗ് പറയുന്നു.


എന്നാല്‍, ജിമെയിലിന്റെ പുതിയ 'ഈമെയില്‍ കമ്പോസ് എക്‌സ്പീരിയന്‍സ്' പ്രവര്‍ത്തനക്ഷമമാക്കിയാലേ 10 ജിബി അറ്റാച്ച്‌മെന്റ് സാധ്യമാകൂ. യഥാര്‍ഥത്തില്‍ ഇങ്ങനെ അറ്റാച്ച് ചെയ്യുമ്പോള്‍, ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചിട്ടുള്ള ഫയലിന്റെ ലിങ്കാണ് നിങ്ങള്‍ അയയ്ക്കുന്നയാള്‍ക്ക് കിട്ടുക. ഡ്രൈവിലെ ഫയലില്‍ ഭാവിയില്‍ നിങ്ങള്‍ വരുത്തുന്ന മാറ്റവും, അയച്ചുകിട്ടുന്നയാളുടെ പക്കലുള്ള ലിങ്കില്‍ പ്രതിഫലിക്കും.


നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ഫയല്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റിയാലേ ഇത്തരത്തില്‍ അറ്റാച്ച് ചെയ്യാന്‍ കഴിയൂ എന്നതാണ് ഇതിലുള്ള ഒരു പ്രശ്‌നം. മറ്റൊരു സംഗതി, വേഗംകുറഞ്ഞ ബ്രോഡ്ബാന്‍ഡില്‍ ഈ അറ്റാച്ച്‌മെന്റ് സൗകര്യം കിട്ടിയിട്ട് എന്തുകാര്യം എന്നതാണ്. ഇന്റര്‍നെറ്റിന് സ്പീഡില്ലെങ്കില്‍ ഇത് പ്രയോജനം ചെയ്യില്ല.
TAGS:
gmail  |  google  |  email  |  google drive  |  cloud computing  |  email attachment 


Stories in this Section