16 ലക്ഷം ലോഗിന്‍ വിവരങ്ങള്‍ 'ഗോസ്റ്റ് ഷെല്‍' ചോര്‍ത്തി

Posted on: 12 Dec 2012ചോര്‍ന്നത് നാസയുടെയും എഫ്.ബി.ഐയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സികളുടെയും ഓണ്‍ലൈന്‍ അക്കൗണ്ട് രഹസ്യങ്ങള്‍
ഹാക്കര്‍ ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'ഗോസ്റ്റ് ഷെല്‍', യു.എസ്, യൂറോപ്യന്‍ ഗവണ്‍മെന്റ് ഏജന്‍സികളുടെ ഓണ്‍ലൈന്‍ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പോസ്റ്റുചെയ്തു. പ്രസിദ്ധ ഹാക്ക്റ്റിവിസ്റ്റ് ഗ്രൂപ്പായ 'അനോണിമസി'ന്റെ ശാഖയാണ് ഗോസ്റ്റ് ഷെല്‍.

നാസ, എഫ്.ബി.ഐ., യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിങ്ങനെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളുടെ 16 ലക്ഷത്തോളം ഓണ്‍ലൈന്‍ അക്കൗണ്ട് വിവരങ്ങളാണ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യപ്പട്ടത്.

ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളുടെ വെബ്ബ്‌സൈറ്റുകള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണം നടത്തുകയാണ് ഗോസ്റ്റ് ഷെല്‍ പ്രവര്‍ത്തകര്‍ ചെയ്തത്.

ലോഗിന്‍ നാമങ്ങള്‍, പാസ്‌വേഡുകള്‍, ഈമെയില്‍ വിലാസങ്ങള്‍, സിവികള്‍ എന്നിവ കൂടാതെ ഓണ്‍ലൈന്‍ ഡേറ്റാബേസിലുള്ള വിവരങ്ങളും ചോര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ചവയില്‍ പെടുന്നു.

സുരക്ഷിതമല്ലാത്ത 150 ഓളം സെര്‍വറുകളെയാണ് ഗോസ്റ്റ് ഷെല്‍ ആക്രമണലക്ഷ്യമായി നിശ്ചയിച്ചത്. ഓണ്‍ലൈനില്‍ വിവര സ്വാതന്ത്രം പ്രോത്സാഹിപ്പിക്കാനായി രൂപംനല്‍കിയ #ProjectWhiteFox കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്ന്, 'പേസ്റ്റ്ബിന്‍' വെബ്ബ്‌സൈറ്റില്‍ ഗോസ്റ്റ് ഷെല്‍ പ്രസിദ്ധീകരിച്ച പ്രസ്താവന പറയുന്നു.

കവര്‍ന്നെടുത്ത ഡേറ്റ പല സൈറ്റുകളിലായാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു സൈറ്റില്‍ മാത്രം പോസ്റ്റ് ചെയ്താല്‍ വേഗം കണ്ടെത്തി ഡിലീറ്റ് ചെയ്യപ്പെടും എന്നതുകൊണ്ടാണ് ഇത്തരമൊരു മുന്‍കരുതലെടുത്തത്.

ഏതാണ്ട് 37 വ്യത്യസ്ത സംഘടകളും ഏജന്‍സികളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി പ്രസ്താവന പറയുന്നു. 2012 ല്‍ ഇതിനകം ഇത്തരം പല ആക്രമണങ്ങളും നടത്തിയ ഗ്രൂപ്പാണ് ഗോസ്റ്റ് ഷെല്‍.
TAGS:
ghost shell  |  hacktivist group  |  nasa  |  fbi  |  online securtiy 


Stories in this Section