ഷേക്‌സ്പിയറുടെ പ്രണയഗീതങ്ങള്‍ 'ജീവന്റെ തന്മാത്ര'യില്‍

Posted on: 24 Jan 2013ഡിജിറ്റല്‍ ഡേറ്റ വന്‍തോതില്‍ സൂക്ഷിച്ചുവെയ്ക്കാന്‍ ഡി.എന്‍.എ. സഹായിക്കുമെന്ന് കണ്ടെത്തല്‍. പത്തുലക്ഷം സി.ഡികളില്‍ കൊള്ളുന്നതിലേറെ ഡേറ്റ വെറും ഒരു ഗ്രാം ഡി.എന്‍.എ.തന്തുക്കളില്‍ സംഭരിക്കുകയും ആയിരക്കണക്കിന് വര്‍ഷങ്ങളോളം സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യാമെന്നാണ് കണ്ടെത്തല്‍'ജീവന്റെ തന്മാത്ര'യായ ഡി.എന്‍.എ.യില്‍ വന്‍തോതില്‍ ഡിജിറ്റല്‍ ഡേറ്റ സൂക്ഷിക്കാമെന്ന് കാട്ടിത്തരാനായി, ഷേക്‌സ്പിയറുടെ വിഖ്യാത പ്രണയഗീതങ്ങള്‍ ഗവേഷകര്‍ ഡി.എന്‍.എ.യില്‍ രേഖപ്പെടുത്തി. ഷേക്‌സ്പിയര്‍ രചിച്ച 154 ലഘുകാവ്യങ്ങളും ഇത്തരത്തില്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞു.

'ജനിതക സ്റ്റോറേജ്' (genetic storage)
മുന്നോട്ടു വെയ്ക്കുന്ന സാധ്യതകളെന്താണെന്ന് കാട്ടിത്തരാന്‍, കേംബ്രിഡ്ജിലെ ഒരു സംഘം ഗവേഷകരാണ് വിശ്വമഹാകവിയുടെ ലഘുകാവ്യങ്ങള്‍ ജീവന്റെ തന്‍മാത്രയുമായി കോര്‍ത്തിണക്കിയത്.

ഷേക്‌സ്പിയറുടെ കാവ്യങ്ങള്‍ മാത്രമല്ല, മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ 1963 ലെ 'ഐ ഹാവ് എ ട്രീം' എന്നു തുടങ്ങുന്ന വിഖ്യാത പ്രസംഗത്തിന്റെ ഒരു ഭാഗം ഉള്‍ക്കൊള്ളുന്ന ഓഡിയോ ഫയലും ഡി.എന്‍.എ.തന്തുവില്‍ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ ഗവേഷകര്‍ക്കായി. ഡി.എന്‍.എയ്ക്ക് ഇരട്ടപ്പിരിയന്‍ ഗോവണിയുടെ ആകൃതിയാണെന്ന് വ്യക്തമാക്കിക്കൊണ്ട്, 1953 ല്‍ ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധവും ഡി.എന്‍.എ.യില്‍ രേഖപ്പെടുത്താനായി!

മാത്രമല്ല, അങ്ങനെ സൂക്ഷിച്ചുവെച്ച സംഗതികള്‍ 100 ശതമാനവും കൃത്യതയോടെ ഡി.എന്‍.എ.യില്‍ നിന്ന് വീണ്ടെടുക്കാനും കഴിഞ്ഞു.

ഷേക്‌സ്പിയറുടെ ലഘുകാവ്യങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്താന്‍ ഒരു ഗ്രാമിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ 0.3 ഭാഗമേ വേണ്ടി വന്നുള്ളു. ഇതു പ്രകാരം, ഒരു ഗ്രാം ഡി.എന്‍.എ.തന്തുവില്‍ പത്തുലക്ഷം സിഡികളില്‍ ഉള്‍ക്കൊള്ളിക്കാനാകുന്നതിലും കൂടുതല്‍ ഡേറ്റ ശേഖരിക്കാനാകും.

ചെലവേറിയ ഹാര്‍ഡ് ഡ്രൈവുകളിലും മാഗ്നെറ്റിക് ടേപ്പുകളിലും വന്‍തോതില്‍ ഡേറ്റ ശേഖരിക്കുന്നത് ഒഴിവാക്കി, പകരം മാര്‍ഗമെന്താണെന്ന ഗവേഷകരുടെ ആലോചനയാണ് ജനിതക സ്‌റ്റോറേജ് എന്ന ആശയത്തിലേക്ക് അവരെ എത്തിച്ചത്. കേംബ്രിഡ്ജില്‍ യൂറോപ്യന്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ് ഇന്‍സ്റ്റിട്ട്യൂട്ടിലെ നിക്ക് ഗോള്‍ഡ്മാന്‍, ഇവാന്‍ ബിര്‍നീ എന്നിവരാണ് ഈ ഗവേഷണത്തിന് പിന്നില്‍.

ഡിജിറ്റല്‍ രൂപത്തില്‍ ഡേറ്റ ശേഖരിച്ച് സൂക്ഷിക്കുന്നത് '0' കളുടെയും '1' കളുടെയും രൂപത്തിലാണ്. അതാണ് ഡിജിറ്റല്‍ ഭാഷയിലെ അക്ഷരങ്ങള്‍. ഡി.എന്‍.എ.യില്‍ രാസകോഡുകള്‍ എഴുതപ്പെട്ടിരിക്കുന്നത് നാല് രാസബേസുകളുടെ രൂപത്തിലാണ് - G, T, C. A എന്നീ ബേസുകളാല്‍. ആ രൂപത്തില്‍ ഡിജിറ്റല്‍ ഡേറ്റ ഡി.എന്‍.എ.യില്‍ സൂക്ഷിക്കാനാണ് ഗോള്‍ഡ്മാനും ബിര്‍നീയും മാര്‍ഗം വികസിപ്പിച്ചത്.

ഡിജിറ്റല്‍ കോഡിലെ എട്ടക്ഷരങ്ങളടങ്ങിയ ഓരോ ബ്ലോക്കിനെയും, ഡി.എന്‍.എ.യിലെ അഞ്ചരക്ഷര ഗ്രൂപ്പുകളാക്കി മാറ്റുന്ന കോഡിന് രൂപംനല്‍കുകയാണ് കേംബ്രിഡ്ജ് സംഘം ചെയ്തത്. അതുപയോഗിച്ചാണ് ഡി.എന്‍.എ.യില്‍ ഡിജിറ്റല്‍ ഡേറ്റ സൂക്ഷിക്കാനും വീണ്ടെടുക്കാനും സാധിച്ചത്.
TAGS:


Stories in this Section