ഗന്നം സ്‌റ്റൈലിന് ഗൂഗിള്‍ നല്‍കിയത് 80 ലക്ഷം ഡോളര്‍

Posted on: 23 Jan 2013
ഗന്നംസ്റ്റൈല്‍ വീഡിയോയുടെ യൂട്യൂബ് പേജിലെ വരുമാനത്തില്‍ നിന്ന്, ദക്ഷിണ കൊറിയന്‍ റാപ് താരമായ സൈയ്ക്ക് ഗൂഗിള്‍ നല്‍കിയത് 80 ലക്ഷം ഡോളര്‍ (42 കോടി രൂപ). ഗൂഗിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നികേഷ് അറോറയാണ് ഇക്കാര്യം അറിയിച്ചത്.

യൂട്യൂബില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കവെ, ഗന്നം സ്റ്റൈലിന് ഇത്രയും തുക നല്‍കിയ കാര്യം അറോറ വെളിപ്പെടുത്തുകയായിരുന്നു. ജനപ്രിയ യൂട്യൂബ് വീഡിയോകളില്‍ നിന്നുള്ള വരുമാനം, അതിന്റെ ഉള്ളടക്കം സൃഷ്ടിച്ചവരുമായി ഗൂഗിള്‍ പങ്കിടുന്ന കാര്യം അദ്ദഹം ചൂണ്ടിക്കാട്ടി.

യൂട്യൂബില്‍ നൂറ് കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ട ആദ്യ വീഡിയോ എന്ന റിക്കോര്‍ഡ് കഴിഞ്ഞ ഡിസംബറിലാണ് ഗന്നം സ്‌റ്റൈല്‍ സ്ഥാപിച്ചത്. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു അത്. കഴിഞ്ഞ ജൂലായ് 15 ന് യൂട്യൂബില്‍ പോസ്റ്റുചെയ്ത ഗന്നംസ്‌റ്റൈല്‍ വീഡിയോ, ഇതിനകം 123 കോടിയിലേറെ തവണ പ്ലേ ചെയ്തിട്ടുണ്ട്.

ഗന്നംസ്‌റ്റൈല്‍ വഴി സൈ (Psy) നേടിയ വിജയത്തിന്റെ അടിസ്ഥാനം, ആ സ്‌റ്റൈലിന്റെ സാര്‍വലൗകിക സ്വഭാവമാണെന്ന് യൂട്യൂബിന്റെ ട്രെന്‍ഡ് മാനേജര്‍ കെവിന്‍ അലോക്ക നിരീക്ഷിച്ചു.

ഡൗണ്‍ലോഡുകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും മറ്റുമായി സൈ ഇതിനകം ലക്ഷങ്ങള്‍ സമ്പാദിച്ചു കഴിഞ്ഞു. അതിന് പുറമെയാണ് ഗൂഗിള്‍ നല്‍കിയ 80 ലക്ഷം ഡോളറും.


TAGS:
gangnam style  |  youtube  |  google  |  web trend 


Stories in this Section