ടാബ്‌ലറ്റും ലാപ്‌ടോപ്പും ചേര്‍ന്ന ഫുജിറ്റ്‌സുവിന്റെ 'ടാബ്-ടോപ്പ്'

Posted on: 14 Dec 2012


-പി.എസ്.രാകേഷ്‌
ദിനോസറുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും മുമ്പേ ജനം പറഞ്ഞുതുടങ്ങിയ പഴഞ്ചൊല്ലാണ് 'അക്കരെ കാണുമ്പോള്‍ ഇക്കരെപ്പച്ച' എന്നത്. പുത്തന്‍ ഗാഡ്ജറ്റുകള്‍ ദിവസേനെയിറങ്ങുന്ന ഇക്കാലത്താണ് ആ പഴഞ്ചൊല്ലിന് കൂടുതല്‍ പ്രസക്തിയെന്നു തോന്നുന്നു. ടാബ്‌ലറ്റ് വാങ്ങിയവന് ഐഫോണ്‍ ആകാമായിരുന്നെന്ന ദു:ഖം, ലാപ്‌ടോപ്പുള്ളവന് ടാബ്‌ലറ്റ് മതിയായിരുന്നുവെന്ന തോന്നല്‍...! അപ്രാപ്യമായ അക്കരപ്പച്ചകളെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുന്നവരുടെ എണ്ണത്തില്‍ നിങ്ങളും ഞാനുമൊക്കെ പെടും.

ഇക്കാര്യങ്ങളൊക്കെ മനസിലാക്കിയാണ് ജപ്പാന്‍ കമ്പനിയായ ഫുജിറ്റ്‌സു പുതിയൊരു ഗാഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌റ്റൈലിസ്റ്റിക് ക്യൂ 702 ടാബ്‌ലറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍ കാഴ്ചയിലൊരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തന്നെ. പക്ഷേ, ഇതിനൊപ്പം ലഭിക്കുന്ന കീബോര്‍ഡ് കൂടി ഘടിപ്പിച്ചാല്‍ ആളൊരു ലാപ്‌ടോപ്പ് ആയി മാറും.

ലാപ്‌ടോപ്പ് പോലെയോ ടാബ്‌ലറ്റ് പോലെയോ സൗകര്യപൂര്‍വം ഉപയോഗിക്കാനാകുമെന്നത് തന്നെ സ്‌റ്റൈലിസ്റ്റിക്കിന്റെ പ്രത്യേകത.


മുമ്പ്് മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് പോലുള്ള ടാബ്‌ലറ്റ് മോഡലുകള്‍ കീബോര്‍ഡും ഒപ്പം നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഫുജിറ്റ്‌സുവിന്റെ സ്‌റ്റൈലിസ്റ്റിക് ക്യു 702. വെറും കീബോര്‍ഡ് മാത്രമല്ല അതിനൊപ്പം അഡീഷനല്‍ പോര്‍ട്ടുകളും എക്‌സ്ട്രാ ബാറ്ററിയും സജ്ജമാക്കിയിട്ടുണ്ട്. ടാബ്‌ലറ്റ് പോലെ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ സൗകര്യത്തിനായി സ്‌റ്റൈലസും കമ്പനി നല്‍കുന്നുണ്ട്.

വിന്‍ഡോസ് 8 ഓപ്പറേറ്ററിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗാഡ്ജറ്റില്‍ 11.6 ഇഞ്ച് വിസ്താരമുളള കപ്പാസിറ്റീവ് മള്‍ട്ടിടച്ച് സ്‌ക്രീനാണുള്ളത്. ഹൈഡെഫനിഷന്‍ റെഡി പിക്‌സല്‍ ഡൈമന്‍ഷനോടു കൂടിയ സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ 136 X 768 പിക്‌സല്‍സ്. ആന്റി-ഗ്ലെയര്‍ ഫിനിഷോടുകൂടിയ സ്‌ക്രീനിലെ ദൃശ്യങ്ങള്‍ എത്ര വെളിച്ചത്തിന് കീഴിലാണെങ്കിലും വ്യക്തമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

1.8 ഗിഗാഹെര്‍ട്‌സ് ഇന്റെല്‍ കോര്‍ ഐ3 പ്രൊസസറോടു കൂടിയ ടാബ്‌ലറ്റില്‍ നാല് ജി.ബി. റാമാണുള്ളത്. സുരക്ഷിതത്വത്തിനായി ഉപയോക്താക്കളുടെ വിരല്‍മുദ്ര പാസ്‌വേഡാക്കുന്ന ഫിംഗര്‍പ്രിന്റര്‍ സ്‌കാനറും ടാബ്‌ലറ്റിലുണ്ട്. അഞ്ച് മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും ഫ്രണ്ട് എച്ച്.ഡി. ക്യാമറയും കണക്ടിവിറ്റിക്കായി 4ജി/ത്രിജി സ്‌ലോട്ടും ബ്ലൂടൂത്തും സ്‌റ്റൈലിസ്റ്റിക്കിലുണ്ട്. മഗ്നീഷ്യം മെറ്റല്‍ ബോഡി ഫ്രെയിമില്‍ വരുന്ന സ്‌റ്റൈലിസ്റ്റിക് ടാബ്‌ലറ്റിന് 850 ഗ്രാമാണ് ഭാരം.


ടാബ്‌ലറ്റായി ഉപയോഗിച്ചാല്‍ തുടര്‍ച്ചയായ നാലു മണിക്കൂറും കീബോര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ 9.5 മണിക്കൂറുമാണ് സ്‌റ്റൈലിസ്റ്റിക്കിന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

രണ്ടുവര്‍ഷത്തെ വാറന്റിയോടെ വരുന്ന ഈ ടാബ്‌ലറ്റിന്റെ വില കേട്ടാല്‍ ആരുമൊന്നു ഞെട്ടും- 69,000 രൂപ. ഫുജിറ്റ്‌സു എന്ന കമ്പനിയുടെ സേവനമികവും ബ്രാന്‍ഡ് മൂല്യവുമാണ് വില ഇത്രയധികം ഉയരാന്‍ കാരണമെന്നതില്‍ തര്‍ക്കമില്ല.

ഐ.ബി.എമ്മിനും ഹ്യുലറ്റ് പക്കാര്‍ഡിനും ശേഷം ലോകത്തെ മുന്നാമത്തെ വലിയ ഐ.ടി. സര്‍വീസസ് പ്രൊവൈഡറാണ് ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുജിറ്റ്‌സു. 2011 മുതല്‍ കമ്പനി സ്മാര്‍ട്‌ഫോണ്‍ നിര്‍മാണരംഗത്തേക്കും കടന്നിട്ടുണ്ട്.
TAGS:


Stories in this Section