മൊബൈല്‍ ഫോണിന് 40 വയസ്സ്

Posted on: 04 Apr 2013സെല്‍ ഫോണിലൂടെ സംസാരിക്കുന്ന മാര്‍ട്ടിന്‍ കൂപ്പര്‍


ലണ്ടന്‍: ആശയ വിനിമയരംഗത്ത് വിപ്ലവം സൃഷ്ടിച്ച് മൊബൈല്‍ ഫോണ്‍ എത്തിയിട്ട് ബുധനാഴ്ച 40 വര്‍ഷം തികഞ്ഞു.

1973 ഏപ്രില്‍ മൂന്നിനാണ് ആദ്യ മൊബൈല്‍ ഫോണ്‍ സംഭാഷണം നടന്നത്. മോട്ടോറോള കമ്പനിയിലെ സീനിയര്‍ എന്‍ജിനീയറായിരുന്ന മാര്‍ട്ടിന്‍ കൂപ്പര്‍ മറ്റൊരു ടെലികോം കമ്പനിയിലെ എതിരാളിയെ വിളിച്ച് ''യഥാര്‍ഥ സെല്ലുലാര്‍ ഫോണില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്'' എന്ന് വിജയശ്രീലാളിതനായി അറിയിച്ചതായിരുന്നു ആദ്യ സംഭാഷണം. ഇപ്പോള്‍ 85 വയസ്സുള്ള മാര്‍ട്ടിന്‍ കൂപ്പറാണ് മൊബൈല്‍ ഫോണിന്റെ പിതാവായി അറിയപ്പെടുന്നത്.

മൊബൈല്‍ ഫോണിന്റെ ആദ്യ മോഡലിന് അന്ന് 3500 ഡോളറായിരുന്നു വില. അതുകൊണ്ടുതന്നെ പൊതുവിപണിയില്‍ അത് ലഭ്യമായിരുന്നില്ല. ഇന്നുകാണുന്ന രൂപവുമായിരുന്നില്ല അതിന്.

ആശയവിനിമയ വിദ്യകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള യു.എന്‍. ഏജന്‍സിയായ ഇന്‍റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ 2012-ലെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് 600 കോടി മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ലോക ജനസംഖ്യ 700 കോടിയായിരിക്കുമ്പോഴാണിത്.


Stories in this Section