100 കോടിയും കടന്ന് ഫെയ്‌സ്ബുക്ക്

Posted on: 04 Oct 2012


-സ്വന്തം ലേഖകന്‍
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് ഇനി നൂറുകോടിയുടെ നിറവ്. നിലിവില്‍ നൂറുകോടിയിലേറെ അംഗങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതായി കമ്പനി സ്ഥാപകനും സി.ഇ.ഒ.യുമായ മാര്‍ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.

സോഷ്യല്‍ മീഡിയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഇതോടെ ഫെയ്‌സ്ബുക്ക് പിന്നിടുന്നത്. നൂറുകോടി യൂസര്‍മാര്‍ വഴി 1.13 ലക്ഷംകോടി 'ലൈക്കുകളും' ('likes'), 21900 കോടി ഫോട്ടോകളും ഫെയ്‌സ്ബുക്കിലെത്തിയതായി കമ്പനി പറയുന്നു.

യു.എസ്.ടെലിവിഷനില്‍ ഇക്കാര്യം പ്രസ്താവിച്ചതിനൊപ്പം, ഫെയ്‌സ്ബുക്കിലെ തന്റെ പേജില്‍ ഒരു അപ്‌ഡേറ്റും സക്കര്‍ബര്‍ഗ് പ്രസിദ്ധീകരിച്ചു.

'ഈ പ്രഭാതത്തിലെ കണക്കനുസരിച്ച്, ഫെയ്‌സ്ബുക്കില്‍ പ്രതിമാസം നൂറുകോടിയിലേറെ സജീവ അംഗങ്ങളുണ്ട്'-അപ്‌ഡേറ്റില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു. 'നൂറുകോടി വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കാന്‍ സഹായിക്കുകയെന്നത് ആശ്ചര്യകരമാണ്. ജീവിതത്തിലെ ഏറ്റവും അഭിമാനാര്‍ഹമായ നിമിഷമാണ് എന്നതിനൊപ്പം, ഇതെന്ന വിനയാന്വിതനുമാക്കുന്നു'.

ഭൂമുഖത്തെ ഏഴിലൊരാളിലേക്ക് ഫെയ്‌സ്ബുക്ക് എത്തി എന്നാണ്, അംഗസംഖ്യ നൂറുകോടി തികയുന്നു എന്നതിനര്‍ഥം. ഔദ്യോഗികമായി ഫെയ്‌സ്ബുക്ക് നൂറുകോടിയിലെത്തിയത് 2012 സപ്തംബര്‍ 14 നാണെന്ന്, ഫെയ്‌സ്ബുക്ക് ബ്ലോഗായ 'ഓള്‍ഫെയ്‌സ്ബുക്ക്' (AllFacebook) വെളിപ്പെടുത്തി.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാക്ഷിയായ ഏറ്റവും വലിയ പ്രതിഭാസമായി മാറിയ ഫെയ്‌സ്ബുക്കിന് എട്ടുവയസ്സേ ആയിട്ടുള്ളൂ. ഹാര്‍വാഡിലെ തന്റെ സഹപാഠിയുടെ ഹോസ്റ്റല്‍ മുറിയില്‍വെച്ച് പത്തൊന്‍പതാം വയസില്‍ സക്കര്‍ബര്‍ഗ് രൂപംനല്‍കിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഇപ്പോള്‍ നൂറുകോടി പിന്നിടുന്നത്.

അംഗസംഖ്യ 50 കോടി തികയാന്‍ ഫോയ്‌സ്ബുക്കിന് ആറുവര്‍ഷം വേണ്ടി വന്നു. പിന്നീട് വെറും രണ്ടുവര്‍ഷംകൊണ്ട് നൂറുകോടി തികഞ്ഞു എന്നു പറയുമ്പോള്‍, ആ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൈവരിക്കുന്ന വളര്‍ച്ചയെത്രയെന്ന് മനസിലാക്കാവുന്നതേയുള്ളൂ. കഴിഞ്ഞ വര്‍ഷം മാത്രം 30 ശതമാനം വളര്‍ച്ചയാണ് സൈറ്റ് രേഖപ്പെടുത്തിയത്.

ഏതാണ്ട് വലിയൊരു പങ്ക് ജനങ്ങളും ഫെയ്‌സ്ബുക്ക് അംഗങ്ങളായതിനാല്‍, വടക്കേ അമേരിക്കയിലും യൂറോപ്പിലും സൈറ്റിന്റെ വളര്‍ച്ച മന്ദഗതിയിലായിരിക്കുകയാണ്. അതേസമയം, ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ മേഖലയിലും, തെക്കേ അമേരിക്കയിലും ഫെയ്‌സ്ബുക്ക് വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

ഭൂമുഖത്ത് പരമാധികാരമുള്ള 200 ലേറെ മേഖലകളില്‍ ഫെയ്‌സ്ബുക്ക് അതിന്റെ സാന്നിധ്യമറിയിക്കുന്നതായി കമ്പിയുടെ ബ്ലോഗ് വെളിപ്പെടുത്തുന്നു. വെറും 16 യൂസര്‍മാര്‍ മാത്രമുള്ള വത്തിക്കാന്‍ സിറ്റി മുതല്‍ 16.6 കോടി അംഗങ്ങളുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് വരെ ഫെയ്‌സ്ബുക്കിന്റെ പരിധിയില്‍ വരുന്നു.

എല്ലാ അംഗങ്ങളും തുല്യര്‍, പക്ഷേ...

ഫെയ്‌സ്ബുക്കില്‍ തത്വത്തില്‍ എല്ലാ ആംഗങ്ങളും തുല്യരാണ്. എന്നാല്‍, സാമ്പത്തിക വശം പരിഗണിക്കുമ്പോള്‍ അതില്‍ അല്‍പ്പം ഭേദഗതി വേണ്ടിവരും.

ഉദാഹരണത്തിന് യു.എസ്.എ., ക്യാനഡ എന്നിവിടങ്ങളില്‍ ഫെയ്‌സ്ബുക്കിന്റെ 20 ശതമാനം അംഗങ്ങളേ ഉള്ളൂ എങ്കിലും, അവസാന പാദത്തില്‍ കമ്പനി നേടിയ 99.2 കോടി ഡോളര്‍ പരസ്യവരുമാനത്തിന്റെ 48 ശതമാനവും നല്‍കിയത് ആ 20 ശതമാനംപേരാണ്.

വടക്കേ അമേരിക്കന്‍ യൂസര്‍മാരില്‍ ഓരോരുത്തരും ഒരു പാദത്തില്‍ ഫെയ്‌സ്ബുക്കിന് ശരാശരി 3.2 ഡോളര്‍ വീതം വരുമാനം നല്‍കുമ്പോള്‍, ഓരോ ഏഷ്യന്‍ അംഗത്തില്‍നിന്നും വെറും 55 സെന്റ് വീതമാണ് ലഭിക്കുന്നത്.

നൂറുകോടി തികയുന്ന വേളയില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള അഞ്ചു രാജ്യങ്ങള്‍ (അക്ഷരമാലാക്രമത്തില്‍) ബ്രസീല്‍, ഇന്ത്യ, ഇന്‍ഡൊനീഷ്യ, മെക്‌സിക്കോ, യു.എസ്. എന്നിവയാണ്. ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ ശരാശരി പ്രായം 22 ആണെന്നും കമ്പനി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭാവി മൊബൈലിന്റേതാണെന്ന് വ്യക്തമാക്കുന്നതാണ്, മൊബൈലുപയോഗിച്ച് ഫെയ്‌സ്ബുക്ക് നോക്കുന്നവരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ധന. നിലവില്‍ 60 കോടി പേര്‍ മൊബൈലിലൂടെ ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കുന്നു.

ഫെയ്‌സ്ബുക്ക് കമ്പനി അതിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ) നടത്തിയത് ഈ വര്‍ഷം തന്നെയാണ്; കഴിഞ്ഞ മെയ് 18 ന്. കാലിഫോര്‍ണിയയില്‍ മെന്‍ലോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് 4000 പേര്‍ ജോലി ചെയ്യുന്നു. ഇന്ത്യയുള്‍പ്പടെ 19 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അതില്‍ ഉള്‍പ്പെടുന്നു.


Stories in this Section