വ്യാജന്‍മാരെ ഒതുക്കാന്‍ ഫെയ്‌സ്ബുക്കില്‍ വെട്ടിനിരത്തല്‍

Posted on: 27 Sep 2012


-സ്വന്തം ലേഖകന്‍
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാത്രമല്ല ഫെയ്‌സ്ബുക്ക്, ലോകത്തെ 'വ്യാജന്‍മാരുടെ' ഏറ്റവും വലിയ താവളങ്ങളിലൊന്നുകൂടിയാണ്. ഏതായാലും വ്യാജന്‍മാരെ ഒതുക്കാന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിന്റെ പുറപ്പാട്. അതിനുള്ള 'വെട്ടിനിരത്തില്‍' സൈറ്റ് ആരംഭിച്ചു.

വ്യാജ യൂസര്‍ അക്കൗണ്ടുകളും, വ്യാജ 'ലൈക്കുകളും' (fake 'likes') നീക്കംചെയ്ത് സൈറ്റിന് ശുദ്ധികലശം നടത്താനുള്ള നീക്കം ഫെയ്‌സ്ബുക്ക് ആരംഭിച്ച കാര്യം 'ദി വെര്‍ജ്' സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഫെയ്‌സ്ബുക്കില്‍ എത്ര വ്യാജ അക്കൗണ്ടുണ്ട് എന്നകാര്യം വ്യക്തമല്ല. എന്നാല്‍, നടപടി ആരംഭിച്ച് ഒറ്റ ദിവസംകൊണ്ടുതന്നെ അതിന്റെ ഫലം കണ്ടുതുടങ്ങി. ഫെയ്‌സ്ബുക്കിന്റെ 'പേജ്‌ഡേറ്റ' (Pagedata) നല്‍കുന്ന വിവരമനുസരിച്ച് പല സൈറ്റുകളിലെയും കൂടുതല്‍ 'ലൈക്ക്' ഉള്ള പേജുകളില്‍ അവയുടെ എണ്ണം കാര്യമായി കുറഞ്ഞു തുടങ്ങി.

ഉദാഹരണത്തിന്, 'ടെക്‌സാസ് ഹോള്‍ഡെ പോക്കര്‍' (Texas HoldEm Poker) പേജിന് ഒറ്റദിവസംകൊണ്ട് ഒരുലക്ഷത്തിലേറെ 'ലൈക്കുകള്‍' കുറഞ്ഞു. അതുപോലെ 'ലേഡി ഗാഗ' (Lady Gaga) പേജിന് 34,000 ലേറെയും, 'ഷക്കീര' (Shakira) പേജിന് 26,000 ലേറെയും 'ലൈക്കുകള്‍' കുറഞ്ഞു. 'ഫാം വില്ലെ'യ്ക്ക് (FarmVille) യ്ക്ക് 41000 ലേറെ 'ലൈക്കുകളാ'ണ് കുറവുവന്നത്; 'റിഹാന' (Rihanna) പേജിന് 28,000 ലേറെയും.

നടപടി ആരംഭിച്ചത് ഇപ്പോഴാണെങ്കിലും, കഴിഞ്ഞ ആഗസ്ത് 31 ന് ഒരു ബ്ലോഗ് പോസ്റ്റില്‍, ഇത്തരമൊരു ശുദ്ധികലശം വരുന്ന വിവരം ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. സൈറ്റിന് മൊത്തത്തില്‍ ആധികാരികത ഉറപ്പാക്കാനാണ് പദ്ധതിയെന്നും ബ്ലോഗില്‍ പറഞ്ഞിരുന്നു.

ദുഷ്ടപ്രോഗ്രാമുകള്‍ (malware) വഴിയുണ്ടാക്കിയ 'ലൈക്കുകളും', വൈറസ് ബാധിച്ച അക്കൗണ്ടുകളും, വ്യാജ അക്കൗണ്ടുകളും, വിലകൊടുത്തു വന്‍തോതില്‍ സമ്പാദിച്ച 'ലൈക്കുകളും', പുതിയതായി പരിഷ്‌ക്കരിച്ച ഒരു ഓട്ടോമേറ്റഡ് മാര്‍ഗമുപയോഗിച്ച് നീക്കംചെയ്യാനുള്ള ശ്രമമാണ് ആരംഭിക്കുന്നതെന്നും ബ്ലോഗില്‍ വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ സൈറ്റിലെ 8.7 ശതമാനം യൂസര്‍മാരും വ്യാജമാണെന്ന് ഫെയ്‌സ്ബുക്ക് തന്നെ സമ്മതിച്ചിട്ടുള്ള സംഗതിയാണ്. പാഴ്‌സന്ദേശ റാക്കറ്റുകളും മറ്റും രൂപപ്പെടുത്തിയ അക്കൗണ്ടുകളാണ് അവ. അതുപയോഗിച്ച്, ചില പേജുകള്‍ക്ക് കൃത്രിമമായി 'ലൈക്കുകള്‍' വര്‍ധിപ്പിച്ച് പേജുകള്‍ കൂടുതല്‍ ജനപ്രിയമാണെന്ന് വരുത്താനുള്ള ശ്രമം പലപ്പോഴും ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യതയ്ക്ക് വെല്ലുവിളിയാണ്.

ടാര്‍ജറ്റ് അഡ്വര്‍ടൈസ്‌മെന്റ് വികസിപ്പിക്കാനുള്ള നീക്കം ഫെയ്‌സ്ബുക്ക് നടത്തിവരികയാണ്. ആ സമയത്ത് സൈറ്റിന്റെ വിശ്വാസ്യതയ്ക്ക് കോട്ടംവരുന്നത് നന്നല്ല. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം.
TAGS:


Stories in this Section