പങ്കിടുക അല്ലെങ്കില്‍ പണംകൊടുക്കുക : ഫെയ്‌സ്ബുക്കില്‍ പുതിയ തട്ടിപ്പ്‌

Posted on: 05 Oct 2012


-സ്വന്തം ലേഖകന്‍
ഇതിന്റെ കോപ്പി 15 പേര്‍ക്ക് അയച്ചാല്‍ നിങ്ങള്‍ക്ക് അസാധാരണമായ അനുഗ്രഹങ്ങള്‍ കിട്ടുമെന്നും, അയയ്ക്കാന്‍ മടിക്കുന്നവരെ വലിയ ദൗര്‍ഭാഗ്യങ്ങള്‍ പിടികൂടുമെന്നും കാണിച്ച് ഭീഷണിയുടെ സ്വരത്തിലുള്ള കത്തുകള്‍ കിട്ടിയ അനുഭവം മുന്‍ തലമുറയിലെ പലര്‍ക്കുമുണ്ടാകും.

ഇത് പുതിയ കാലമാണ്, സൈബര്‍യുഗം. അത്തരം ഭീഷണികളുടെ വേദി ഇപ്പോള്‍ ഇന്റര്‍നെറ്റാണ്. ഫെയ്‌സ്ബുക്കിലൂടെ അത്തരമൊരു ഭീഷണി പടരുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഫെയ്‌സ്ബുക്ക് യൂസര്‍മാരെ ഒരു പ്രത്യേക സന്ദേശം പങ്കിടാന്‍ പ്രേരിപ്പിക്കുന്ന തട്ടിപ്പാണത്. സന്ദേശം പങ്കിടുന്നില്ലെങ്കില്‍ ഫെയ്‌സ്ബുക്കിന് അംഗത്വഫീസ് നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് സന്ദേശത്തിലുള്ളത്.

പുതിയൊരു 'മെമ്പര്‍ഷിപ്പ് പ്രൈസ് ഗ്രിഡ്' ഫെയ്‌സ്ബുക്ക് ആവിഷ്‌ക്കരിച്ചുവെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോന്‍സ് തലങ്ങളിലുള്ള അംഗത്വമാണ് അതത്രേ. മെസേജ് പങ്കിടുന്നവരെ അംഗത്വഫീസില്‍നിന്ന് ഫെയ്‌സ്ബുക്ക് ഒഴിവാക്കുമെന്നും സന്ദേശം പറയുന്നു. സന്ദേശം പങ്കിടുന്നില്ലെങ്കില്‍ അടുത്ത തവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഫീസ് നല്‍കാന്‍ നിങ്ങള്‍ നിര്‍ബന്ധിതമാകുമത്രേ.

ഫെയ്‌സ്ബുക്കിലൂടെ പടരുന്ന വ്യാജസന്ദേശം


കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ 'സോഫോസ്' ആണ് ഇത്തരമൊരു തട്ടിപ്പ് ഫെയ്‌സ്ബുക്കില്‍ പടരുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സുഹൃത്തുക്കള്‍ക്ക് സഹായകമായിക്കോട്ടെ എന്നു കരുതിയാണ് സന്ദേശം പലരും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതെന്നും സോഫോസ് പറയുന്നു.

ഷെയര്‍ ചെയ്യുന്നതോടെ നിങ്ങളുടെ ഐക്കണ്‍ നീലയാകുമെന്ന് സന്ദേശം പറയുന്നു. നിങ്ങളത് ഷെയര്‍ ചെയ്താലും ഐക്കണിന്റെ നിറം മാറുന്നില്ല എന്നത്, അത് വ്യാജമാണെന്നതിന്റെ സൂചനയാണ്.

മറ്റൊരു സംഗതി കൂടി. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്, അതിലെ അംഗത്വം എക്കാലവും സൗജന്യമായിരിക്കുമെന്ന്. ഇത്തരം തട്ടിപ്പുകള്‍ കാണുമ്പോള്‍ അക്കാര്യം ഓര്‍ക്കുക.

ഫെയ്‌സ്ബുക്കിലെ അംഗങ്ങളുടെ എണ്ണം നൂറുകോടി കവിഞ്ഞ വാര്‍ത്ത വന്നതിന് പിറ്റേന്നാണ് പുതിയ തട്ടിപ്പ് പടരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
TAGS:


Stories in this Section