ഫെയ്‌സ്ബുക്കിനും ഇനി എസ്.എം.എസ്.സര്‍വീസ്

Posted on: 05 Dec 2012


-സ്വന്തം ലേഖകന്‍
എസ്.എം.എസ് പിറന്നിട്ട് 20 വര്‍ഷം തികയുന്ന വേളയില്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് എസ്.എം.എസ്.ബിസിനസിലേക്ക് കടക്കുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും മെസേജ് അയയ്ക്കാന്‍ സഹായിക്കുന്ന 'ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍' ആപ് കമ്പനി അവതരിപ്പിച്ചു.

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. അതുപയോഗിച്ച്, ഫെയ്‌സ്ബുക്ക് അംഗങ്ങളല്ലാത്തവര്‍ക്കും എസ്.എം.എസ്. അയയ്ക്കാം.

ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് മറ്റ് ഫെയ്‌സ്ബുക്ക് അംഗങ്ങളുമായി ചാറ്റ് നടത്താനാണ് ഇതുവരെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ പ്രയോജനപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ആപ്പ് വ്യസ്തമായ ഒന്നാണ്.

പേരും ഫോണ്‍നമ്പറും മാത്രം മതി പുതിയ ആപ് ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാന്‍. ഇതിനര്‍ഥം മെസേജിങിനായി ഒരു പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഫെയ്ബുക്ക് ആരംഭിക്കുന്നു എന്നാണ്. വളര്‍ച്ചയുടെ പുതിയൊരു മേഖലയായി കമ്പനി എസ്.എം.എസിനെ കാണുന്നുവെന്നും അര്‍ഥമാക്കാം.


ക്രോസ്-പ്ലാറ്റ്‌ഫോം ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസായ 'വാട്ട്‌സ്ആപ്' (Whatsapp) ഏറ്റെടുക്കാന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, നിലവിലുള്ള ചാറ്റ് സര്‍വീസിനെ തന്നെ മെസേജിങിനും കൂടി ഉപയോഗിക്കുകയാണ് ഫെയ്‌സ്ബുക്ക് ചെയ്തിരിക്കുന്നത്.

20 വര്‍ഷംമുമ്പ് ആരംഭിച്ച എസ്.എം.എസിന്റെ ചരിത്രത്തിലെ പുതിയൊരു വഴിത്തിരിവാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.

1992 ഡിസംബറില്‍ ബ്രിട്ടീഷ് എന്‍ജിനിയര്‍ നീല്‍ പാപ്‌വര്‍ത്ത് ആണ് ലോകത്തെ ആദ്യത്തെ എസ്.എം.എസ്.അയച്ചത്. അന്ന് 22-കാരനായിരുന്ന പാപ്‌വര്‍ത്ത്, തന്റെ കമ്പ്യൂട്ടറില്‍നിന്ന് വൊഡാഫോണിലെ റിച്ചാര്‍ഡിന് ജാര്‍വിസിന് 'Merry Christmas' എന്ന ആശംസ അയച്ചതോടെയാണ് എ.എം.എസ്.യുഗം ആരംഭിച്ചത്. എസ്.എം.എസ്.അയയ്ക്കാന്‍ കഴിയുന്ന ആദ്യ മൊബൈല്‍ ഫോണ്‍ 1993 ല്‍ നോക്കിയ അവതരിപ്പിച്ചു.

നിലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മൂന്നുപേരില്‍ രണ്ടാള്‍ എസ്.എം.എസ്. പതിവായി അയയ്ക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് എട്ട് ലക്ഷംകോടി എസ്.എം.എസ്. ആണ് അയയ്ക്കപ്പെട്ടത്.
TAGS:
facebook messenger  |  sms  |  facebook  |  mobile  |  social network  |  history of technology 


Stories in this Section