ഫെയ്‌സ്ബുക്കിന്റെ പകുതി അവകാശപ്പെട്ടയാള്‍ അകത്തായി

Posted on: 27 Oct 2012


-സ്വന്തം ലേഖകന്‍
ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയില്‍ പകുതി അവകാശപ്പെട്ട് കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗിനെതിരെ കേസുകൊടുത്ത ന്യൂയോര്‍ക്ക് സംരംഭകന്‍ പോള്‍ സെഗ്ലിയ അറസ്റ്റിലായി. വ്യാജരേഖകള്‍ ചമച്ചും തെളിവുകള്‍ നശിപ്പിച്ചും ഫെയ്‌സ്ബുക്കിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനാണ് 39-കാരനായ സെഗ്ലിയയുടെ അറസ്റ്റ്.

2003 ഏപ്രിലില്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ സക്കര്‍ബര്‍ഗ് വിദ്യാര്‍ഥിയായിരുന്ന സമയത്ത് താനുമായി ഒരു കരാര്‍ ഒപ്പിട്ടതായും, അതുപ്രകാരം ഫെയ്‌സ്ബുക്ക് എന്ന് പിന്നീട് അറിയപ്പെട്ട വെബ് സംരംഭത്തിന്റെ പകുതി തനിക്ക് അവകാശപ്പെട്ടതാണെന്നും കാണിച്ച് 2010 ലാണ് സെഗ്ലിയ കേസ് കൊടുത്തത്.

സെഗ്ലിയ തന്റെ അവകാശവാദം തെളിയിക്കാനായി രണ്ടുപേജ് വരുന്ന കരാറും, താനും സക്കര്‍ബര്‍ഗും തമ്മില്‍ നടത്തിയ ഈമെയിലുകളുടെ കോപ്പിയും ഹാജരാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ കരാറും മറ്റ് രേഖകളും വ്യാജമായി നിര്‍മിച്ചതാണെന്ന് തെളിഞ്ഞെന്ന് അധികൃതര്‍ പറഞ്ഞു. അതെ തുടര്‍ന്നാണ് സെഗ്ലിയയെ ന്യൂയോര്‍ക്കിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

കരാര്‍രേഖയുടെ ആദ്യപേജ് വ്യാജമായി നിര്‍മിച്ചിട്ട്, ഇരുകക്ഷികളുടെയും ഒപ്പുള്ള രണ്ടാംപേജ് അതിനൊപ്പം വെയ്ക്കുകയാണ് സെഗ്ലിയ ചെയ്തത്. 2003 ഏപ്രില്‍ 28 എന്ന തിയതിയാണ് കരാറിലുള്ളത്. ഫെയ്‌സ്ബുക്ക് എന്ന ആശയം ഉരുത്തിരിയുന്ന സമയമാണത്.

പോള്‍ സെഗ്ലിയ - ഫോട്ടോ കടപ്പാട്: വാള്‍സ്ട്രീറ്റ് ജേര്‍ണല്‍
കരാര്‍ മാത്രമല്ല, സക്കര്‍ബര്‍ഗ് അയച്ച ഈമെയിലുകളെന്ന് പറഞ്ഞ് ഹാജരാക്കിയ രേഖകളും സെഗ്ലിയ കെട്ടച്ചമച്ചുണ്ടാക്കിയതാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

വന്‍തോതിലുള്ള തട്ടിപ്പ് നടത്താന്‍ മാത്രമല്ല, തെറ്റായ തെളിവുകളുണ്ടാക്കുക വഴി നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യാനും സെഗ്ലിയ ശ്രമിച്ചു-ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ടിലെ യു.എസ്.അറ്റോണി പ്രീറ്റ് ഭരര പ്രോസിക്യൂഷന് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2003 ഏപ്രിലില്‍ streetfax.com എന്നൊരു ഓണ്‍ലൈന്‍ ബിസിനസ് സെഗ്ലിയ നടത്തിയിരുന്ന സമയത്ത്, സക്കര്‍ബര്‍ഗുമായി ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. കമ്പനിക്കായി ചില പ്രോഗ്രാമിങ് ജോലി സക്കര്‍ബര്‍ഗ് ചെയ്യുന്നതിന് നല്‍കുന്ന പ്രതിഫലം സംബന്ധിച്ചായിരുന്നു കരാര്‍. ആ കരാറിന്റെ ഭാഗമായി, 'The Face Book' ന്റെ 50 ശതമാനം ഉടമസ്ഥത തനിക്ക് സക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തിരുന്നു എന്നതാണ് സെഗ്ലിയയുടെ അവകാശവാദം.

മാത്രമല്ല, 2003 ജൂലായ്ക്കും 2004 ജൂലായ്ക്കുമിടയില്‍ സക്കര്‍ബര്‍ഗ് താനുമായി ഹാര്‍വാഡ് ഈമെയില്‍ അക്കൗണ്ട് വഴി നടത്തിയ കത്തിടപാടുകളാണ് കരാറിനൊപ്പം സെഗ്ലിയ ഹാജരാക്കിയത്. അതില്‍ ഫെയ്‌സ്ബുക്ക് പദ്ധതിയെക്കുറിച്ചും അതുപയോഗിച്ച് എങ്ങനെ വരുമാനമുണ്ടാക്കാമെന്നും ചര്‍ച്ചചെയ്യുന്നുണ്ട്. അതുമുഴുവനും വ്യാജമാണെന്ന് അധികൃതര്‍ പറയുന്നു.

പ്രോഗ്രാമിങ് ജോലിയുമായി ബന്ധപ്പെട്ട് സെഗ്ലിയയും സക്കര്‍ബര്‍ഗും തമ്മില്‍ 2003 ഏപ്രില്‍ 28 ന് ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. അതിന്റെ യഥാര്‍ഥ കോപ്പി സെഗ്ലിയയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവില്‍നിന്ന് അധികൃതര്‍ കണ്ടെടുത്തു. അതില്‍ ഫെയ്‌സ്ബുക്കിനെക്കുറിച്ചോ, അതിന്റെ ഉടമസ്ഥതയെക്കുറിച്ചോ ഒന്നും പറയുന്നില്ല. സെഗ്ലിയയുടെ കമ്പ്യൂട്ടറില്‍നിന്ന് ഈമെയിലുകളും കൃത്രിമമായി സൃഷ്ടിച്ചതാണ് എന്നതിന് തെളവ് കണ്ടെത്താന്‍ അധികൃതര്‍ക്കായി.

തട്ടിപ്പിന്റെ പേരില്‍ രണ്ട് കുറ്റങ്ങളാണ് സെഗ്ലിയയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഓരോന്നിനും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. (പോള്‍ സെഗ്ലിയയുടെ ഫോട്ടോക്ക് കടപ്പാട്: വാള്‍സ്ട്രീറ്റ് ജേര്‍ണല്‍).
TAGS:


Stories in this Section