ട്വിറ്റര്‍ വഴികാട്ടുന്നു; ക്ലിക്ക് ചെയ്യാവുന്ന ഹാഷ് ടാഗ് ഫെയ്‌സ്ബുക്കിലേക്കും

Posted on: 13 Jun 2013
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളെ പിന്തുടരാന്‍ സഹായിക്കുന്ന ക്ലിക്ക് ചെയ്യാവുന്ന ഹാഷ് ടാഗ് ( Hashtag ) സംവിധാനം ഫെയ്‌സ്ബുക്കിലേക്കും ചെക്കേറുന്നു. ട്വിറ്ററാണ് ഹാഷ് ടാഗ് സമ്പ്രദായം ജനപ്രിയമാക്കിയത്.

ഒരു വാക്കിനൊപ്പം ' # ' ചിഹ്നം ഉപയോഗിക്കുന്നതോടെ ആ വാക്കൊരു ക്ലിക്ക് ചെയ്യാവുന്ന ലിങ്കായി രൂപപ്പെടും. മാത്രമല്ല, അതേ വിഷയം ചര്‍ച്ചചെയ്യുന്നതുമായി അത് ഒരു ഫീഡ് വഴി ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് ഹാഷ് ടാഗ് കൊണ്ടുള്ള ഗുണം.

എന്നുവെച്ചാല്‍, ഒരേ വിഷയം സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പലര്‍ ചര്‍ച്ചചെയ്യുന്നത് ഹാഷ് ടാഗ് വഴി ബന്ധിപ്പിക്കപ്പെടുന്നു. പരസ്പരം അറിയാതെ ഒറ്റപ്പെട്ട തുരുത്തുകളായി ചര്‍ച്ചകള്‍ മാറുന്നത് ഒഴിവാക്കപ്പെടും.

'എന്താണ് സംഭവിക്കുന്നത് എന്നുള്ളതിന്റെ വിപുലമായ ദൃശ്യം പ്രദാനംചെയ്യാനാ'ണ് ഇതുവഴി ശ്രമിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കൂട്ടാനും ഇത് സഹായിച്ചേക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു.


പിന്റെറെസ്റ്റ് ( Pinterest ), ടംബ്‌ലര്‍ ( Tumblr ), ഗൂഗിള്‍ പ്ലസ് ( Google+ ), സിന വീബോ ( Sina Weibo ), ലിങ്കഡ്ഇന്‍ ( LinkedIn ), ഇന്‍സ്റ്റഗ്രാം ( Instagram ) തുടങ്ങിയ സര്‍വീസുകള്‍ ഇതിനകം തന്നെ ഹാഷ് ടാഗ് ഉപയോഗിക്കുന്നുണ്ട് (ഇതില്‍ ഇന്‍സ്റ്റഗ്രാം ഫെയ്‌സ്ബുക്ക് ഏറ്റെടുത്ത ഫോട്ടോസര്‍വീസാണ്).

ഹാഷ് ടാഗില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഹാഷ് ടാഗ് ചെയ്യപ്പെട്ട അതേ വാക്കുകളുള്ള കമന്റുകള്‍ സമയക്രമമനുസരിച്ച് പ്രത്യക്ഷപ്പെടുമെന്ന് ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് പറയുന്നു. നിങ്ങളുടെ സുഹൃത്തല്ലാത്തവരുടെയും, നിങ്ങള്‍ ലൈക്ക് ചെയ്യാത്ത പേജുകളിലയും സമാന ഹാഷ് ടാഗുള്ള കമന്റുകളും അതില്‍ പെടും.

ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ ആളുകളെ സഹായിക്കുക. അതിനുള്ള ആദ്യപടിയാണ് ഹാഷ് ടാഗുകള്‍. ഇതുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകള്‍ (ഹാഷ് ടാഗ് ട്രെന്‍ഡുകള്‍ ഉള്‍പ്പടെ) വരുംനാളുകളില്‍ അവതരിപ്പിക്കുമെന്നും ഫെയ്‌സ്ബുക്ക് അറിയിപ്പ് പറയുന്നു.

അതേസയമം, താന്‍ ഹാഷ് ടാഗ് ചെയ്ത പോസ്റ്റുകള്‍ കാണേണ്ടത് ആരെന്ന് യൂസര്‍ക്ക് നിശ്ചയിക്കുകയും ചെയ്യാം.
TAGS:
facebook  |  hashtag  |  twitter  |  clickable hashtag  |  social media 


Stories in this Section