ഇന്ത്യക്കാര്‍ 4000 വര്‍ഷംമുമ്പ് ഓസ്‌ട്രേലിയയില്‍ കുടിയേറി - പഠനം

Posted on: 15 Jan 2013


- സ്വന്തം ലേഖകന്‍ആദിമ ഓസ്‌ട്രേലിയക്കാരില്‍ ഇന്ത്യക്കാരുടെ ജീനുകളും


ഓസ്‌ട്രേലിയന്‍ പൈതൃകം സംബന്ധിച്ച പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ തകിടംമറിച്ചുകൊണ്ട്, 4000 വര്‍ഷം മുമ്പ് ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയില്‍ കുടിയേറിയതിന്റെ ജനിതക തെളിവ് ഗവേഷകര്‍ക്ക് ലഭിച്ചു. ഓസ്‌ട്രേലിയന്‍ ആദിമനിവാസികളുടെയും ഇന്ത്യക്കാരുടെയും ജനിതക സവിശേഷതകള്‍ താരതമ്യം ചെയ്ത ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.

ആഫ്രിക്കയില്‍നിന്ന് പുറത്തേക്ക് വ്യാപിച്ച ആധുനിക മനുഷ്യവര്‍ഗം 40,000 വര്‍ഷംമുമ്പ് ഓസ്‌ട്രേലിയയിലെത്തി എന്നാണ് നരവംശശാസ്ത്രജ്ഞരുടെ നിഗമനം. അതിന് ശേഷം, പത്തൊന്‍പതാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ വംശജര്‍ കുടിയേറും വരെ, ഓസ്‌ട്രേലിയന്‍ നിവാസികള്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിഞ്ഞു എന്നാണ് ഇതുവരെ കരുതിയിരുന്നത്.

ആ നിഗമനത്തെ ചോദ്യംചെയ്യുന്ന കണ്ടെത്തലാണ് 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി' (PNAS) ന്റെ പുതിയ ലക്കത്തിലുള്ളത്. യൂറോപ്യന്‍ വംശജര്‍ എത്തുന്നതിനും വളരെക്കാലം മുമ്പേ ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയില്‍ എത്തിയതായി ജനിതകപഠനം പറയുന്നു.

ഓസ്‌ട്രേലിയന്‍ ആദമിനിവാസികള്‍, ഇന്ത്യക്കാര്‍, പപ്പ്വാ ന്യൂ ഗിനിക്കാര്‍ തുടങ്ങി 300 പേരുടെ ജനിതകദ്രവ്യം വിശകലനത്തിനും താരതമ്യത്തിനും ഗവേഷകര്‍ വിധേയമാക്കി. ഏതാണ്ട് 4230 വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് 'കാര്യമായ ജനിതക നീക്കം' നടന്നതായി പഠനത്തില്‍ കണ്ടു. 141 തലമുറ മുമ്പായിരുന്നു അത്.

തെക്കുകിഴക്കന്‍ ഏഷ്യന്‍ ജനവിഭാഗങ്ങളിലൂടെ, ഇന്‍ഡൊനീഷ്യ വഴിയോ, വടക്കാന്‍ ഓസ്‌ട്രേലിയ വഴിയോ പരോക്ഷ രീതിയില്‍ ഇന്ത്യക്കാരുടെ ജനിതകദ്രവ്യം ആദിമ ഓസ്‌ട്രേലിയക്കാരിലെത്താം. അങ്ങനെയെങ്കില്‍, ഇടത്തട്ടുകാരായി വര്‍ത്തിച്ച വര്‍ഗങ്ങളുടെ ജീനുകളും ആദിമ ഓസ്‌ട്രേലിയക്കാരില്‍ കാണേണ്ടതാണ്. അതില്ലാത്ത സ്ഥിതിക്ക് ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയില്‍ കുടിയേറി എന്നുതന്നെ കരുതണമെന്ന് ഗവേഷകര്‍ പറയുന്നു.

'ഹോളോസീന്‍' (Holocene)
കാലത്തായിരുന്നു ഇന്ത്യക്കാരുടെ കുടിയേറ്റം. ഫോസില്‍ തെളിവുകള്‍ പ്രകാരം ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ഏറെ മാറ്റങ്ങളുണ്ടായ കാലമായിരുന്നു അതെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ജര്‍മനിയില്‍ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഇവല്യൂഷണറി ആന്ത്രോപ്പോളജി'യിലെ ഇറിന പുഗാക് പറഞ്ഞു.

ഡിന്‍ഗോ കാട്ടുനായ


'സസ്യസംസ്‌ക്കരണം മുതല്‍ ശിലായുധങ്ങള്‍ വരെയുള്ളവയുടെ സാങ്കേതികവിദ്യകളില്‍ പൊടുന്നനെയൊരു മാറ്റം ദൃശ്യമായ കാലമാണത്. ആദ്യമായി കല്‍കത്തികള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യക്കാരുടെ കുടിയേറ്റ വേളയിലാണ് 'ഡിന്‍ഗോ' (dingo) കാട്ടുനായ്ക്കളും ഓസ്‌ട്രേലിയയില്‍ പ്രത്യക്ഷപ്പെടുന്നത്'' - ഇറിന പറഞ്ഞു.

ഡിന്‍ഗോ നായ്ക്കള്‍ ഓസ്‌ട്രേലിയയില്‍ എത്തിയത് ഇന്ത്യക്കാര്‍ വഴിയാകാമെന്നാണ് കരുതുന്നത്. ഇന്ത്യക്കാരുടെ ജീനുകള്‍ ഓസ്‌ട്രേലിയക്കാരിലേക്ക് എത്തിയ സമയം അതായതിനാല്‍, ഓസ്‌ട്രേലിയയില്‍ ആ കാലയളവില്‍ സംഭവിച്ച മാറ്റങ്ങള്‍ക്ക് ഇന്ത്യക്കാരുടെ കുടിയേറ്റവുമായി ബന്ധമുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു - അവര്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ പ്രാചീന കുടിയേറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല പുതിയ പഠനം നല്‍കുന്നത്. ഓസ്‌ട്രേലിയയിലെ ആദിമനിവാസികള്‍, ന്യൂ ഗിനി നിവാസികള്‍, ഫിലിപ്പീന്‍സിലെ നിഗ്രിറ്റോ ഗ്രൂപ്പായ മമാന്‍വ വര്‍ഗക്കാര്‍ എന്നിവരെല്ലാം പൊതുപൂര്‍വികനില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും പഠനം പറയുന്നു. 36,000 വര്‍ഷംമുമ്പാണത്ര ഈ വര്‍ഗങ്ങള്‍ വേര്‍പിരിഞ്ഞത്.
TAGS:
dna study  |  genetics  |  australia  |  india  |  human migration 


Stories in this Section