സൈബര്‍ ആക്രമണം : നാറ്റോ പ്രതിരോധം ശക്തമാക്കുന്നു

Posted on: 01 Jun 2013
ബ്രസല്‍സ് : സഖ്യകക്ഷിരാഷ്ട്രങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കാന്‍ നാറ്റോ പദ്ധതി. അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ സുരക്ഷായോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക.

യു.എസ് പ്രതിരോധ സെക്രട്ടറി ചുക് ഹേഗലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡ്രസ് ഫോഗ് റാസ്മുസ്സേന്‍ സൈബര്‍ പ്രത്യാക്രമണത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും കഴിഞ്ഞ മാര്‍ച്ചില്‍ സൂചന നല്‍കിയിരുന്നു.

എസ്‌തോണിയയുടെ തലസ്ഥാനമായ താലിന്നില്‍ 2008 ല്‍ ഏഴ് നാറ്റോ രാജ്യങ്ങള്‍ സൈബര്‍ ആക്രമണ പ്രതിരോധത്തിനായി സംയുക്തകേന്ദ്രം തുടങ്ങിയിരുന്നു. 2010 നവംബറില്‍ നാറ്റോ പുറത്തുവിട്ട ആധുനിക പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചുള്ള രേഖയിലും സൈബര്‍യുദ്ധം പ്രതിരോധിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞിരുന്നു.

ഇപ്പോള്‍ ഈ സംവിധാനത്തില്‍ എസ്‌തോണിയ, ജര്‍മ്മനി, ഹംഗറി, ഇറ്റലി, ലാത്വിയ, ലിത്വാനിയ, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, സ്ലോവാക്യ, സ്‌പെയിന്‍, യു.എസ് എന്നീ രാജ്യങ്ങള്‍ സഹകരിക്കുന്നുണ്ട്.

ചൈനയുടെ സൈബര്‍ ആക്രമണ ഭീഷണി വര്‍ധിച്ചതോടെ, ഈ മേഖലയിലെ സുരക്ഷ ശക്തമാക്കാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ നീക്കം തുടങ്ങിയതുമായി ചേര്‍ത്തു വായിക്കേണ്ടതാണ് നാറ്റോയുടെ നടപടിയും.

ചൈന ഡിജിറ്റല്‍ സൈനികാഭ്യാസം നടത്തുന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് നാറ്റോ ഇക്കാര്യം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഉത്തര ചൈനയിലെ മംഗോളിയയില്‍ അടുത്തയാഴ്ച്ചയാണ് ചൈനയുടെ ഡിജിറ്റല്‍ സൈനികാഭ്യാസം.
TAGS:
cyber war  |  nato  |  online securtiy 


Stories in this Section