വിന്‍ഡോസ് 8 - ആന്‍ഡ്രോയ്ഡ് ലാപ്‌ടോപ്പുമായി അസ്യൂസ്

Posted on: 04 Jun 2013
ഇതുവരെ അവതരിപ്പിക്കപ്പെട്ട പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെയെല്ലാം ഒരര്‍ഥത്തില്‍ കടത്തിവെട്ടുകയാണ് അസ്യൂസ് കമ്പനിയുടെ 'ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ട്രയോ' ( Transformer Book Trio ). ഒരേസമയം അത് വിന്‍ഡോസ് 8 കമ്പ്യൂട്ടറും ആന്‍ഡ്രോയ്ഡ് (ജെല്ലി ബീന്‍) കമ്പ്യൂട്ടറുമാണ് !

മാത്രമല്ല, അനായാസം മൂന്ന് തരത്തില്‍ മാറ്റാവുന്നതാണ് ഈ കമ്പ്യൂട്ടര്‍. ശരിക്കുമൊരു 'ത്രീ ഇന്‍ വണ്‍' ഉപകരണം. കീബോര്‍ഡുമായി ഘടിപ്പിച്ച് ഇതിനെ വിന്‍ഡോസ് 8 ലാപ്‌ടോപ്പും, വിന്‍ഡോസ് 8 ഡെസ്‌ക്‌ടോപ്പ് പിസിയും ആക്കി മാറ്റാം. കീബോര്‍ഡ് ഒഴിവാക്കി ഒരു സാധാരണ ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റായും ഉപയോഗിക്കാം.

തായ്‌പേയില്‍ ആരംഭിക്കുന്ന 'കംപ്യൂട്ടെക്‌സ് 2013' ന് മുന്നോടിയായി അസ്യൂസ് അവതരിപ്പിച്ചതാണ് ഈ സങ്കര കമ്പ്യൂട്ടര്‍.

വിന്‍ഡോസിലേക്കും ആന്‍ഡ്രോയ്ഡിലേക്കും തെല്ലും തടസ്സമില്ലാതെ മാറാന്‍ കഴിയും വിധത്തിലാണ് ഈ ഉപകരണം നിര്‍മിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും ഏഴ് ലക്ഷത്തിലേറെ ആപ്ലിക്കേഷനുകള്‍ ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും.

ഇരട്ടചങ്കുള്ള ജന്മമാണ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ട്രയോയുടേത്. രണ്ട് പ്ലാറ്റ്‌ഫോമുകളെയും താങ്ങാന്‍ പാകത്തില്‍ ഇരട്ട പ്രൊസസറുകള്‍ ഇതിലുണ്ട്. വിന്‍ഡോസ് 8 ന് ഇന്റല്‍ കോര്‍ ഐ7, ആന്‍ഡ്രോയ്ഡിന് 2Ghz ഇന്റല്‍ ആറ്റം പ്രൊസസറും.

11.6 ഇഞ്ച് വലിപ്പത്തില്‍ 1920 X 1080 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയോടുകൂടിയാണ് ഈ ഉപകരണം എത്തുന്നത്. രണ്ട് പ്രൊസസറുകള്‍ കൂടാതെ 750 ജിബി ഹാര്‍ഡ്‌ഡ്രൈവും ഇതിലുണ്ട്. ഫ് ളാഷ് സ്റ്റോറേജ് വഴി അത് 64 ജിബി കൂടി വര്‍ധിപ്പിക്കാം.

ഈ സങ്കര കമ്പ്യൂട്ടറിനൊപ്പമുള്ള പിസി സ്റ്റേഷന്‍ ഡോക്കിനെ ചാര്‍ജറായും ഉപയോഗിക്കാം.

വിവിധ മോഡുകളിലേക്ക് എളുപ്പത്തില്‍ മാറാന്‍ ഈ കമ്പ്യൂട്ടറില്‍ തടസ്സമില്ലെന്ന് അസ്യൂസ് പറയുന്നു. ഡേറ്റ സിങ്ക്രണൈസ് ചെയ്യുന്നതും, വെബ്ബ് പേജ് സര്‍ഫ് ചെയ്യുന്നതും തുടര്‍ന്നുകൊണ്ടു തന്നെ നോട്ട്ബുക്ക് മോഡില്‍ നിന്ന് ടാബ്‌ലറ്റ് മോഡിലേക്ക് മാറാന്‍ കഴിയും.

ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ട്രയോയുടെ വില എത്രയെന്ന് അസ്യൂസ് ഒരു സൂചനയും നല്‍കിയിട്ടില്ല. ഈ വര്‍ഷം രണ്ടാംപകുതിയില്‍ അത് വിപണിയിലെത്തുമെന്ന് മാത്രമേ കമ്പനി പറയുന്നുള്ളൂ.


Stories in this Section