കടലച്ചെടിയുടെ ജനിതകഘടന അനാവരണം ചെയ്തു, നേട്ടത്തിനു പിന്നില്‍ ഹൈദരാബാദിലെ സ്ഥാപനം

Posted on: 29 Jan 2013


വി.വി.വിജുന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക-ഭക്ഷ്യസുരക്ഷാമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന ജനിതക സാങ്കേതികനേട്ടവുമായി ആന്ധ്രപ്രദേശിലെ 'ഇക്രിസാറ്റ്' (ഇന്റര്‍നാഷണല്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെമി അറിഡ് ട്രോപിക്‌സ്) എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍.

കടലച്ചെടി (സിസര്‍ അറീറ്റിനം) യുടെ ജനിതക ഘടന അനാവരണം ചെയ്യുന്നത് വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇവര്‍ നേട്ടം കൊയ്തത്. ഈ സാങ്കേതികജ്ഞാനം പ്രയോജനപ്പെടുത്തി, ഉയര്‍ന്ന വിളവും രോഗപ്രതിരോധശേഷിയും കൂടുതല്‍ ഗുണങ്ങളുമുള്ള കടലച്ചെടികള്‍ വികസിപ്പിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥാ പ്രത്യേകതകള്‍ക്കനുസൃതമായും ഭൂമിശാസ്ത്രഘടന പരിഗണിച്ചും വിളകള്‍ രൂപകല്‍പന ചെയ്യാം. വരള്‍ച്ചാ മേഖലകളില്‍ കുറഞ്ഞ അളവില്‍ ജലം ഉപയോഗിച്ച് കൃഷി ചെയ്യാവുന്ന ചെടികള്‍ വികസിപ്പിക്കാന്‍ കഴിയും.

ലോകത്ത് ആദ്യമായാണ് കടലയുടെ ജനിതകഘടന അനാവരണം ചെയ്യുന്നത്. ജൈവസാങ്കേതികരംഗത്തെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'നേച്ചര്‍ ബയോടെക്‌നോളജി'യില്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു.

ചെറിയ പരിപ്പുള്ള ദേശി (മണിക്കടല), വലിയ പരിപ്പുള്ള കാബൂളി എന്നീ കടലയിനങ്ങളാണ് പ്രധാനമായും നമ്മുടെ നാട്ടില്‍ ഉപയോഗത്തിലുള്ളത്. കാബൂളി കടലയിലായിരുന്നു 'ഇക്രിസാറ്റി'ന്റെ പരീക്ഷണം.

ഈ അറിവുകള്‍ പൊതുസമൂഹത്തിനായി തുറന്നിടുമെന്ന് 'ഇക്രിസാറ്റ്' ഡയറക്ടര്‍ ജനറല്‍ ഡോ.വില്യം ഡി.ധര്‍ പറഞ്ഞു. ഇത് കുത്തകയാക്കിവെക്കാനോ പേറ്റന്റ്എടുക്കാനോ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ചെറുകിട-ദരിദ്ര കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ സാങ്കേതികവിദ്യയെന്ന് കേന്ദ്ര കൃഷി മന്ത്രാലയ സെക്രട്ടറി ആശിഷ് ബഹുഗുണ പറഞ്ഞു.

ഇപ്പോള്‍ ഹെക്ടറില്‍ 700-900 കിലോഗ്രാം ആണ് ഉത്പാദനം. ജനിതക വിദ്യയിലൂടെ ഇത് വര്‍ധിപ്പിക്കാം. മാംസ്യസമൃദ്ധമായ ഭക്ഷണമെന്നനിലയില്‍ ഭക്ഷ്യസുരക്ഷാമേഖലയിലും ഈ കണ്ടുപിടിത്തത്തിന് മാറ്റങ്ങള്‍ ഉണ്ടാക്കാനാകും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സ്വപന്‍ കെ.ദത്ത, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ജീനോമിക്‌സ് ഡയറക്ടര്‍ ഡോ.രാജീവ് കെ. വര്‍ഷ്‌ണേയി എന്നിവരും പരീക്ഷണവിജയത്തെപ്പറ്റി വിശദീകരിച്ചു.

TAGS:
chickpea  |  genome  |  nature biotechnology  |  genetics  |  science  |  india 


Stories in this Section