'ഡിജിറ്റല്‍ ഇമേജിങിന്റെ പിതാവ്' ബ്രൈസ് ബേയര്‍ അന്തരിച്ചു

Posted on: 25 Nov 2012
ബ്രന്‍സ്‌വിക്ക് (യു.എസ്): ആധുനിക ഡിജിറ്റല്‍ ഇമേജ് സെന്‍സറുകളുടെ മുഖ്യഭാഗമായ 'ബേയര്‍ ഫില്‍റ്റര്‍' വികസിപ്പിച്ച മുന്‍ ഈസ്റ്റ്മാന്‍ കൊഡാക്ക് ശാസ്ത്രജ്ഞന്‍ ബ്രൈസ് ബേയര്‍ (83) അന്തരിച്ചു.

ഇപ്പോള്‍ നമ്മള്‍ കാണുന്ന ഏത് ഡിജിറ്റല്‍ ഫോട്ടോയ്ക്കു പിന്നിലും ബേയറുടെ കൈമുദ്രയുണ്ട്. 1976 ല്‍ ബേയര്‍ വികസിപ്പിച്ച കളര്‍ ഫില്‍റ്ററാണ്, ഡിജിറ്റല്‍ ക്യാമറകളും മൊബൈല്‍ഫോണ്‍ ക്യാമറകളും വീഡിയോ ക്യമാറകളുമുള്‍പ്പടെ, ആധുനിക ഇമേജിങ് ഉപകരണങ്ങളിലൊക്കെ പ്രയോജനപ്പെടുത്തുന്നത്. കളര്‍ചിത്രങ്ങള്‍ ഒറ്റ സെന്‍സറിന്റെ സഹായത്തോടെ എടുക്കാന്‍ ബേയര്‍ ഫില്‍റ്റര്‍ സഹായിക്കുന്നു.

ബേയറുടെ സ്വന്തം പേര് വഹിക്കുന്ന ആ കളര്‍ ഫില്‍റ്ററില്‍, ചുവപ്പ്, പച്ച, നീല ഫില്‍റ്ററുകളുടെ ഒരു മൊസേക്ക് ലേഔട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇമേജ് സെന്‍സറിലെ പിക്‌സല്‍ നിരയില്‍ ബേയര്‍ ഫില്‍റ്ററിന്റെ ക്രമീകരണം


മനുഷ്യനേത്രങ്ങള്‍ നിറങ്ങള്‍ മനസിലാക്കുന്ന തന്ത്രത്തെ അതേപടി അനുകരിക്കുകയാണ് ബേയര്‍ ഫില്‍റ്റര്‍ ചെയ്യുന്നത്. ഒരു സവിശേഷ ആല്‍ഗരിതത്തിന്റെ സഹായത്തോടെ കൃത്യമായ RGB image സൃഷ്ടിക്കാന്‍ ബേയര്‍ ഫില്‍റ്റര്‍ സഹായിക്കുന്നു.

സംഭരണം, മെച്ചപ്പെടുത്തല്‍, പ്രിന്റിങ് തുടങ്ങി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ ഇതര മേഖലകളിലും കാര്യമായ സംഭാവന ചെയ്തിട്ടുള്ള ശാസ്ത്രജ്ഞനാണ് ബേയര്‍.

നവംബര്‍ 13 ന് മെയ്‌നിലെ ബ്രന്‍സ്‌വിക്കിലാണ് ബേയര്‍ അന്തരിച്ചതെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. 1990 കളുടെ മധ്യേയാണ് അദ്ദേഹം കൊഡാക്കില്‍ നിന്ന് വിരമിച്ചത്.


Stories in this Section