ബാര്‍കോഡിന്റെ സഹഉപജ്ഞാതാവ് വുഡ്‌ലന്‍ഡ് അന്തരിച്ചു

Posted on: 14 Dec 2012
ന്യൂ ജേഴ്‌സി (യു.എസ്): ബാര്‍കോഡിന്റെ ഉപജ്ഞാതാക്കളിലൊരാളായ നോര്‍മന്‍ ജോസഫ് വുഡ്‌ലന്‍ഡ് (91) ന്യൂ ജേഴ്‌സിയിലെ വസതിയില്‍ അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യമെന്ന് വുഡ്‌ലന്‍ഡിന്റെ മകള്‍ സൂസണ്‍ മാധ്യമങ്ങളെ അറിയിച്ചു. അദ്ദേഹം കുറെ നാളായി അള്‍ഷൈമേഴ്‌സ് രോഗ ബാധിതനായിരുന്നു.

1940 കളില്‍ വുഡ്‌ലന്‍ഡും സഹപാഠിയായിരുന്ന ബെര്‍ണാര്‍ഡ് സില്‍വറും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ്, ഇന്ന് സര്‍വവ്യാപിയായി മാറിയിട്ടുള്ള ബാര്‍കോഡ് രൂപപ്പെടുത്തുന്നതിലേക്ക് നയിച്ചത്.

1952 ല്‍ ലഭിച്ച ബാര്‍കോഡിന്റെ പേറ്റന്റ് പിന്നീട് വെറും 15000 ഡോളറിന് കൈമാറ്റം ചെയ്യപ്പെട്ടു. നിലവില്‍ ദിവസവും ലോകത്താകമാനം 500 കോടി തവണ ബാര്‍കോഡ് സ്‌കാന്‍ ചെയ്യപ്പെടുന്നു എന്നാണ് കണക്ക്.

വുഡ്‌ലന്‍ഡ്‌സും സില്‍വറും യഥാര്‍ഥത്തില്‍ കാലത്തിന് മുന്നേ ചലിക്കുകയായിരുന്നു. അവര്‍ രൂപപ്പെടുത്തിയ ബാര്‍കോഡ് ആദ്യമായി ഉപയോഗിക്കപ്പെടുന്നത് അത് കണ്ടെത്തി 22 വര്‍ഷം കഴിഞ്ഞാണ്. 1974 ല്‍ അമേരിക്കയില്‍ ഒഹായോവിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു ചൂയിങ് ഗമ്മിലാണ് ആദ്യമായി ബാര്‍കോഡ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കപ്പെട്ടത്.

ന്യൂ ജേഴ്‌സിയിലെ അറ്റലാന്റിക് സിറ്റിയില്‍ 1921 സപ്തംബര്‍ ആറിന് ജനിച്ച വുഡ്‌ലന്‍ഡ്, എന്‍ജിനിയറിങ് ബിരുദം നേടിയ ശേഷമാണ് പില്‍ക്കാലത്ത് ഡ്രെക്‌സല്‍ സര്‍വകലാശാല എന്നറിയപ്പെട്ട സ്ഥാപനത്തില്‍ അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ഥിയായി ചേരുന്നത്. ആ സമയത്താണ് ബാര്‍കോഡിന് രൂപംനല്‍കാനുള്ള ശ്രമം വുഡ്‌ലന്‍ഡും സില്‍വറും ആരംഭിക്കുന്നത്.


എന്‍ജിനിയറിങ് സ്‌കൂള്‍ ഡീനിനോട് ഒരു പലചരക്കുകടക്കാരന്‍ നടത്തിയ അഭ്യര്‍ഥന, സില്‍വര്‍ യാദൃശ്ചികമായി കേട്ടതായിരുന്നു ആ അന്വേഷണത്തിന് തുടക്കമിട്ടത്. ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പെട്ടന്ന് കിട്ടാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം ആവിഷ്‌ക്കരിക്കാനായിരുന്നു ആ കടക്കാരന്റെ അഭ്യര്‍ഥന.

ബാര്‍കോഡ് ആശയം പ്രാവര്‍ത്തികമാക്കാനായി ഗ്രാജ്വേറ്റ് സ്‌കൂള്‍ വിട്ടു. ശല്യമില്ലാതെ അത് വികസിപ്പിക്കാന്‍ മിയാമിയില്‍ തന്റെ മുത്തച്ഛന്റെ വീട്ടില്‍ വുഡ്‌ലന്‍ഡ് അഭയം തേടി.

മണല്‍പ്പരപ്പില്‍ ഒരു കസേരയിലിരിക്കുമ്പോഴാണ് ബാര്‍കോഡിന്റെ രൂപം തന്റെ മനസിലേക്കെത്തിയതെന്ന് വുഡ്‌ലാന്‍ഡ് പില്‍ക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി. മോഴ്‌സ് കോഡ് മനസില്‍ വെച്ചുകൊണ്ട് മണലില്‍ വിരല്‍ കൊണ്ട് വരയ്ക്കാന്‍ തുടങ്ങി. നാലു വിരലും മണലില്‍ പൂഴ്ത്തിയിട്ട് വലിച്ചപ്പോള്‍ നാല് വരകള്‍ ഒരേസമയം മണലില്‍ പതിഞ്ഞു.

'ഇപ്പോള്‍ നാല് വരകളുണ്ട്, അവ വണ്ണമുള്ള വരകളുമാകാം നേര്‍ത്ത വരകളുമാകാം....കുത്തുകള്‍ക്കും ഡാഷുകള്‍ക്ക് പകരം'-താന്‍ മനസില്‍ പറഞ്ഞുവെന്ന്, 1999 ല്‍ ഒരു അഭിമുഖത്തില്‍ വുഡ്‌ലന്‍ഡ് വിവരിച്ചു.

1952 ലെ പേറ്റന്റ് 'ഫില്‍കോ' എന്ന ബാറ്ററി സ്റ്റോറേജ് കമ്പനിക്കാണ് വുഡ്‌ലന്‍ഡും സില്‍വറും ചേര്‍ന്ന് വിറ്റത്. 1960 കളില്‍ പേറ്റന്റിന്റെ കാലാവധി കഴിഞ്ഞു. അപ്പോള്‍ വുഡ്‌ലന്‍ഡ് ജോലിചെയ്തിരുന്ന ഐബിഎമ്മിന് ഇന്നത്തെ നിലയ്ക്ക് ബാര്‍കോഡ് രൂപപ്പെടുത്താന്‍ കഴിഞ്ഞു.

ബാര്‍കോഡ് പേറ്റന്റിന് 60 തികഞ്ഞതിന്
പിന്നാലെയാണ്, അതിന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനിയായ വുഡ്‌ലന്‍ഡ് വിടവാങ്ങുന്നത്.

നിലവില്‍ 50 ലക്ഷത്തിലേറെ സ്വതന്ത്ര ബാര്‍കോഡുകള്‍ ലോകമെങ്ങും ഉപയോഗത്തിലുണ്ടെന്ന്, ബാര്‍കോഡ് നിയന്ത്രണം കൈയാളുന്ന ജി.എസ്.1 യു.കെ.യുടെ കണക്ക്.
TAGS:


Stories in this Section