നെക്‌സസ് 7 ത്രീജി (32 ജിബി) ഇന്ത്യയില്‍; വില 21,999 രൂപ

Posted on: 03 Apr 2013
നെക്‌സസ് 7 ടാബ്‌ലറ്റിന്റെ ത്രീജി പതിപ്പ് കാക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. 32 ജിബി നെക്‌സസ് 7 ടാബിന്റെ ത്രീജി മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നു; വില 21,999 രൂപ.

നിലവില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റ് എന്ന് പേരെടുത്തിട്ടുള്ള ഉപകരണമാണ് ഗൂഗിളിന്റെ നെക്‌സസ് 7. കോര്‍ണിങ് ഗൊറില്ല ഗ്ലാസിനാല്‍ സംരക്ഷിക്കപ്പെടുന്ന ഏഴിഞ്ച് ഐ.പി.എസ്.സ്‌ക്രീനുള്ള നെക്‌സസ് 7 ടാബിന്റെ ഡിസ്‌പ്ലേ 1280 X 800 പിക്‌സലാണ്.

1.3 എന്‍വിഡിയ ടെഗ്ര 3 ക്വാഡ്-കോര്‍ ചിപ്പ്‌സെറ്റ് കരുത്തു പകരുന്ന ടാബിന് 1 ജിബിയാണ് റാം. ബ്ലൂടൂത്ത്, വൈഫൈ, യു.എസ്.ബി 2.0, എന്‍.എഫ്.സി. ഒക്കെ നെക്‌സസ് 7 ലുണ്ട്. ആന്‍ഡ്രോയ്ഡ് 4.1 (ജെല്ലിബീന്‍) ആണ് നെക്‌സസിലുള്ളത്. അത് ആന്‍ഡ്രോയ്ഡ് 4.2.2 വേര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. 4325 mAh ബാറ്ററിയാണ് ടാബിന് ഊര്‍ജം പകരുക.

വീഡിയോ ചാറ്റിങിന് 1.2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുണ്ട്. പക്ഷേ, പിന്‍ക്യാമറയില്ലാത്തത് നെക്‌സസ് 7 കൊണ്ട് ഫോട്ടോയും വീഡിയോയും പിടിക്കാന്‍ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തും. മാത്രമല്ല, മൈക്രോ എസ്.ഡി.കാര്‍ഡ് സ്ലോട്ടില്ല എന്നതും ഇതിന്റെ പരിമിതിയാണ്.

ത്രീജി വേണ്ടങ്കില്‍, നെക്‌സസ് 7 ന്റെ 32 ജിബി മോഡല്‍ വൈഫൈ വേര്‍ഷനും ഇന്ത്യന്‍ വിപണിയിലെത്തിയിട്ടുണ്ട്; വില 18,999 രൂപ. അസ്യൂസ് കമ്പനിയാണ് ഗൂഗിളിന് വേണ്ടി നെക്‌സസ് 7 നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത്.

നെക്‌സസ് 7 ന്റെ 16 ജിബി വൈഫൈ വകഭേദം 15,999 രൂപായ്ക്ക് തങ്ങളുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഇന്ത്യയില്‍ ലഭിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത് അടുത്തയിടെയാണ്. അതിന് പിന്നാലെയാണ് 32 ജിബി മോഡലുകളും ഇന്ത്യന്‍ വിപണിയിലെത്തുന്നത്. എന്നാല്‍, 32 ജിബി മോഡലുകള്‍ ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി വാങ്ങാമോ എന്നകാര്യം വ്യക്തമല്ല.
TAGS:
asus  |  nexus 7  |  google  |  indian mobile market  |  tablet computers 


Stories in this Section