ഐപാഡ് യുഗം ആരംഭിച്ചു

Posted on: 03 Apr 2010


-സ്വന്തം ലേഖകന്‍





പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ പുത്തന്‍ അവതാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആപ്പിളിന്റെ 'ഐപാഡ്' (iPad) ആദ്യമായി ഉപഭോക്താക്കളുടെ കൈയിലെത്തി. കമ്പ്യൂട്ടിങ് രംഗത്തെ സംബന്ധിച്ച് ഒരു പുത്തന്‍ യുഗപ്പിറവിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

ആപ്പിളിന്റെ പ്രഖ്യാപനത്തിന് ശേഷം രണ്ടു മാസവും എട്ടു ദിവസവും നീണ്ട കാത്തിരിപ്പിനൊടുവിലാണ്, അമേരിക്കന്‍ ഉപഭോക്താക്കളുടെ പക്കല്‍ ഐപാഡിന്റെ ആദ്യ മോഡല്‍ എത്തിയത്. ഐപാഡ് ആദ്യം സ്വന്തമാക്കാനായി യു.എസില്‍ അങ്ങോളമിങ്ങോളമുള്ള ഇരുന്നൂറോളം ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുമ്പില്‍ കഴിഞ്ഞ രാത്രിയിലേ ആളുകള്‍ സ്ഥാനം പിടിച്ചിരുന്നു.

അമേരിക്കയില്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 6.30) ആണ് ഐപാഡിന്റെ വില്‍പ്പന ആരംഭിച്ചത്. അമേരിക്കയ്ക്ക് പുറത്ത് ഐപാഡ് ഇപ്പോള്‍ വില്‍ക്കുന്നില്ല. ഈ മാസം അവസാനത്തോടെ ഒന്‍പത് രാജ്യങ്ങളില്‍ ഐപാഡ് എത്തും.

വിഫി കണക്ടിവിറ്റിയുള്ള ഐപാഡിന്റെ പ്രാഥമിക മോഡലാണ് ശനിയാഴ്ച പുറത്തിറങ്ങിയത്. 499 ഡോളറാണ് അതിന് വില. 3ജി മോഡല്‍ പിന്നീടേ ഉപഭോക്താക്കളുടെ പക്കലെത്തൂ, അതിന് 800 ഡോളറിലേറെ വില വരും.

മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് കഴിഞ്ഞ ജനവരി 28-നാണ് ഐപാഡ് അവതരിപ്പിച്ചത്. അരയിഞ്ച് കട്ടിയും 700 ഗ്രാം ഭാരവുമുള്ള ഐപാഡ്, ലാപ്‌ടോപ്പുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഉപകരണമാണ്. 25 സെന്റീമീറ്റര്‍ (9.7 ഇഞ്ച്) ടച്ച്‌സ്‌ക്രീനാണ് ഐപാഡിന്റെ മുഖ്യഭാഗം. വീഡിയോ കാണാനും ഗെയിമുകള്‍ക്കും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും ഐപാഡ് ഉപയോഗിക്കാം. മാത്രമല്ല, പുസ്തകങ്ങളും മാസികകളും പത്രങ്ങളും ഓണ്‍ലൈനായി വായിക്കാന്‍ കഴിയുന്ന ഇ-റീഡര്‍ കൂടിയാണ് ഐപാഡ്.

ഐഫോണിനായി വികസിപ്പിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളം ആപ്ലിക്കേഷനുകള്‍ ഐപാഡിലും ലഭ്യമായിരിക്കും. മാത്രമല്ല, ഐപാഡിനായി പുതിയ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുകയും ചെയ്യും. ഇ-റീഡര്‍ കൂടിയാണ് ഐപാഡ് എന്നതിനാല്‍, അതിന് ഡിജിറ്റല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കാനായി ആപ്പിള്‍ സ്വന്തമായി ഡജിറ്റല്‍ ബുക്ക് വില്‍പ്പനയും ആരംഭിക്കുകയാണ്. അതിനായി പല പ്രമുഖ പ്രസാധകരുമായും ആപ്പിള്‍ കരാറുണ്ടാക്കിക്കഴിഞ്ഞു.

മനോഹരമായ ടച്ച്‌സ്‌ക്രീനും ശക്തിയേറിയ വെബ്ബ് ബ്രൗസറും ഐപാഡിനെ ആകര്‍ഷകമാക്കുന്നതായി സാങ്കേതികരംഗത്തെ നിരീക്ഷകര്‍ പറയുന്നു. എന്നാല്‍, ചില കുറവുകളുമുണ്ട് ഐപാഡിന്. ക്യാമറയില്ല എന്നതാണ് അതിലൊന്ന്. ഒരു സമയത്ത് ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാനാവില്ല എന്നതും പോരായ്മയായി ചൂണ്ടിക്കാട്ടുന്നു. അഡോബിയുടെ ഫ് ളാഷ് പ്ലെയര്‍ ഉപയോഗിക്കുന്ന വീഡിയോ സൈറ്റുകള്‍ ഐപാഡില്‍ കാണാനൊക്കില്ല എന്ന പ്രശ്‌നവുമുണ്ട്.


ജനവരി 28-ന് അവതരിപ്പിക്കപ്പെട്ട ശേഷം വന്‍ മാധ്യമശ്രദ്ധയാണ് ഐപാഡിന് ലഭിച്ചത്. ടൈം, ന്യൂസ്‌വീക്ക് എന്നിവയുടെ കവര്‍സ്‌റ്റോറികള്‍ ഉള്‍പ്പടെ അമേരിക്കയില്‍ മാത്രം 4390 റിപ്പോര്‍ട്ടുകള്‍ വന്നു. ബ്ലോഗുകളും ട്വിറ്റര്‍ അപ്‌ഡേറ്റുകളും എണ്ണിയാലൊടുങ്ങില്ല. ആപ്പിളിന്റെ ഓഹരിവിലയില്‍ 18.4 ശതമാനത്തിന്റെ വര്‍ധനയാണ് ഐപാഡ് പുറത്തിറങ്ങും മുമ്പുതന്നെ ഉണ്ടായത്.

എന്നാല്‍, മൂന്നുവര്‍ഷം മുമ്പ് ആപ്പിള്‍ പുറത്തിറക്കിയ ഐഫോണിന്റെ ജനപ്രീതി ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റായ ഐപാഡിന് ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെയെങ്കില്‍, ആപ്പിള്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണെന്ന് നിസംശയം പറയാനാകും. ആദ്യവര്‍ഷംകൊണ്ട് 40 ലക്ഷം മുതല്‍ 70 ലക്ഷം വരെ ഐപാഡുകള്‍ വില്‍ക്കാനാകുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.










Stories in this Section