വിക്കിപ്പീഡിയ ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു

Posted on: 26 Sep 2010മുംബൈ: സൗജന്യ ഓണ്‍ഡെന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപ്പീഡിയ ഇന്ത്യയില്‍ ഉടന്‍ ഓഫീസ് തുറക്കും. വിക്കിപ്പീഡിയയുടെ നടത്തിപ്പുകാരായ വിക്കി ഫൗണ്ടേഷന്‍ ബാംഗ്ലൂര്‍ കേന്ദ്രമാക്കി 2011-ഓടെ ഇന്ത്യന്‍ഘടകം രൂപവത്കരിക്കുമെന്നും ചീഫ് ഗ്ലോബല്‍ ഡവലപ്പ്‌മെന്‍റ് ഓഫീസര്‍ ബാരി ന്യൂസ്റ്റഡ് ബാംഗ്ലൂരില്‍ വ്യക്തമാക്കി.

ഓഫീസ് മിക്കവാറും മുംബൈയിലായിരിക്കും ആരംഭിക്കുക. ന്യൂഡല്‍ഹി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളും പരിഗണനയിലുണ്ട്. ഇന്ത്യയില്‍ പ്രത്യേക സെര്‍വര്‍ സ്ഥാപിക്കുന്നതോടെ വിക്കിപ്പീഡിയയുടെ സേവനം കൂടുതല്‍ വേഗത്തിലാക്കാനാകും. സെര്‍വറുകള്‍ നിലവില്‍ അമേരിക്കയിലാണുള്ളത്. കര്‍ണാടക ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം ഇന്ത്യന്‍ഘടകം ഇതിനകംതന്നെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായും ന്യൂസ്റ്റഡ് പറഞ്ഞു.

അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് വിക്കിപ്പീഡിയ ഫൗണ്ടേഷന്‍. കഴിഞ്ഞവര്‍ഷംമാത്രം രണ്ടരലക്ഷം ഉപയോക്താക്കളില്‍നിന്നായി ഒന്നരക്കോടി അമേരിക്കന്‍ ഡോളറാണ് ഫൗണ്ടേഷന്‍ സ്വരൂപിച്ചത്. എന്നാല്‍, ഇന്ത്യയില്‍നിന്നും സംഘടനയ്ക്ക് ലഭിക്കുന്ന സംഭാവന വളരെ കുറവാണെന്നും ഇതേക്കുറിച്ചുള്ള ബോധവത്കരണമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക ചാരിറ്റബിള്‍ സൊസൈറ്റി ആക്ടിനുകീഴില്‍ ഇന്ത്യന്‍ഘടകം രജിസ്റ്റര്‍ ചെയ്തതും ഫൗണ്ടേഷനു നല്‍കുന്ന സംഭാവനകള്‍ക്ക് ആദായനികുതി സൗജന്യങ്ങള്‍ ലഭിക്കുമെന്നതും ഇതിന് സഹായിക്കുമെന്നാണ് ഫൗണ്ടേഷന്റെ പ്രതീക്ഷ.

ലോകത്ത് ഏറ്റവുംകൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളില്‍ ഒന്നായ വിക്കിപ്പീഡിയയ്ക്ക് നിലവില്‍ പ്രതിമാസം മുപ്പത്തിയേഴരക്കോടി സന്ദര്‍ശകരാണുള്ളത്.


Stories in this Section