ഐപാഡിനോട് മത്സരിക്കാന്‍ ഗാലക്‌സി ടാബ്

Posted on: 02 Sep 2010


-സ്വന്തംലേഖകന്‍






കമ്പ്യൂട്ടിങ് രംഗത്ത് ഒരു യുഗപ്പിറവിയായിരുന്നു ആപ്പിളിന്റെ 'ഐപാഡ്' (iPad) സൃഷ്ടിച്ചത്. 2010 ഏപ്രില്‍ മൂന്നിന് അമേരിക്കയില്‍ വില്‍പ്പനെയ്‌ക്കെത്തി ഒരു മാസത്തിനുള്ളില്‍ പത്തുലക്ഷം ഐപാഡുകളാണ് വിറ്റുപോയത്. വിവിധ രാജ്യങ്ങളില്‍ വന്‍ഹിറ്റായ ഈ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വില്‍പ്പനം ഈവര്‍ഷം അവസാനിക്കുമ്പോഴേക്കും 50 ലക്ഷം കവിയുമെന്നാണ് ആപ്പിള്‍ കണക്കുകൂട്ടുന്നത്. ഐപാഡിന്റെ വിജയം കണ്ട് കൂടുതല്‍ കമ്പനികള്‍ ടാബ്‌ലറ്റ് വിപണിയിലേക്ക് എത്തുന്നതാണ് പിന്നീട് കണ്ടത്. പക്ഷേ, പുതിയതായി അവതരിച്ച ടാബ്‌ലറ്റുകള്‍ക്കൊന്നും ഐപാഡിന് ശരിക്കുള്ള വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ഇപ്പോഴിതാ സാംസങിന്റെ ആവനാഴിയില്‍ നിന്ന് ഐപാഡിന് ഒരു പ്രതിയോഗിയെത്തുന്നു-'ഗാലക്‌സി ടാബ്' (Galaxy Tab).

ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ടാബില്‍, ത്രിജിയും വൈഫൈയും ബ്ലൂടൂത്തുമുണ്ട്. ഐപാഡിനെ അപേക്ഷിച്ച് ഒട്ടേറെ സവിശേഷതകള്‍ സാംസങിന്റെ ടാബ്‌ലറ്റിന്റെ കാര്യത്തില്‍ പറയാനാകും. ഐപാഡില്‍ ക്യാമറയില്ല, ഫ്ലഷ് പ്രോഗ്രം ഐപാഡ് പിന്തുണയ്ക്കില്ല. എന്നാല്‍, ഗാലക്‌സി ടാബില്‍ മൂന്ന് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും (എല്‍.ഇ.ഡി.ഫ്‌ളാഷോടുകൂടി), വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ഫ്ലഷ് പ്രോഗ്രാമുകള്‍ ഗാലക്‌സി ടാബില്‍ സുഗമമായി പ്രവര്‍ത്തിക്കും. ഗാലക്‌സി ടാബിന്റെ ഭാരം 380 ഗ്രാം മാത്രമാണ്. ഐപാഡിന്റെ ഭാരത്തെക്കാള്‍ കുറവ് (ഐപാഡിന്റെ ഭാരം 700 ഗ്രാം വരും). ബെര്‍ലിനിലെ ഐ.എഫ്.എ.കോണ്‍ഫന്‍സിലാണ് (IFA 2010) സാംസങ് പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ (GT-P1000) അവതരിപ്പിച്ചത്.



ഏഴിഞ്ച് ടി.എഫ്.ടി എല്‍ഇഡി ടച്ച്‌സ്‌ക്രീനാണ് ഗാലക്‌സി ടാബിലേത്. 1024 ഗുണം 600 പിക്‌സല്‍ റസല്യൂഷനാണ് സ്‌ക്രീനിന്റേത്. സാംസങിന്റെ ഹിറ്റ് സ്മാര്‍ട്ട്‌ഫോണായ 'ഗാലക്‌സി എസി'(Galaxy S)ല്‍ കാണുന്ന അതേ ഹാര്‍ഡ്‌വേര്‍ സംവിധാനമാണ് ഗാലക്‌സി ടാബിലേതും. എന്നാല്‍, ഗാലക്‌സി എസിലേതില്‍ നിന്ന് വ്യത്യസ്തമായി 'അമൊലെഡ്' (AMOLED) സ്‌ക്രീനല്ല ടാബ്‌ലറ്റിലേത് എന്നത് കുവാണെന്ന് പറയാതെ വയ്യ. ഗാലക്‌സി എസിലേതുപോലെ 1 ജിഗാഹെട്‌സ് (1.0GHz) പ്രോസസറാണ് ഗാലക്‌സി ടാബിലേതും. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ 'ഫ്രൊയോ 2.2' (Froyo 2.2) ആണ് ഗാലക്‌സി എസിലേത്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലേത് മാത്രമല്ല, 'സാംസങ് ആപ്ലിക്കേഷനുകളും' (Samsung Apps) ഗാലക്‌സി ടാബില്‍ ഡൗണ്‍ലോഡ് ചെയ്യാം.

512 എംബി റാമാണ് ഗാലക്‌സി ടാബിലുള്ളത്. 16 ജിബി, 32 ജിബി മോഡലുകളാണ് സാംസങ് അവതരിപ്പിക്കുന്നത്. കാര്‍ഡിന്റെ സഹായത്തോടെ മെമ്മറി 32 ജിബി കൂടി വര്‍ധിക്കാനും സാധിക്കും. അതിനുള്ള കാര്‍ഡി സ്ലോട്ടും ടാബ്‌ലറ്റിലുണ്ട്. ജിഎസ്എം/ജിപിആര്‍എസ്/എഡ്ജ് നെറ്റ്‌വര്‍ക്കുകളെയൊക്കെ ഗാലക്‌സ് ടാബ് പിന്തുണയ്ക്കും. ത്രിജിയുടെയും മറ്റും കാര്യം തുടക്കത്തില്‍ സൂചിപ്പില്ലോ. എന്നാല്‍, ഗാലക്‌സി ടാബിന്റെ സി.ഡി.എം.എ.വകഭേദം അവതരിപ്പിക്കുമോ എന്നകാര്യം സാംസങ് വ്യക്തമാക്കിയിട്ടില്ല. ഇന്ററാക്ടീവ് ത്രിജി ഗെയിമുകള്‍ക്കും മറ്റ് ഒട്ടേറെ ആപ്ലിക്കേഷനുകള്‍ക്കുമൊപ്പം, ഗൈറോസ്‌കോപ്പ് സെന്‍സറും ആക്‌സലറോമീറ്റര്‍ സെന്‍സറും ജിയോ-മാഗ്നെറ്റിക് സെന്‍സറും ഗാലക്‌സി ടാബില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. 4000 mAh ബാറ്ററിയാണ് ഗാലക്‌സി ടാബിലേത്. ഏഴു മണിക്കൂര്‍ സിനിമാ കാണാനുള്ള ബാറ്ററി ലൈഫ് ലഭിക്കുമെന്ന് സാംസങ് അവകാശപ്പെടുന്നു.

പൂര്‍ണതോതിലുള്ള ഹൈഡെഫിനിഷന്‍ (എച്ച്.ഡി) വീഡിയോ ആസ്വദിക്കാന്‍ ഗാലക്‌സി ടാബിന്റെ ഏഴിഞ്ച് സ്‌ക്രീനില്‍ കഴിയും. മാത്രമല്ല, ഇ-ബുക്കുകളും മാഗസിനുകളും വായിക്കാനുമാകും. ഇ-ബുക്കുകള്‍ക്കായി സാംസങ് 'റീഡേഴ്‌സ് ഹബ്ബും' (Reader's Hub), ഓണ്‍ലൈന്‍ മ്യൂസിക്കിനും വിഡിയോകള്‍ക്കുമായി 'മീഡിയ ഹബ്ബും' (Media Hub) ഒരുക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് സാംസങിന്റെ അവകാശവാദം. ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ഒക്ടോബറില്‍ വോഡാഫോണാണ് ഗാലക്‌സി ടാബ്‌ലറ്റ് അവതരിപ്പിക്കുക. അമേരിക്കയും ഏഷ്യയും ഉള്‍പ്പടെ മറ്റ് മേഖലകളില്‍ വരും മാസങ്ങളില്‍ ഗാലക്‌സി ടാബ് അവതരിപ്പിക്കാനാണ് സാംസങിന്റെ പരിപാടി. എന്നാല്‍, ടാബ്‌ലറ്റിന്റെ വിലയെപ്പറ്റി ഒരു സൂചനയും സാംസങ് നല്‍കിയിട്ടില്ല.





Stories in this Section