ത്രീഡി എന്നത് ഇന്നൊരു അത്ഭുതമേ അല്ലാതായിക്കൊണ്ടിരിക്കുന്നു. ത്രീഡി സിനിമകള്‍, ത്രീഡി ടെലിവിഷനുകള്‍, ത്രീഡി കാം കോഡറുകള്‍ ഒക്കെ ലഭ്യമാണ്. തീര്‍ച്ചയായും ഭാവി ത്രീഡിയുടേതായിരിക്കുമെന്നതിന്റെ സൂചന തന്നെയാണിത്. ആ കൂട്ടത്തിലേക്ക് പുതിയൊരു ത്രീഡി ഡിജിറ്റല്‍ ക്യാമറയും എത്തുന്നു. ഹൈഡെഫിനിഷന്‍ ത്രീഡി വീഡിയോയും ത്രീഡി നിശ്ചലദൃശ്യങ്ങളും പകര്‍ത്താന്‍ കഴയുന്നതാണ് ഫ്യൂജി കമ്പനി പുറത്തിറക്കുന്ന ഡിജിറ്റല്‍ ക്യാമറ.
ലോകത്തെ ആദ്യ ഹൈഡഫനിഷന്‍ ത്രീഡി വീഡിയോ ഡിജിറ്റല്‍ ക്യാമറയെന്ന് ഫ്യൂജി അവകാശപ്പെടുന്ന ഈ ക്യാമറയുടെ പേര് Finepix REAL 3DW3 എന്നാണ്. ഏതാണ്ട് ഒരു വര്‍ഷം മുമ്പുതന്നെ ഫ്യൂജി W1 എന്ന പേരില്‍ ഒരു ത്രീഡി ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കിയിരുന്നു. പക്ഷേ പഴയതില്‍ എല്‍.സി.ഡി ഡിസ്‌പ്ലേ ഇപ്പോഴത്തേതിനേക്കാള്‍ ചെറുതായിരുന്നു. കൂടാതെ ഹൈഡഫനിഷന്‍ വീഡിയോ റിക്കോര്‍ഡിങും പഴയ മോഡലില്‍ സാധ്യമാകുമായിരുന്നില്ല.
10 മെഗാപിക്‌സലാണ് പുത്തന്‍ ത്രീഡി ക്യാമറയുടെ ദൃശ്യശക്തി. 720 പിക്‌സല്‍ ഹൈഡഫനിഷന്‍ വീഡിയോയും (സെക്കന്‍ഡില്‍ 24 ഫ്രെയിം) നല്ല നിലവാരത്തിലുള്ള സ്റ്റീരിയോ സൗണ്ട് റെക്കോര്‍ഡിങ്ങും ക്യാമറയയുടെ സവിശേഷതാണ്. ഹൈഡെഫനിഷന്‍ ത്രീഡി ടെലിവിഷനുമായി ഈ ക്യാമറ ബന്ധിപ്പിച്ച് ക്യാമറയിലെ ചിത്രങ്ങളും വീഡിയോയും മിഴിവോടെ കാണാവുന്നതാണ്. ക്യാമറയിലെ ഉയര്‍ന്ന റസല്യൂഷനുള്ള എല്‍.ഡി.ഡി ഡിസ്‌പ്ലേയിലൂടെ വീഡിയോയും ചിത്രങ്ങളും പ്രത്യേക ത്രീഡി ഗ്ലാസ്സുകളുടെ സഹായമില്ലാതെ കാണാന്‍ സാധിക്കും.
മനുഷ്യനേത്രങ്ങളുടെ അതേ രീതിയില്‍ ഇടത്തും വലത്തുമായി രണ്ട് ലെന്‍സുകളാണ് ഈ പുതിയ ക്യാമറയില്‍ ഘടിപ്പിച്ചിരിക്കുന്നത്. അതുവഴിയാണ് ത്രീഡി ചിത്രങ്ങള്‍ റിക്കോര്‍ഡു ചെയ്യാന്‍ സാധ്യമാകുന്നത്. 3X ഒപ്റ്റിക്കല്‍ സൂം ശേഷിയുള്ള 10 മെഗാ പിക്‌സല്‍ സി.സി.ഡി സെന്‍സറുകളാണ് ഇടത്തും വലത്തുമുള്ളത്. ഫ്യൂജിയുടെ തന്നെ പുതിയതായി വികസിപ്പിച്ച ആര്‍.പി. (Real Photo) പ്രൊസസ്സറാണ് ഇരു വശത്തുമുള്ള ലെന്‍സുകളില്‍ നിന്നുമുള്ള ദൃശ്യങ്ങളെ സംയോജിപ്പിച്ച് ഒറ്റ ചിത്രമാക്കുന്നത്.
ഇതുമാത്രമല്ല, ക്യാമറയിലെ ഹൈലുമിനോസിറ്റി മോഡ് (High Luminosity Mode) ചിത്രങ്ങളെ മറ്റു ഡിജിറ്റല്‍ ക്യാമറകളിലേതിനെക്കാള്‍ ഒന്നര മടങ്ങ് തെളിച്ചത്തോടും ഇരട്ടിയോളം വര്‍ണവ്യക്തതയോടെയും ലഭ്യമാക്കുന്നു. ഇതിന്റെ അഡ്വാന്‍സ്ഡ് മോഡ് ഉപയോഗിച്ച് ഒരു വസ്തുവിന്റെ രണ്ടു വശങ്ങളില്‍ നിന്ന് വ്യത്യസ്ത സൂം റെയ്ഞ്ചിലുള്ള രണ്ട് ചിത്രങ്ങള്‍ എടുക്കാനും വേണമെങ്കില്‍ യോജിപ്പിച്ച് ഒറ്റ ചിത്രമാക്കാനും സാധിക്കും!
150 ഓളം ത്രീഡി ചിത്രങ്ങള്‍ റെക്കോര്‍ഡു ചെയ്യാനുള്ള ലൈഫ് ക്യാമറയിലെ ലിഥിയം-അയേണ്‍ ബാറ്ററി നല്‍കും. ക്യാമറയുടെ കൂടെ തന്നെ ലഭ്യമാവുന്ന പ്രത്യേക 'ഫോട്ടോ എഡിറ്റര്‍' സോഫ്ട്‌വേറുകള്‍ ചിത്രങ്ങളെയും വീഡിയോയും സ്വന്തമായി എഡിറ്റു ചെയ്യാന്‍ സഹായിക്കുന്നു. സപ്തംബറില്‍ വിതരണത്തിനെത്തുന്ന ഈ ക്യാമറയുടെ ഏകദേശ വില 500 ഡോളര്‍ (23000 രൂപ) ആണ്.
-shareefe2002@gmail.com