അപകടത്തില്‍പ്പെടുന്ന വള്ളങ്ങള്‍ക്ക് ഉപഗ്രഹ രക്ഷാസംവിധാനം

Posted on: 31 Aug 2010


- എം.പി.പത്മനാഭന്‍





കടലില്‍ അകപ്പെടുന്നവരും മുങ്ങിപ്പോകുന്നവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് സമഗ്ര കടല്‍ സുരക്ഷാപദ്ധതി നടപ്പാക്കുന്നു. ഔട്ട് ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികളുമായി കടലില്‍ മുങ്ങിയാല്‍ വള്ളത്തിലുള്ള യന്ത്രത്തില്‍നിന്ന് അപകടത്തിന്റെയും അപകടമേഖലയുടെയും സൂചന ഉടന്‍ കരയില്‍ എത്തുന്ന സംവിധാനമായ 'സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ബീക്കണ്‍' എല്ലാ രജിസ്‌ട്രേഡ് വള്ളങ്ങളിലും ഘടിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചു.

ബഹിരാകാശ ഗവേഷണ കേന്ദ്രം വികസിപ്പിച്ച സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇത്. കടല്‍സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഏഴായിരത്തില്‍പ്പരം രജിസ്‌ട്രേഡ് വള്ളങ്ങള്‍ക്ക് ഇത് സപ്തംബറില്‍ വിതരണം ചെയ്യും. രക്ഷാ ഉപകരണങ്ങളില്‍ അത്യാധുനിക യന്ത്രംകൂടിയാണ് ഇത്. ബഹിരാകാശ ഗവേഷണകേന്ദ്രം ഇതിന്റെ സാങ്കേതികവിദ്യ കെല്‍ട്രോണിന് കൈമാറിയിട്ടുണ്ട്. കെല്‍ട്രോണ്‍ ആണ് 'റെസ്‌ക്യൂ ബീക്കണ്‍' ഫിഷറീസ് വകുപ്പിനുവേണ്ടി നിര്‍മിക്കുന്നത്. ഏത് മത്സ്യബന്ധനയാനത്തിലും അനായാസം ഉപയോഗിക്കാന്‍ പറ്റുന്ന വലിപ്പമേ യന്ത്രത്തിനുള്ളൂ. ഭാരം 700 ഗ്രാമും ഉയരം 200 മില്ലിമീറ്ററുമാണ്.

ബീക്കണ്‍ വെള്ളത്തില്‍ വീഴുന്നതോടെ രണ്ട് മിനിറ്റിനകം പ്രവര്‍ത്തനക്ഷമമാവും. ഇതില്‍നിന്നുള്ള സിഗ്‌നലുകള്‍ ആദ്യം ഉപഗ്രഹത്തിലും അവിടെനിന്ന് പ്രാദേശിക ബേസ്‌സ്റ്റേഷനുകളിലും തുടര്‍ന്ന് മിഷന്‍ കണ്‍ട്രോള്‍ സെന്ററിലും എത്തുന്നു. കണ്‍ട്രോള്‍ സെന്ററില്‍നിന്ന് തീരസംരക്ഷണ സേനയ്ക്കും നേവിക്കും ഫിഷറീസ് അധികൃതര്‍ക്കും വിവരം ലഭിക്കുന്നു.

അപകടഘട്ടങ്ങളില്‍ സഹായം ആവശ്യമായാല്‍ സുരക്ഷാബീക്കണിലെ പച്ചനിറത്തിലുള്ള സ്വിച്ചില്‍ പത്ത് സെക്കന്‍ഡ് അമര്‍ത്തണം. മുകള്‍ഭാഗത്തുനിന്ന് മഞ്ഞനിറത്തിലുള്ള പ്രകാശം കണ്ടാല്‍ വിരല്‍ എടുക്കാം. സ്വിച്ച് അമര്‍ത്താനുള്ള സാവകാശം കിട്ടിയില്ലെങ്കില്‍ ബീക്കണില്‍ ഘടിപ്പിച്ചിരിക്കുന്ന കയറില്‍ പിടിച്ച് കടലിലേക്കിടുക. പിന്നീട് കയര്‍ കൈയിലോ ലൈഫ് ബോയിയിലോ കെട്ടിയിടുന്നത്, ഒഴുക്കില്‍പ്പെട്ടാല്‍ യന്ത്രത്തോടൊപ്പം ആളും ഉണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. അബദ്ധത്തില്‍ ബീക്കണ്‍ ഓണ്‍ ആയാലോ ആവശ്യം കഴിഞ്ഞശേഷം ഓഫാക്കാനോ മുകള്‍ഭാഗത്തുനിന്നുള്ള മഞ്ഞ പ്രകാശം അപ്രത്യക്ഷമാകുന്നതുവരെ പച്ചസ്വിച്ചില്‍ വിരല്‍ അമര്‍ത്തിവെക്കണം. അപകടത്തില്‍പ്പെട്ടാല്‍ കഴിയുന്നതും ബീക്കണിനടുത്തേക്ക് നീന്തിയടുക്കുന്നത് ഒഴുക്കില്‍ ഉപകരണവും ആളും രണ്ടു സ്ഥലത്ത് ആകാതിരിക്കാന്‍ സഹായിക്കും.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി, സുനാമി പുനരധിവാസ പദ്ധതി, സുനാമി അടിയന്തര സഹായ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ഫിഷറീസ് വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള സുരക്ഷാബോട്ടുകള്‍, മത്സ്യവിജ്ഞാനകേന്ദ്രങ്ങള്‍, പ്രത്യേക പരിശീലനം നേടിയ റെസ്‌ക്യൂ സ്‌ക്വാഡുകള്‍ എന്നിവ സമഗ്ര കടല്‍സുരക്ഷാപദ്ധതിയുടെ ഭാഗമാണ്. കപ്പലിലോ വിമാനത്തിലോ ഉള്ള റഡാറിലെ രശ്മികള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഉപകരണമായ 'റഡാര്‍ റിഫ്‌ളക്ടര്‍, കണ്ണാടിപോലെ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതും പകല്‍സമയം ഏറെ ദൂരെ നില്ക്കുന്നവര്‍ക്ക് പ്രകാശംകണ്ട് സഹായത്തിനെത്താന്‍ കഴിയുന്ന ഉപകരണവുമായ 'ഫീലിയോഗ്രാഫ്', ആറ് മണിക്കൂര്‍ ഇടവിട്ട് കഴിച്ചാല്‍ മറ്റു ഭക്ഷണം ഇല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്നതും ഏറെ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നതുമായ 'ഇ വിറ്റമിന്‍ ബിസ്‌കറ്റ്, ലൈഫ് ബോട്ടുകള്‍, കോസസ്, എമര്‍ജന്‍സി ഫ്‌ളാഷ് ലൈറ്റ്, ജാക്ക് നൈഫ്, കന്നാസ് തുടങ്ങിയവയും സുരക്ഷാപദ്ധതിയുടെ ഭാഗമായി സപ്തംബറില്‍ വിതരണം ചെയ്യുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ കെ. രഘു പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ 900 രജിസ്‌ട്രേഡ് യാനങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുക. ഇതിന് മുന്നോടിയായി പ്രവര്‍ത്തനം സംബന്ധിച്ച് പരിശീലന ക്ലാസ് നടത്തുമെന്നും ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു.


Stories in this Section