
ഓര്‍ഗാനിക് എല്‍. ഇ. ഡി സ്‌ക്രീനും നന്നെ മെലിഞ്ഞ പ്രകൃതവുമായി സോണി പുതിയ വാക്ക്മാന്‍ അവതരിപ്പിച്ചു.
എ840 എന്ന ഈ വാക്ക്മാനില്‍ 2.8 ഇഞ്ച് സ്‌ക്രീനിനു പുറമെ ഡിജിറ്റല്‍ നോയിസ് ക്യാന്‍സലേഷന്‍, എസ് മാസ്റ്റര്‍ ഡിജിറ്റല്‍ ആംപ്ലിഫൈര്‍ സാങ്കേതികത എന്നിവയും പുതിയ വാക്ക്മാനിലുണ്ട്.
400 ഗുണം 420 പിക്‌സല്‍ ഡബ്ല്യു ക്യു വി ജി എ റസല്യൂഷനും ഉയര്‍ന്ന കോണ്‍ട്രാസ്റ്റും പിന്തുണക്കുന്നതാണ് ഇതിന്റെ ഒ എല്‍ ഇ ഡി ഡിസ്‌പ്ലെ. ഹെഡ്‌ഫോണിലെ ഉയര്‍ന്ന ശേഷിയുള്ള മൈക്രോഫോണ്‍ ഡിജിറ്റല്‍ നോയിസ് ക്യാന്‍സലേഷന്‍ സവിശേഷതയുള്ളതാണ്.
7.2 മില്ലീമീറ്റര്‍ കനം മാത്രമുള്ള ഈ പ്ലെയര്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 31 മണിക്കൂര്‍ സംഗീതം കേള്‍ക്കാം, അല്ലെങ്കില്‍ ഒന്‍പത് മണിക്കുര്‍ വീഡിയോ കാണാം. 720 ഗുണം 480 റെസല്യൂഷനില്‍ ഇതിന്റെ കളര്‍ സ്‌ക്രീനില്‍ വീഡിയോ പ്രവര്‍ത്തിപ്പിക്കാനാകും. എ840 ലുള്ള എഫ് എം ട്യൂണര്‍ റേഡിയോ ശ്രോതാക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്.
ഇന്ത്യയില്‍ എ840 ന്റെ 8 ജിബി പതിപ്പ് കറുപ്പ്, വെങ്കലം, വെള്ള നിറങ്ങളിലാണ് ലഭ്യമാവുക. വില 8990 രൂപ. എന്നാല്‍ 16 ജി ബി മോഡല്‍ കറുപ്പ് നിറത്തില്‍ മാത്രമേ ലഭ്യമാകൂ. ഇതിന്റെ വില 11,990 രൂപയാണ്.