യുവാക്കളെ തേടി ഓസ്‌കര്‍ ജെ-4

Posted on: 28 Aug 2010


-പി.എസ്. രാകേഷ്‌



ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ വില കുറഞ്ഞ ക്യുവെര്‍ട്ടി ഫോണുകളുടെ കുത്തൊഴുക്കാണിപ്പോള്‍. കാര്‍ബണും മാക്‌സും തുടങ്ങിവച്ച ഈ ട്രെന്‍ഡ് ഏറ്റെടുത്തുകൊണ്ട് നൂറിലേറെ ഇന്ത്യന്‍കമ്പനികള്‍ ഇപ്പോള്‍ രംഗത്തുണ്ട്. ക്യുവെര്‍ട്ടിയെന്നു കേള്‍ക്കുമ്പോള്‍ ഇതെന്ത് സാധനമെന്ന് അദ്ഭുതപ്പെടുന്നവരുടെ അറിവിലേയ്ക്കായി ഒരുവട്ടം കൂടി പറഞ്ഞുതരാം. കമ്പ്യൂട്ടര്‍ കീബോര്‍ഡിലേതുപോലെയുളള അക്ഷരവിന്യാസമുള്ള കീപാഡുള്ള ഫോണുകളെയാണ് ക്യുവെര്‍ട്ടി ഫോണെന്നു പറയുന്നത്. പഴഞ്ചന്‍ ഫോണുകളില്‍ ഒരു കീയില്‍ തന്നെ മൂന്നക്ഷരങ്ങള്‍ വരുന്ന അല്‍ഫന്യുമെറിക് കീപാഡാണ് ഉണ്ടാകുക. എസ്.എം.എസ്. അയക്കണമെങ്കില്‍ കീപാഡില്‍ പലതവണയമര്‍ത്തി കൈ കുഴയുമെന്നര്‍ഥം. എന്നാല്‍ ക്യുവെര്‍ട്ടി കീപാഡില്‍ ആ ബുദ്ധിമുട്ടില്ല. കമ്പ്യൂട്ടറില്‍ കമ്പോസ് ചെയ്യുന്ന അതേ വേഗത്തില്‍ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാനാകും. 24 മണിക്കൂറും ഓണ്‍ലൈനായി കഴിയുന്ന യുവതലമുറയ്ക്ക് ഈ കീപാഡ് ഏറെ പ്രയോജനം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ.

ക്യൂവെര്‍ട്ടി ഹാന്‍ഡ്‌സെറ്റ് ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ അവതാരമാണ് ഓസ്‌കര്‍ മൊബൈലിന്റെ ജെ-4. പത്ത് ഹാന്‍ഡ്‌സെറ്റുകള്‍ ഒരുമിച്ചവതരിപ്പിച്ച് കൊണ്ട് ഏതാനും മാസങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയാണ് ഓസ്‌കര്‍ മൊബൈല്‍. അവരുടെ ഏറ്റവും പുതിയ മോഡലാണ് ജെ-4. യുവാക്കളെ ആകര്‍ഷിക്കാനുതകുന്ന ട്രെന്‍ഡി നിറങ്ങളും ഇന്റര്‍നെറ്റ് സൗകര്യങ്ങളുമാണ് ഈ ഫോണിന്റെ ഹൈലൈറ്റ്, വിലയോ വെറും 2749 രൂപയും. ഒപ്പം രണ്ട് ജിബി മെമ്മറി കാര്‍ഡ് സൗജന്യമായി നല്‍കുന്നു.

നിറവും ഭംഗിയും മാത്രമല്ല ഒട്ടേറെ സൗകര്യങ്ങളും ജെ-4 ഉറപ്പുനല്‍കുന്നുണ്ട്. രണ്ടിഞ്ച് കളര്‍ ഡിസ്‌പ്ലേ, രണ്ട് മെഗാപിക്‌സല്‍ കാമറ, എം.പി. ത്രി വീഡിയോ പ്ലെയര്‍, ബ്ലൂടൂത്ത്, ടോര്‍ച്ച് എന്നിവയെല്ലാം ഈ ഫോണിലുണ്ട്. ജി.പി.ആര്‍.എസ്., വാപ്പ് സംവിധാനങ്ങളുള്ളതുകൊണ്ട് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും സാധ്യമാകും. മൊബൈലുകളിലെ ഏറ്റവും പുതിയ സൗകര്യമായ സൗഹൃദക്കൂട്ടായ്മാ സൈറ്റുകളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനവും ഈ ഫോണില്‍ സാധ്യമാണ്.

അതിവേഗത്തില്‍ എഫ്.എം. റേഡിയോ ഓണ്‍ചെയ്യാന്‍ സഹായിക്കുന്ന വണ്‍ടച്ച് എഫ്.എം. ബട്ടന്‍, എഫ്.എം. റിക്കോഡിങ്, ടെലിഫോണ്‍ കോളുകള്‍ റിക്കോഡ് ചെയ്യാനുള്ള ഓപ്ഷന്‍, എന്നീ പുതുമകളും ജെ-4ന് സ്വന്തം. ഇതൊരു ഡ്യൂവല്‍ സിം മോഡലാണെന്നതാണ് മറ്റൊരു പ്രത്യേകത. വന്‍കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകളില്‍ പോലും ഈ സൗകര്യം ലഭ്യമല്ലെന്നിരിക്കെ ഡ്യൂവല്‍ സിം തേടിയലയുന്ന ആളുകള്‍ ജി-4 സ്വന്തമാക്കാന്‍ മുന്നോട്ടു വരുമെന്നുറപ്പ്. മഞ്ഞ നിറത്തിലുള്ള അടിപൊളി രൂപത്തിലിറങ്ങുന്ന ഈ ഫോണില്‍ എട്ട് ജി.ബി. മെമ്മറി കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാനാകും.

രണ്ട് കാര്യങ്ങളാണ് ജെ-4 നെക്കുറിച്ച് ഇനിയും അറിയാനുള്ളത്. ഈ ഫോണിന്റെ ബാറ്ററി ആയുസും നെറ്റ്‌വര്‍ക്ക് കവറേജും. ഇന്ത്യന്‍ മൊബൈലുകളുടെ രണ്ടു പ്രധാനപോരായ്മകളാണിവ. നോക്കിയയ്ക്ക് ഫുള്‍ റേഞ്ചുള്ള സ്ഥലങ്ങളില്‍ കാര്‍ബണും മാക്‌സിനുമൊക്കെ പകുതിയേ റേഞ്ച് കിട്ടുന്നുള്ളൂ എന്ന പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ബാറ്ററി ലൈഫിനും ഇതേപ്രശ്‌നങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നു.

ജെ-4ന്റെ ബാറ്ററിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഓസ്‌കള്‍ കമ്പനി അധികൃതര്‍ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഒരുവര്‍ഷത്തെ സര്‍വീസ് വാറന്റി വാഗ്ദാനം ചെയ്യുന്ന കമ്പനി തങ്ങള്‍ക്ക് രാജ്യമൊട്ടാകെ 250 ലേറെ സര്‍വീസ് സെന്ററുകളുണ്ടെന്നും അവകാശപ്പെടുന്നു. ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് സെന്ററുകളുടെ എണ്ണം 8,000 ആകുമെന്നും കമ്പനി പറയുന്നു.




Stories in this Section