'ഹ്യുമന്‍കാര്‍' വരുന്നു; മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം
Posted on: 27 Aug 2010
-സുജിത് കുമാര്‍
ഇലക്ട്രിക് കാറുകളും ബൈക്കുകളും കുറെ വര്‍ഷങ്ങളായി രംഗത്തുണ്ട്. കാറുകള്‍ അത്ര സുലഭമല്ലെങ്കിലും ഒട്ടേറെ ഇലക്ട്രിക് ബൈക്കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. എങ്കിലും കേരളത്തില്‍ ഇത്തരം ബൈക്കുകള്‍ കാര്യമായി പ്രചാരം നേടാത്താത് കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി കൊണ്ടാണ്. കയറ്റവും ഇറക്കവും ഇല്ലാത്ത നിരന്ന റോഡുകള്‍ നമ്മുടെ നാട്ടില്‍ അധികമില്ല എന്നതാണ് മുഖ്യകാരണം.
ബൈക്കുകളുടെ കാര്യം ഇതാണെങ്കില്‍ കാറുകളുടെ കാര്യം എന്തായിരിക്കും. നിരാശരാകേണ്ട, ഇപ്പോള്‍ ഇതാ പ്രൊഫസര്‍ ചാള്‍സ് ഗ്രീന്‍വുഡ് ഒരു ഹൈബ്രിഡ് 'ഹ്യൂമന്‍കാര്‍' വിപണിയിലിറക്കാന്‍ പോകുന്നു. വെറുമൊരു കാറല്ലിത്, ഒരേസമയം ബാറ്ററികൊണ്ടും ഡ്രൈവറുടെ പേശീബലം കൊണ്ടും പ്രവര്‍ത്തിക്കുന്ന സവിശേഷ കാര്‍ ആണിത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു കാര്‍ രംഗത്തെത്തുന്നത്.
1968 മുതല്‍ പ്രൊഫ. ഗ്രീന്‍വുഡ് ഇത്തരമൊരു കാറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയായിരുന്നു. ഒട്ടേറെ പരീക്ഷണങ്ങളിലൂടെയും, ഡിസൈന്‍ വ്യതിയാനങ്ങളിലൂടെയുമാണ് പുതിയ കാര്‍ രൂപപ്പെട്ടത്. ടെസ്റ്റ് െ്രെഡവുകളുടെ കടമ്പകള്‍ കടന്ന് 'ഹ്യൂമന്‍കാര്‍' ഇപ്പോള്‍ യാഥാര്‍ഥ്യമാവുകയാണ്.
എന്താണ് ഈ കാറിന്റെ പ്രത്യേകത? ഈ കാറിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം ലഭിക്കുന്നത് പെട്രോളില്‍ നിന്നോ ഡീസലില്‍ നിന്നോ അല്ല. ഡ്രൈവിംഗ് സീറ്റിനു മുമ്പില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ലിവര്‍ വഞ്ചി തുഴയുന്ന രീതിയില്‍ ചലിപ്പിക്കുമ്പോള്‍ സംഭരിക്കപ്പെടുന്ന ഊര്‍ജമാണ് കാറിനെ മുന്നോട്ടു നയിക്കുന്നത്. ഇതു വലിയ ആയാസകരമായ ജോലിയൊന്നുമല്ല. ഒന്നോ രണ്ടോ തുഴയല്‍ കോണ്ടു തന്നെ കാര്‍ ചലിക്കാന്‍ തുടങ്ങും.
എടുത്തു പറയേണ്ട പ്രത്യേകത ഹ്യുമന്‍കാറിന്റെ വേഗം തന്നെയാണ്. ഹ്യൂമന്‍കാറിന് നിരപ്പായ റോഡുകളില്‍ മണിക്കൂറില്‍ 90 വേഗത്തില്‍ സഞ്ചരിക്കാനാകും, കയറ്റങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തിലും! ചാവികൊടുത്തു പ്രവര്‍ത്തിക്കുന്ന ഒരു കളിപ്പാട്ടക്കറിന്റെ അതേ പ്രവര്‍ത്തന തത്വമാണ് ഹ്യൂമന്‍കാറിലൂം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. പേറ്റന്റ് ചെയ്യപ്പെട്ടിട്ടുള്ള 'ബോഡീ സ്റ്റിയറിംഗ് ടെക്‌നോളജി'യാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതായത് സാധാരണ വാഹനങ്ങളിലേതുപോലെയുള്ള സ്റ്റിയറിംഗ് അല്ലെന്നു സാരം.
നാലാള്‍ക്ക് സഞ്ചരിക്കാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്ത FM-4 v1.0 എന്ന ഹ്യൂമന്‍ കാറുകള്‍ക്കു ബാറ്ററിയുടെ ആവശ്യവും ഇല്ല. അതായത് നാലു സീറ്റുകള്‍ക്കും മുന്‍ വശത്തായി ക്രമീകരിച്ചിരിക്കുന്ന ലിവറുകള്‍ ചലിപ്പിച്ച് ഓടിക്കാവുന്നതാണ്. ഇതിന്റെ വിപണി വിജയത്തെക്കുറിച്ച് സംശയമുണ്ടൊ? എന്നാല്‍ പ്രൊഫ. ഗ്രീന്‍വുഡിന് ഒട്ടും ഭയമില്ല. ഇതിനകം നൂറോളം മുന്‍കൂര്‍ ബുക്കിങുകള്‍ ലഭിച്ചത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
പെട്രോളിയം ഇന്ധനം അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള പുതിയ കണ്ടെത്തലുകള്‍ തികച്ചും അനുഗ്രഹം തന്നെയാണ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക വഴി ആഗോളതാപനം കുറക്കുന്നതിനും ഇത് സഹായിക്കും. മാത്രമല്ല, ഈ കറോട്ടിക്കുന്നത് ആരോഗ്യവും സംരക്ഷിക്കും, വ്യായാമം വഴി.
ഹ്യുമന്‍കാര്‍ ഒരെണ്ണം സ്വന്തമാക്കാണമെന്നു തോന്നുന്നുണ്ടൊ? ഹ്യൂമന്‍കാറിന്റെ വെബ്ബ് സൈറ്റില്‍ പോയി അടുത്ത വര്‍ഷത്തേക്ക് ഒരെണ്ണം ബുക്കുചെയ്യാം, 15500 ഡോളര്‍ മതി. വില കൂടുതലാണെന്നു തോന്നുന്നുണ്ടൊ? ഒരു വര്‍ഷം കൊണ്ടു മുടക്കുമുതല്‍ തിരികെ കിട്ടും എന്നാണ് കമ്പനിയുടെ അവകാശവാദം.