വിമാനത്തിലും കടലിലുമൊക്കെ നടത്തുന്ന കൗതുക വിവാഹങ്ങള്‍ക്കും തീം വിവാഹങ്ങള്‍ക്കുമൊപ്പം വിവാഹാഢംബരങ്ങള്‍ക്ക് കൊഴുപ്പോകാന്‍ ആധുനിക വിവരസാങ്കേതവിദ്യയും കൂട്ടിനെത്തുന്നു. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്ന പഴയ തലമുറയുടെ വിശ്വാസത്തെ ചെറുതായൊന്നു പരിഷ്‌കരിക്കുകയാണ് നെറ്റ് സാവികളായ പുതുതലമുറ. 'വിവാഹം വെബ്‌സൈറ്റില്‍ നടക്കുന്നു' എന്നാണ് അതിന് ആഗോളീകരണകാലത്തെ ഭേദഗതി. വെഡ്‌സൈറ്റുകളില്‍ സ്വന്തം ഡൊമെയ്‌നുകള്‍ നിര്‍മിച്ചുകൊണ്ടാണ് അര്‍ബന്‍ യൂത്ത് ഇന്‍ര്‍നെറ്റിനെ വിവാഹവേദിയിലെത്തിക്കുന്നത്.
ക്ഷണക്കത്ത് അച്ചടിക്കല്‍ മുതല്‍ വരനെയും വധുവിനെയും അണിയിച്ചൊരുക്കല്‍ വരെ ഇവന്റ്മാനേജ്‌മെന്റ് സംഘങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞ വിവാഹാഘോഷത്തിന് ഏറ്റവുമൊടുവില്‍ സംഭവിച്ച പരിഷ്‌കാരമാണ് വിവാഹ വെബ്‌സൈറ്റുകളും വെബ്കാസ്റ്റിങ്ങും. കുടിലു മുതല്‍ കെട്ടാരം വരെ സാങ്കേതികവിദ്യ കയ്യടക്കിയ ഇക്കാലത്ത് വിവാഹവും ലൈവായില്ലെങ്കിലേ അത്ഭുതമുള്ളൂ. വിവാഹം വെബ്‌സൈറ്റിലൂടെ ലൈവായി സംപ്രേഷണം ചെയ്യുന്ന പ്രവണത കേരളത്തിലും വ്യാപകമാവുകയാണ്. അതുകൊണ്ട് ക്ഷണക്കത്തിനടിയിലെ വെബ്‌സൈറ്റ് വിലാസം വെറുതേ തമാശയ്ക്ക് വെച്ചതാണെന്ന് കരുതേണ്ട. ആ വിലാസത്തില്‍ ഒന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത്‌നോക്കൂ, വിവാഹത്തിന് സംബന്ധിക്കാനായില്ലെങ്കിലും ലൈവായി വിവാഹചടങ്ങുകള്‍ കാണാനാവും.
കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ചുകൂടുന്ന അവസരമായിരുന്നു പണ്ടൊക്കെ വിവാഹവേളകള്‍. മാത്രമല്ല അന്ന് പല കുടുംബങ്ങളും കൂട്ടുകുടുംബങ്ങളുമായിരുന്നു. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴിമാറിയപ്പോഴും വിവാഹവേളകളില്‍ പലരും ഒത്തൊരുമിച്ചിരുന്നു. ഇനി വിവാഹത്തിന് സംബന്ധിക്കാനാവാത്ത വേണ്ടപ്പെട്ടവരുണ്ടെങ്കില്‍ അവര്‍ക്ക് വീഡിയോ കാസറ്റ് അയച്ചുകൊടുത്ത് ആ കുറവും നികത്തിയിരുന്നു.. പിന്നെപ്പിന്നെ വേഗം എത്തിപ്പെടാന്‍ പറ്റാത്ത ദൂരങ്ങളിലേക്ക് ജോലിതേടിയും മറ്റും പലരും പോയ്തുടങ്ങിയതോടെ പഴയതുപോലെ വിവാഹത്തിന് എല്ലാവര്‍ക്കും ഒരുമിച്ച് കൂടാനാവാത്ത അവസ്ഥയായി. ട്രെയിനും വിമാനവും ഒക്കെ കയറി വിവാഹസമയത്ത് നാട്ടിലെത്താന്‍ കാലേക്കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്ന സ്ഥിതി. അങ്ങിനെ അവസാന നിമിഷം വരാനാവില്ലെന്നറിയിക്കുന്നവരുടെ എണ്ണവും കൂടി. ഇതിനെല്ലാമുള്ള പരിഹാരമായി പുതുതലമുറ കണ്ടെത്തിയ വഴിയാണ് വിവാഹ വെബ്‌സൈറ്റും വെബ്കാസ്റ്റിങ്ങും. പാശ്ചാത്യരാജ്യങ്ങളില്‍ ഇത്തരം സൈറ്റുകള്‍ നേരത്തേ തന്നെ പ്രചാരം നേടിയിരുന്നു. സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍ക്ക്) സൈറ്റുകളിലൂടെ ലോകമെമ്പാടും സൗഹൃദങ്ങള്‍ വ്യാപിച്ചതോടെയാണ് വിവാഹത്തിന് വെബ്‌സൈറ്റ് (അഥവാ വെഡ്‌സൈറ്റ്) എന്ന ആശയം നമ്മുടെ നവതലമുറയെയും സ്വാധീനിച്ചത്.
വ്യക്തികള്‍ നിര്‍മിച്ചതും കസ്റ്റമൈസ് ചെയ്യാവുന്നതുമായ ധാരാളം വെഡ്‌സൈറ്റുകള്‍ ഇന്‍ര്‍നെറ്റില്‍ ലഭ്യമാണ്. ചെന്നൈയിലും മുബെയിലും കൊച്ചിയിലുമൊക്കെ ഇന്ന് വെബ്കാസ്റ്റിങ് സൗകര്യമൊരുക്കുന്ന കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയേയുമൊക്കെ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നത് തുടക്കത്തില്‍ പലരും സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ദുരുപയോഗം ചെയ്യാനുള്ള സാധ്യത തന്നെയായിരുന്നു സംശയത്തിന് കാരണം. എന്നാല്‍ ഇന്ന് വിവാഹത്തിനായി ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങളെ സമീപിക്കുന്നവരില്‍ 20 ശതമാനത്തിലധികം പേരും വെബ്‌സൈറ്റും ആവശ്യപ്പെടുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. നിലവില്‍ വെഡ്‌സൈറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരില്‍ വലിയൊരു വിഭാഗവും പ്രവാസികളാണ്. മൂല്യവര്‍ധന സേവനമെന്ന നിലയില്‍ വെബ്‌സൈറ്റ് സൗജന്യമായി നിര്‍മിച്ച് നല്‍കുന്ന ഇവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പുകളും ഉണ്ട്.
ഫോട്ടോഗാലറി, കല്യാണവേദിയിലേക്കുള്ള റൂട്ട് മാപ്, വിവാഹദിനം വരെയുള്ള ഒരുക്കങ്ങളുടെ അപ്‌ഡേറ്റുകള്‍, ഗസ്റ്റ്ബുക്ക്, ക്ഷണം ലഭിച്ചവര്‍ക്കുള്ള ഇമെയില്‍ അലര്‍ട്ടുകള്‍ അങ്ങിനെ വെഡ്‌സൈറ്റുകളുടെ ചേരുവകള്‍ വൈവിധ്യപൂര്‍ണമാണ്. അതിഥികള്‍ എവിടെയായിരുന്നാലും വിവാഹവീടുമായി സദാ ബന്ധം നിലനിര്‍ത്താനാവുന്നു എന്നതാണ് ഇവയുടെ മെച്ചം. വിവാഹസ്വപ്‌നങ്ങള്‍, വിവാഹനിശ്ചയം, ആദ്യ കണ്ടുമുട്ടല്‍, ഹണിമൂണ്‍ പഌനുകള്‍, വിവാഹവസ്ത്രം, മൈലാഞ്ചിക്കല്യാണം തുടങ്ങി വിവാഹത്തെക്കുറിച്ച് പരസ്യപ്പെടുത്തണമെന്ന് വധൂവരന്മാര്‍ ആഗ്രഹിക്കുന്നതെന്തും പ്രകടിപ്പിക്കാനുള്ള ഒരു മഴവില്‍ക്കൂടായി വെഡ്‌സൈറ്റുകള്‍ വികസിച്ചു കഴിഞ്ഞു.
വിവാഹം എങ്ങിനെ വേണമെന്നതിനെക്കുറിച്ച് സുഹൃത്തുക്കളുടെ അഭിപ്രായം ആരായാനും വിവാഹ ശേഷം വധൂവരന്മാര്‍ക്ക് ഇണയെ സുഹൃത്തുക്കള്‍ക്കിടയില്‍ പരിചയപ്പെടുത്താനുള്ള വഴിയായുമൊക്കെ ഇന്ന് വെഡ്‌സൈറ്റുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. വെഡ്‌സൈറ്റില്‍ ആര്‍ എസ് വി പി പേജോടെയുള്ള ഇ ഇന്‍വിറ്റേഷനും നല്‍കിയാല്‍ പ്രതികരിക്കുന്നവരുടെ എണ്ണം നോക്കി വിവാഹദിനത്തിലെ അതിഥികളുടെ എണ്ണവും കണക്കാക്കാനുമാവും. യാത്രകള്‍ക്ക് പ്രയാസമുള്ള പ്രായംചെന്നവര്‍ക്ക് വധുവിനെയും വരനെയും ഇന്റര്‍നെറ്റിലൂടെ അനുഗ്രഹിക്കാനും ആശംസയര്‍പ്പിക്കാനുമുള്ള അവസരവും വെഡ്‌സൈറ്റുകള്‍ നല്‍കുന്നുണ്ട്.
വിവാഹം നടക്കുന്ന അതേസമയം തന്നെ ദൂരെയിരുന്ന് ചടങ്ങ് വീക്ഷിക്കാനുള്ള സംവിധാനമാണ് വെഡ്‌സൈറ്റുകളിലെ ഹോട് ഫേവറിറ്റ് വെബ്കാസ്റ്റിങ്ങിലൂടെയാണത് സാധിക്കുന്നത്. വിവാഹത്തിനുവേണ്ടി ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നവര്‍ക്ക് വെബ്കാസ്റ്റിങ് വളരെ നിസ്സാരമാണ്. എട്ട് മണിക്കൂര്‍ നീളുന്ന ലൈവ് വെബ്കാസ്റ്റിങ്ങിന് 65000 രൂപയില്‍ താഴെമാത്രമേ ചെലവ് വരൂ. സൗഹൃദക്കൂട്ടായ്മാ സൈറ്റുപോലെ ഫോട്ടോകളെക്കുറിച്ച് കമന്റുചെയ്യാനും ചര്‍ച്ചകള്‍ നടത്താനുമൊക്കെ കഴിയുന്ന വെബ്കാസ്റ്റിങ് സൗകര്യമില്ലാത്ത വെബ്‌സൈറ്റുകള്‍ക്കാവട്ടെ 10000 രൂപയില്‍ താഴെ മാത്രമാണ് ചെലവ്. ലൈവ് വെബ്കാസ്റ്റ് ചെയ്യാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തവര്‍ക്ക് അതിലൂടെ ചിത്രങ്ങളും വീഡിയോയും അപ്‌ലോഡ് ചെയ്യാനാവും.
വെബ്‌സൈറ്റിലെ ഉള്ളടക്കത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഇന്ന് പണ്ടേപ്പോലെയില്ല. ഡിജിറ്റല്‍ റൈറ്റ്‌സ് മാനേജ്‌മെന്റ് പ്രകാരം സംരക്ഷണമുള്ള ഫോട്ടോഗാലറിയിലെ ചിത്രങ്ങള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. പാസ്‌വേഡ് പ്രൊട്ടക്ഷനും വെബ്‌സൈറ്റിന് നല്‍കാന്‍ കഴിയും. ഇത്തരം വിവാഹസൈറ്റുകള്‍ക്ക് സൗഹൃദക്കൂട്ടായ്മാ സൈറ്റുകളോട് സമാനതകള്‍ ഏറെയാണെങ്കിലും ഉള്ളടക്കത്തിനുമേല്‍ നിയന്ത്രണവും അതുവഴി കൂടുതല്‍ സുരക്ഷിതത്വവും ലഭിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
-yasirfayas@gmail.com