ഫോണ്‍ സിഗ്നലിന് ശക്തി പകരാന്‍ ഇരട്ട ആന്റിന

Posted on: 19 Aug 2010


-എം.ബഷീര്‍



ഐഫോണ്‍ 4 പുറത്തിറങ്ങിയപ്പോള്‍ അതിന്റെ ഒരു പ്രത്യേക ഭാഗത്ത് പിടിച്ചാല്‍ സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നു. ഇതു സംബന്ധിച്ച് ആപ്പിള്‍ ആദ്യം മൗനം പാലിച്ചുവെങ്കിലും പിന്നീട് ഫോണിലെ ആന്റിനയുടെ പോരായ്മ കൊണ്ടാണ് ഇതു സംഭവിക്കുന്നതെന്ന് സമ്മതിക്കുകയും ചെയ്തു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന കണ്ടുപിടുത്തമാണ് റൈസ് സര്‍വകലാശാലയിലെ ലിങ് സോങിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയിരിക്കുന്നത്്. സിഗ്നല്‍ കുറവുമൂലം കോളുകള്‍ നഷ്ടമാകുന്നത് പഴങ്കഥയാകുമെന്നാണ് ഇവരുടെ പക്ഷം. മൊബൈലുകളില്‍ വിവിധ ദിശകളിലേക്കായി രണ്ട് ആന്റിനകള്‍ ഉപയോഗിച്ചാല്‍ കുറഞ്ഞ ഊര്‍ജമുപയോഗിച്ച് പൂര്‍ണമായി സിഗ്നലുകള്‍ ലഭ്യമാകുമെന്ന് ഇവര്‍ പറയുന്നു.

നിലവിലുള്ള സെല്‍ഫോണുകളിലെ ഒറ്റ ആന്റിന വിവിധ ദിശകളില്‍ നിന്ന് സിഗ്നലുകള്‍ പിടിച്ചെടുക്കുന്നതിനാണ് ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിനുവേണ്ടി ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ ചെറിയൊരംശം മാത്രമാണ് ബെയ്‌സ് സ്‌റ്റേഷനിലെത്തി സിഗ്നലുകള്‍ പിടിച്ചെടുക്കുന്നത്. ഇതാകട്ടെ, അനാവശ്യമായി ബാറ്ററി ചാര്‍ജ് ഇല്ലാതാക്കുകയും ഫോണ്‍ ഉപയോഗത്തിന് മറ്റ് തടസ്സങ്ങളുണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ സിഗ്നലുകള്‍ക്കായി ചെറിയൊരു ദിശയിലേക്ക് മാത്രം ഊര്‍ജ്ജം ഉപയോഗിക്കുന്നത് കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സെല്‍ ടവറുകളില്‍ ഇത്തരം തന്ത്രം തന്നെയാണ് ഉപയോഗിക്കുന്നത്. നിരവധി ആന്റിനകള്‍ വിവിധ ദിശകളിലേക്ക് തിരിച്ചു വച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഒരു മാതൃക അടിസ്ഥാനമാക്കിയാണ് റൈസ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പഠനം നടത്തിയത്. ഇത് ഊര്‍ജോപയോഗം കുറക്കുന്നതോടൊപ്പം ബാറ്ററി കാലാവധി വര്‍ധിപ്പിക്കുന്നുമുണ്ടെന്ന് അവര്‍ കണ്ടെത്തി.

ഒരു വൈഫൈ ട്രാന്‍സ്മിറ്ററിനെ വിവിധ ദിശകളിലേക്ക് തിരിച്ചു വച്ചിരിക്കുന്ന മൂന്ന് സാധാരണ ആന്റിനയുമായും ഒരു സ്റ്റാന്‍ഡേര്‍ഡ് ആന്റിനയുമായും അവര്‍ ബന്ധപ്പെടുത്തി. ഇതില്‍ ഒരെണ്ണം മാത്രം ഒരു സമയം പ്രവര്‍ത്തിക്കുന്ന രീതിയിലായിരുന്നു വച്ചിരുന്നത്. തുടര്‍ന്ന്, ബേസ് സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ അയക്കാന്‍ ഒരു ആന്റിനയും അവിടെ നിന്ന് വിവരങ്ങള്‍ സ്വീകരിക്കാന്‍ സ്റ്റാന്‍ഡോര്‍ഡ് ആന്‍റിനയും ഉപയോഗിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഇതിന്റെ നിലവാരം വ്യക്തമായി അറിയന്‍ കറങ്ങുന്ന ഒരു പ്ലാറ്റ്‌ഫോമിലാണ് ഈ സിസ്റ്റം ഉറപ്പിച്ചിരുന്നത്. ബേസ് സെന്ററിനെ കേന്ദ്രമാക്കി ഇത് സെക്കന്റില്‍ ഒരുപ്രാവശ്യം കറങ്ങുമ്പോള്‍ പോലും തടസ്സങ്ങളൊന്നുമില്ലാതെ വീഡിയോ സ്ട്രീം ചെയ്യാന്‍ കഴിഞ്ഞു. ഇത് യഥാര്‍ത്ഥ സാഹചര്യത്തിലും ഇതുപോലെത്തന്നെ പ്രവര്‍ത്തിക്കുമെന്നും അവര്‍ കണ്ടെത്തി. വൈഫൈ ഫ്രീക്വന്‍സിയിലാണ് ഈ പരീക്ഷണങ്ങള്‍ നടന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കുന്ന ചില മൊബൈല്‍ഫോണില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ഫലങ്ങളും ആശാവാഹമാണെന്ന് സോങ് പറയുന്നു.

ഫോണുകളില്‍ രണ്ട് ആന്റിനകള്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഏറെ ഗുണങ്ങളുണ്ടാക്കുമെന്നാണ് വിവിധ പരീക്ഷണങ്ങള്‍ തെളിയിക്കുന്നതെന്ന് സോങ് വ്യക്തമാക്കുന്നു. ഫോണിന്റെ മുന്‍ഭാഗത്ത് ഒരു ആന്റിനയും മറുഭാഗത്ത് മറ്റൊന്നും ഘടിപ്പിച്ചാല്‍ സിഗ്നല്‍ ശക്തി കൂടുന്നതിനൊപ്പം, അവശ്യ ദിശകളിലേക്ക് രണ്ട് ആന്റിനകളില്‍ ഒന്നു മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ ഊര്‍ജ്ജ നഷ്ടവും ഒഴിവാക്കാനാകും. എന്തായാലും, ആന്റിന പ്രശ്‌നം കാരണം സിഗിനലുകള്‍ മാറിമറിയുന്നതും ഇതുമൂലം കോളുകള്‍ പൂര്‍ത്തിയാക്കാനാകാത്തതും ഇത്തരം ഇരട്ട ആന്റിനയുടെ വരവോടെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.

-basheer74@gmail.com


Stories in this Section