ഐഫോണ്‍, ഐപാഡ്....ഇനി ഐസൈക്കിള്‍!

Posted on: 12 Aug 2010


-സുജിത് കുമാര്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന ആപ്പിള്‍ ഐഫോണിനും ഐപാഡിനും ശേഷം ഇതാ ഐസൈക്കിള്‍ കൂടി പുറത്തിറക്കാന്‍ പോകുന്നു. നിര്‍മ്മിക്കാന്‍ പോകുന്നതിനു മുന്‍പു തന്നെ ഹിറ്റാകുന്ന ആപ്പിള്‍ ഉത്പന്നങ്ങളുടെ ശ്രേണിയിലേക്ക് എത്തുകയാണ് ഈ പുതിയ താരം. ആപ്പിളിന്റെ പേറ്റന്റ് അപ്ലിക്കേഷനുകള്‍ മണത്തറിഞ്ഞു പ്രസിദ്ധീകരിക്കുന്ന 'പേറ്റന്റ്‌ലി ആപ്പിള്‍' എന്ന ബ്ലോഗ് ആണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ആഗസ്റ്റ് അഞ്ചിന് അമേരിക്കന്‍ പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ ഒരു പുതിയ സ്മാര്‍ട്ട് സൈക്കിളിള്‍ നിര്‍മ്മിക്കാന്‍ പോകുന്നു. എന്തായിരിക്കും ആ സൈക്കിളിന്റെ സവിശേഷതകള്‍? നൈക് + ഐപോഡിന്റെ സാങ്കേതിക വിദ്യയോടു സാമ്യമുള്ളതായിരിക്കും ഐസൈക്കിളും എന്നാണ് പറയപ്പെടുന്നത്. നൈക് + ഐ ഫോണിനെപ്പറ്റി അറിയാത്തവര്‍ക്കായി ചില വിവരങ്ങള്‍

നൈക് + ഐ പോഡ്


ആപ്പിളും പ്രശസ്ത സ്‌പോര്‍ട്‌സ് ഷൂ നിര്‍മ്മാതാക്കള്‍ ആയ നൈക്കും ചേര്‍ന്ന് കായികതാരങ്ങള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ഉപകരണം ആണിത്. ഒരു ജോഡി നൈക് ഷൂസുകള്‍, ഐഫോണ്‍/ഐപോഡ്, ഐപോഡ് സ്‌പോര്‍ട്‌സ് കിറ്റ്, സെന്‍സര്‍ എന്നിവ അടങ്ങിയതാണ് നൈക് + ഐപോഡ്. അതായത് ഈ സംവിധാനത്തിലൂടെ ഓട്ടക്കാര്‍ക്ക് തങ്ങളുടെ വേഗം, ഊര്‍ജോപഭോഗം, ദൂരം തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. ഷൂവിന്റെ സോളില്‍ നിക്ഷേപിക്കവുന്ന സെന്‍സര്‍ വയര്‍ലെസ് ആയി അയക്കുന്ന വിവരങ്ങള്‍ ഐഫോണിലെഅപ്ലിക്കേഷന്‍ അപഗ്രഥിച്ച് ദൃശ്യവത്ക്കരിക്കുന്നു. കൂടാതെ മുന്‍കൂറായി രേഖപ്പെടുത്തിയ വിവരങ്ങള്‍ക്കനുസരിച്ച് ശബ്ദരൂപത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നു. ഐപോഡ് നാനോവില്‍ സിഗ്‌നലുകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക റിസീവര്‍ ആവശ്യമാണ് എന്നാല്‍ ഐഫോണ്‍ 3ജിഎസിലും ഐഫോണ്‍ 4 ലും റിസീവറിന്റെ ആവശ്യം ഇല്ല.

ഐസൈക്കിള്‍


പേറ്റന്റ് അപ്ലിക്കേഷന്‍ നല്‍കുന്ന സൂചനയനുസരിച്ച് നൈക് + ഐപോഡിനെപ്പൊലെത്തന്നെ ഈ സ്മാര്‍ട്ട് സൈക്കിളില്‍ ആപ്പിള്‍ ഐപോഡോ ഐഫൊണൊ ഘടിപ്പിച്ച് വേഗം, സമയം, ദൂരം, ഉയരം, സവാരിക്കാരന്റെ ഹൃദയമിടിപ്പ്, ശക്തി, കാറ്റിന്റെ ഗതി തുടങ്ങി ഒട്ടേറെക്കാര്യങ്ങള്‍ തത്സമയം അളക്കാനും അറിയാനും അപഗ്രഥിക്കാനും കഴിയും. അതായത് അത്യന്താധുനിക സൗകര്യങ്ങളുള്ള ഒരു സ്‌പോര്‍ട്‌സ് സൈക്കിള്‍ ആയിരിക്കും ഐസൈക്കിള്‍ എന്നു സാരം.

സൈക്കിളിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളിലെ വിവരങ്ങള്‍ ഒരു പ്രത്യേക ഉപകരണം സംയോജിപ്പിച്ചു വിശകലനം ചെയ്ത് ഐപോഡിനോ ഐഫോണിനോ മനസ്സിലാക്കാന്‍ കഴിയുന്ന സിഗ്‌നലുകള്‍ ആക്കി മാറ്റുന്നു. ഈ സിഗ്‌നലുകള്‍ പ്രത്യേക കേബിളുകള്‍ മുഖേനയോ വയര്‍ലെസ് സങ്കേതങ്ങള്‍ ഉപയോഗിച്ചോ ഐഫോണിലേക്കു അയക്കുന്നു. ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രത്യേക അപ്ലിക്കേഷന്‍ ഈ വിവരങ്ങള്‍ അപഗ്രഥിച്ചു ദൃശ്യവത്കരിക്കുന്നു. നൈക് + ഐപോഡില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ ഒന്നില്‍ കൂടുതല്‍ സെന്‍സറുകള്‍ ഉപയോഗിക്കപ്പെടുന്നു.

സാധാരണ ഉപയോഗിക്കുന്ന മാഗ്‌നറ്റിക് ഇലക്ട്രോണിക്‌സ് സെന്‍സറുകള്‍ തന്നെയാണ് വേഗം, സഞ്ചരിച്ച ദൂരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. വിവിധ സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങള്‍ വയര്‍ലെസ് സങ്കേതങ്ങളായ ജി പി ആര്‍ എസ്, എഡ്ജ്, വൈഫൈ തുടങ്ങിയ ഏതെങ്കിലും മാര്‍ഗം ഉപയോഗപ്പെടുത്തി ഐഫോണുമായി സംയോജിപ്പിക്കുന്നു. ഏതൊരു ആപ്പിള്‍ ഉത്പന്നവും പോലെതന്നെ ഇതും സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ലെന്നു വ്യക്തം.

-sujith@sujith.co.inStories in this Section