പുത്തന്‍ ഭാവത്തില്‍ ജിമെയില്‍

Posted on: 12 Aug 2010


-യാസിര്‍ ഫയാസ്‌



ജിമെയിലിനെ ഗൂഗിള്‍ വീണ്ടും നവീകരിച്ചു. ജിമെയില്‍ ഉപയോഗം കൂടുതല്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഒട്ടേറെ മാറ്റങ്ങളുമായാണ് ഇത്തവണ ജിമെയില്‍ മുഖം മിനുക്കിയിരിക്കുന്നത്. ജിമെയില്‍ ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളിലെ പ്രധാന ആവശ്യങ്ങളാണ് ഈ നവീകരണത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്ന് ജിമെയില്‍ പ്രൊഡക്ട് മാനേജര്‍ ബെഞ്ചമിന്‍ ഗ്രോള്‍ തന്റെ ബ്‌ളോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

ജിമെയിയിലെ കോണ്ടാക്ടുകള്‍ കൈകാര്യം ചെയ്യുന്ന ടൂളുകള്‍ക്കാണ് ഈ നവീകരണത്തില്‍ പ്രധാന മാറ്റമുണ്ടായിരിക്കുന്നത്. 2004 ലെ വിഡ്ഡിദിനത്തില്‍ ലോഞ്ച് ചെയ്തശേഷം ജിമെയിലിന്റെ രൂപത്തിലും ഭാവത്തിലും പലതവണ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നുവെങ്കിലും കോണ്ടാക്ട് വിഭാഗത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും നടത്തിയിരുന്നില്ല. എളുപ്പത്തില്‍ തരംതിരിക്കാനും കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കാനും കഴിയുംവിധം കോണ്ടാക്ട് വിഭാഗവും നവീകരിച്ചതോടെ ജിമെയില്‍ കൂടുതല്‍ സ്മാര്‍ട്ടായതായാണ് വിലയിരുത്തല്‍.

ജിമെയില്‍ വിന്‍ഡോയുടെ മുകളില്‍ മാസ്റ്റ്‌ഹെഡിലെ (ജി മെയില്‍ ബൈ ഗൂഗിള്‍) എം എന്ന അക്ഷരം തന്നെ ഇന്‍ബോക്‌സിലേക്കുള്ള ലിങ്കാക്കിമാറ്റിയിരിക്കുകയാണ് പുതിയ പരിഷ്‌ക്കാരം വഴി. അതിനെ തൊട്ടുതാഴെയാണ് പുതിയ കോണ്ടാക്ടിലേക്കും ടാസ്‌ക് ലിസ്റ്റിലെക്കുമുള്ള ലിങ്കുകള്‍ സംവിധാനിച്ചിരിക്കുന്നത്. ടാസ്‌ക് ലിങ്കില്‍ കഌക് ചെയ്താലുടന്‍ ലിസ്റ്റ് തയ്യാറാക്കാനുള്ള ഒരു ചെറിയ വിന്‍ഡോ ഉയര്‍ന്നുവരും. ഇനി കോണ്ടാക്ട്, ടാസ്‌ക് ലിങ്കുകള്‍ വിന്‍ഡോയില്‍ കാണമെന്നില്ലെങ്കില്‍ മെയിലിന് വലതുവശത്തുള്ള മൈനസ് ഐക്കണില്‍ കഌക് ചെയ്യുകയേ വേണ്ടൂ. കംപോസ് മെയില്‍ എന്ന പഴയ ലിങ്ക് ഒാപ്ഷന്‍ ബട്ടണാക്കിയും മാറ്റിയിട്ടുണ്ട്.

കോണ്ടാക്ട് ടൂളിന്റെ അകവും പുറവും പൂര്‍ണമായി അഴിച്ചുപണിതിരിക്കുകയാണ് ഈ നവീകരണത്തില്‍. ഇന്‍ബോക്‌സ് പോലെ സ്‌ക്രീനിന് തിരിശ്ചീനമായാണ് പുതിയ കോണ്ടാക്ട് ലിസ്റ്റ് സംവിധാനിച്ചിരിക്കുന്നത്. പേര്, ഇമെയില്‍ വിലാസം, ഫോണ്‍നമ്പര്‍, മേല്‍വിലാസം, ഏത് ഗ്രൂപ്പിലാണ് കോണ്ടാക്ട് ഉള്‍പെടുന്നത് തുടങ്ങിയ വിവരങ്ങള്‍ ഒറ്റ നോട്ടത്തില്‍ തന്നെ കാണാനാവും.

കോണ്ടാക്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിരവധി ടൂളുകള്‍ ഡ്രോപ്പ് ഡൗണ്‍ മെനുവായി തെട്ട് മുകളില്‍ തന്നെ ഒരുക്കിയിട്ടുമുണ്ട്. കോണ്ടാക്ട് ഗ്രൂപ്പുകളിലേക്ക് പുതിയവ ഉള്‍പെടുത്താനും കോണ്ടാക്ടുകള്‍ എക്‌സ്‌പോര്‍ട്ട്/ ഇംപോര്‍ട്ട് ചെയ്യാനും ലയിപ്പിക്കാനും ആവര്‍ത്തനം പരിശോധിച്ച് ഒഴിവാക്കേണ്ടവ ഒഴിവാക്കാനും പ്രിന്റ് ചെയ്യാനും ആദ്യനാമത്തിന്റെയോ അവസാന നാമത്തിന്റെയോ അടിസ്ഥാനത്തില്‍ അവയെ തരംതിരിക്കാനും ഒക്കെയുള്ള സംവിധാനങ്ങളും പുതിയ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കൊണ്ടുവന്നിട്ടുണ്ട്.

കോണ്ടാക്ട് പേജിന്റെ ഉള്ളിലും നിരവധി മാറ്റങ്ങളുണ്ട്. പേജിന്റെ ഇടത് ഭാഗത്ത് മുകളില്‍ പുതിയ കോണ്ടാക്ട് ഉണ്ടാക്കാനുള്ള ബട്ടണ്‍, ഗ്രൂപ്പുകളിലേക്കുള്ള ലിങ്കുകള്‍, പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനുള്ള ഓപ്ഷന്‍ എന്നിവയുണ്ട്. സ്ഥിരമായി കോണ്ടക്ട് ചെയ്യുന്നവരുടെ ലിസ്റ്റിലേക്കുള്ള ലിങ്ക്, ഗ്രൂപ്പില്‍ പെടാത്ത കോണ്ടാക്ടുകളിലേക്കുള്ള ലിങ്ക് എന്നിവയുമുണ്ട് ഇവ കൂടാതെ. ഏതെങ്കിലും കോണ്ടാക്ടില്‍ കഌക് ചെയ്താലുടന്‍ വ്യക്തിയുടെ പേരും ഫോട്ടോയും മുകള്‍ ഭാഗത്തായി ക്രമീകരിച്ച പുതിയ പേജ് തെളിഞ്ഞുവരും. അതില്‍ ഇ മെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, വെബ്‌സൈറ്റിലേക്കുള്ള യു ആര്‍ എല്ലുകള്‍, ബ്‌ളോഗ്, സോഷ്യല്‍ നെറ്റ് വര്‍ക്ക് അക്കൗണ്ട് എന്നിവ ഒറ്റ നോട്ടത്തില്‍ തന്നെ കാണാനാവും. ഇവ കൂടാതെ കോണ്ടാക്ടില്‍ എന്തെങ്കിലും അധിക വിവരങ്ങള്‍ ചേര്‍ക്കണമെങ്കില്‍ ആഡ് ബട്ടണില്‍ കഌക്ക് ചെയ്ത് പുതിയ ഫീല്‍ഡ് ഉണ്ടാക്കാനുമാവും.

കോണ്ടാക്ട് പേജിന്റെ വലതുവശത്ത് സാമാന്യം വലിയ നോട്ട്‌സ് ഏരിയയുമുണ്ട്. ഇടതുവശത്ത് പ്രസ്തുത വ്യക്തിയില്‍ നിന്ന് അടുത്ത് വന്ന ഇ മെയിലുകള്‍, ഇന്‍സ്റ്റന്റ് മെസേജുകള്‍ ചാറ്റ് സംഭാഷണങ്ങള്‍ എന്നിവയും കാണാനാവും. കേണ്ടാക്ട് പേജിലെ ലേബല്‍ ഫീല്‍ഡുകള്‍ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് മാറ്റാനുള്ള സൗകര്യവുമുണ്ട്. അവസാനം ചെയ്ത എഡിറ്റിങ് ഒഴിവാക്കാനുള്ള അണ്‍ഡു ലിങ്കും പുതിയ ജി മെയിലില്‍ ലഭ്യമാണ്. ഇതിനെല്ലാം പുറമേ കോണ്ടാക്ടില്‍ ഓട്ടോസേവ് സൗകര്യവുമുണ്ട്. കീ ബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ജി മെയിലിലെ കോണ്ടാക്ട് കൈകാര്യം ചെയ്യല്‍ എളുപ്പമാക്കും.


Stories in this Section