സോളാര്‍പാനലിന്റെ ക്ഷമത വര്‍ധിപ്പിക്കാന്‍ സ്റ്റിക്കര്‍ വിദ്യ

Posted on: 11 Aug 2010


-സുജിത് കുമാര്‍





ഭാവിയുടെ ഊര്‍ജസ്രോതസ്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സോളാര്‍പാനലുകളുടെ മുഖ്യ ന്യൂനത അവയുടെ ഊര്‍ജക്ഷമത കുറവാണ് എന്നതാണ്. അതായത് സൂര്യനില്‍നിന്ന് ലഭിക്കുന്ന ഊര്‍ജത്തിന്റെ ചെറിയൊരളവു മാത്രമേ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നുള്ളൂ. വര്‍ഷങ്ങളായി സൊളാര്‍സെല്ലുകളുടെ ക്ഷമത വര്‍ധിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുവരുന്നു.

അമേരിക്കയിലെ ജിനിലെന്‍സ് ടെക്‌നോളജി ഗ്രൂപ്പിന്റെ ഭാഗമായ സോളൊപ്റ്റിക്‌സ് ഇപ്പൊള്‍ സോളാര്‍പാനലുകളുടെ ക്ഷമത ചുരുങ്ങിയ ചെലവില്‍ 10 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന സങ്കേതം ആവിഷ്‌കരിച്ചിരിക്കുന്നു. 'ഫ്യൂഷന്‍' എന്ന പേരിട്ടിരിക്കുന്ന ഇത് കനംകുറഞ്ഞ ഒരു പോളിമര്‍ സ്റ്റിക്കര്‍ ആണ്. അതായത് നിലവിലുള്ള സോളാര്‍ പാനലുകളില്‍ ഈ സ്റ്റിക്കര്‍ ഒട്ടിച്ചാല്‍ അവയുടെ ഊര്‍ജക്ഷമത 10 ശതമാനം വരെ വര്‍ധിക്കും

ആഗസ്റ്റ് രണ്ടിന് അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറി (എന്‍ ആര്‍ ഈ എല്‍) നടത്തിയ പരീക്ഷണങ്ങളില്‍, ഈ സങ്കേതത്തിന് നാലു മുതല്‍ 12.5 ശതമാനം വരെ ഊര്‍ജക്ഷമതയില്‍ വര്‍ധന കണ്ടെത്തി.

'ഫ്യൂഷന്‍' എന്നത് പ്രത്യേക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട കനംകുറഞ്ഞ ഒരു പോളിമര്‍ഷീറ്റ് ആണ്. പതിക്കുന്ന സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാനും പ്രതിഫലനത്തിലൂടെയുള്ള ഊര്‍ജ്ജ നഷ്ടം പരമായധി കുറക്കുവാനും അനുയോജ്യമായ രീതിയില്‍ ആണ് ഇതിന്റെ രൂപകല്‍പ്പന. സോളാര്‍പാനലില്‍ നിന്നും പ്രതിഫലനത്തിലൂടെയും മറ്റും നഷടമാകുന്ന സൗരോര്‍ജത്തെ ഈ പോളിമര്‍ഷീറ്റ് ആന്തരികപ്രതിഫലനത്തിലൂടെ വീണ്ടും പാനലിലേക്കു കടത്തിവിടുന്നു (ചിത്രങ്ങള്‍ ശ്രദ്ധിക്കുക).







നിലവിലുള്ള സോളാര്‍ പാനലുകളില്‍ യാതൊരു മാറ്റവും വരുത്താതെ തന്നെ ആര്‍ക്കും ഈ സങ്കേതം എളുപ്പത്തില്‍ പ്രയോജനപ്പെടുത്താം എന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. സോളാര്‍പാനലിന്റെ വിസ്തൃതിക്കനുസരിച്ച് ഒന്നു മുതല്‍ 10 ശതമാനം വരെ അധിക ചെലവു വന്നേക്കാം. എങ്കിലും ഇതുമൂലം ലഭിക്കുന്ന അധിക ഊര്‍ജവുമായി താരതമ്യപ്പടുത്തുമ്പോള്‍ ചെലവ് തുച്ഛമാണ്. ഫ്യൂഷന്‍ സ്റ്റിക്കറിന്റെ വ്യാവസായിക നിര്‍മ്മാണത്തെപ്പറ്റിയോ, വിപണിയില്‍ എപ്പോള്‍ ലഭ്യമാകുമെന്നോ സോളോപ്റ്റിക്‌സ് വെളിപ്പെടുത്തിയിട്ടില്ല.

-sujith@sujith.co.in


Stories in this Section