പേറ്റന്റ് ലംഘനം: സാംസങിനെതിരെ യു.എസ്.ട്രേഡ് കമ്മീഷന്‍

Posted on: 25 Oct 2012
അമേരിക്കയില്‍ സാംസങിനെതിരെ ആപ്പിളിന് വീണ്ടും പേറ്റന്റ് വിജയം. ആപ്പിളിന്റെ നാല് പേറ്റന്റുകള്‍ സാംസങ് ലംഘിച്ചതായി യു.എസ്.ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (ഐ.ടി.സി) ജഡ്ജ് തോമസ് പെന്‍ഡെര്‍ വിധിച്ചു.

സാംസങ് ഉപകരണങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ അധികാരമുള്ള സ്ഥാപനമാണ് ട്രേഡ് കമ്മീഷന്‍. പ്രാഥമിക വിധിയാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. കമ്മീഷന്റെ ഫുള്‍ബഞ്ചിന് മുന്നില്‍ ഫിബ്രവരിയില്‍ ഈ വിധി പരിഗണനയ്‌ക്കെത്തും.

പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ ആപ്പിളിന് സാംസങ് 105 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ ആഗസ്തില്‍ യു.എസ്. ജൂറി വിധിച്ചിരുന്നു. അതിന് പിന്നാലെയാണ്, സാംസങിനെതിരെ ഐ.ടി.സി.യുടെ വിധി വന്നിരിക്കുന്നത്.

ആപ്പിള്‍ ആരോപിച്ചവയില്‍ നാല് പേറ്റന്റുകള്‍ സാംസങ് ലംഘിച്ചതായി ജഡ്ജ് നിഗമനത്തിലെത്തി. എന്നാല്‍, ആപ്പിളിന്റെ മറ്റ് രണ്ട് പേറ്റന്റുകളുടെ കാര്യത്തില്‍ അതുണ്ടായിട്ടില്ലെന്ന് ജഡ്ജി വിധിയില്‍ പറഞ്ഞു.

ആപ്പിളിന്റെ ഐഫോണ്‍ സോഫ്ട്‌വേര്‍ ഫീച്ചറുകളുമായി ബന്ധപ്പെട്ടതാണ്, ലംഘിക്കപ്പെട്ടതായി കണ്ടെത്തിയവയില്‍ മൂന്നു പേറ്റന്റുകള്‍. ഒരെണ്ണം ആപ്പിളിന്റെ ഹാര്‍ഡ്‌വേറുമായി ബന്ധപ്പെട്ടതാണ്.

അതേസമയം, ഈ കേസില്‍ ഗാലക്‌സി എസ് 3 പോലെ സാംസങിന്റെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ അമേരിക്കയില്‍ നിരോധനം വന്നാലും അതിന്റെ പ്രത്യാഘാതം പരിമിതമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പത്തുരാജ്യങ്ങളില്‍ ആപ്പിളും സാംസങും തമ്മില്‍ പേറ്റന്റിന്റെ പേരില്‍ പോര് നടക്കുകയാണ്. ഐപാഡിന്റെ ഡിസൈന്‍ ഗാലക്‌സി ടാബിനായി സാംസങ് കവര്‍ന്നുവെന്ന വാദം ബ്രിട്ടീഷ് അപ്പീല്‍ കോടതി അടുത്തയിടെ തള്ളിയിരുന്നു.

ആപ്പിള്‍ പേറ്റന്റുകളുടെ സാധുത

സാംസങ് ഉള്‍പ്പടെയുള്ള കമ്പനികളുമായി പേറ്റന്റിന്റെ പേരില്‍ നിയമയുദ്ധം തുടരുന്ന ആപ്പിളിന് കഴിഞ്ഞ ദിവസം കനത്ത ആഘാതമേറ്റിരുന്നു. ആപ്പിള്‍ സ്വന്തമാക്കിയിട്ടുള്ള ഒരുപിടി പേറ്റന്റുകള്‍ക്ക് സാധുതയില്ലെന്ന് യു.എസ്.പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് കഴിഞ്ഞ ദിവസം വിധിക്കുകയുണ്ടായി.

'സ്‌ക്രോള്‍ ടെക്‌നോളജി' ഉള്‍പ്പടെ ആപ്പിള്‍ കരസ്ഥമാക്കിയ 20 പേറ്റന്റുകള്‍ക്ക് ഒരു പുതുമയും അവകാശപ്പെടാനില്ലെന്നാണ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് കണ്ടെത്തിയത്.

സാംസങിന് 105 കോടി ഡോളര്‍ പിഴ വിധിച്ചുകൊണ്ട് കഴിഞ്ഞ ആഗസ്തില്‍ കാലിഫോര്‍ണിയയിലെ ജൂറി പുറപ്പെടുവിച്ച വിധിയില്‍ സംശയമുണര്‍ത്തുന്നതാണ് പുതിയ സംഭവവികാസമെന്ന് വിദഗ്ധര്‍ പറയുന്നു. ട്രേഡ്മാര്‍ക്ക് ഓഫീസിന്റെ വിധിപ്പകര്‍പ്പ്, തങ്ങളുടെ അപ്പീല്‍ പരിഗണിക്കുന്ന ജഡ്ജ് ലൂസി കോഹിന് മുന്നില്‍ സാംസങ് ഹാജരാക്കിയിട്ടുണ്ട്.

ടച്ച്‌സ്‌ക്രീന്‍ സങ്കേതവുമായി ബന്ധപ്പെട്ട് ആപ്പിള്‍ സ്വന്തമാക്കിയിട്ടുള്ള ചില പേറ്റന്റുകള്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അജ്ഞാതന്‍ നല്‍കിയ പരാതി പരിഗണിച്ച ട്രേഡ്മാര്‍ക്ക് ഓഫീസാണ്, ആപ്പിളിന്റെ പേറ്റന്റുകള്‍ സാധുതയുള്ളവയല്ലെന്ന് കണ്ടെത്തിയത്. ആപ്പിളിന് ഇതിനെതിരെ അപ്പീല്‍ നല്‍കാം.


Stories in this Section