കൂടുതല്‍ സാംസങ് ഫോണുകള്‍ നിരോധിക്കണമെന്ന് ആപ്പിള്‍

Posted on: 03 Sep 2012



സാംസങ് ഗാലക്‌സി എസ് 3 - കഴിഞ്ഞ മെയ് മാസത്തില്‍ വിപണിയിലെത്തിയ ഈ ഫോണ്‍ ലോകമാകെ ഇതിനകം ഒരുകോടി എണ്ണം വിറ്റുകഴിഞ്ഞു


പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ കൂടുതല്‍ സാംസങ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന അമേരിക്കയില്‍ വിലക്കാന്‍ ആപ്പിള്‍ നടപടി തുടങ്ങി. സാംസങിന്റെ ഗാലക്‌സി എസ് 3 സൂപ്പര്‍ഫോണും തങ്ങളുടെ പേറ്റന്റുകള്‍ ലംഘിക്കുന്നതായി ആപ്പിള്‍ ആരോപിച്ചു.

ഇതിനകം ഒരുകോടിയിലേറെ ഗാലക്‌സി എസ് 3 ഫോണുകള്‍ സാംസങ് ലോകമാകെ വിറ്റുകഴിഞ്ഞു. കഴിഞ്ഞ ആഗസ്ത് 24 ന് കാലിഫോര്‍ണിയയിലെ കോടതി സാംസങിനെതിരെ വിധി പുറപ്പെടുവിച്ച കേസില്‍ ഗാലക്‌സി എസ് 3 ഉള്‍പ്പെട്ടിരുന്നില്ല.

പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ 105 കോടി ഡോളര്‍ ആപ്പിളിന് സാംസങ് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. ആപ്പിളിന്റെ ഐഫോണിലും ഐപാഡിലുമുള്ള ആറ് പേറ്റന്റുകള്‍ സാംസങ് അതിന്റെ ഫോണുകളില്‍ അനധികൃതമായി ഉപയോഗിക്കുന്നുവെന്നാണ് സാന്‍ ജോസിലെ ജൂറി കണ്ടെത്തിയത്.

കോടതി വിധിയെ തുടര്‍ന്ന് സാംസങ് സ്മാര്‍ട്ട്‌ഫോണുകളുടെ എട്ട് മോഡലുകള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ വിലക്കേര്‍പ്പെടുത്താന്‍ ആപ്പിള്‍ കോടതിയെ സമീപിച്ചിരുന്നു. ആ കേസിന്റെ വാദം ഡിസംബര്‍ ആറിലേക്ക് ജില്ലാ ജഡ്ജി ലൂസി കോഹ് കഴിഞ്ഞ ദിവസം മാറ്റി.

അക്കൂട്ടത്തില്‍ ആപ്പിള്‍ പക്ഷേ, ഗാലക്‌സി എസ് 3 ഉള്‍പ്പെട്ടിരുന്നില്ല. വിലക്കേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കാലിഫോര്‍ണിയ കോടതിയില്‍ ആപ്പിള്‍ നല്‍കിയ 21 ഉപകരണങ്ങളുടെ പുതിയ പട്ടികയില്‍ സാംസങിന്റെ ആ സൂപ്പര്‍ഫോണും ഗാലക്‌സി നോട്ട് ടാബ്‌ലറ്റും ഉള്‍പ്പെടുന്നു.

ഉപഭോക്താക്കളുടെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാണ് ആപ്പിളിന്റെ നിലപാടെന്ന് സാംസങ് ആരോപിക്കുന്നു. അപ്പീല്‍ കോടതിയെ സമീപിക്കുമെന്നും സാംസങ് വ്യക്തമാക്കിയിട്ടുണ്ട്.
TAGS:
apple  |  samsung  |  patent issue  |  mobile market 


Stories in this Section