ഐപാഡ് കോപ്പിയടി: സാംസങിനെതിരെ ആപ്പിളിന്റെ വാദം ബ്രിട്ടീഷ് അപ്പീല്‍ കോടതി തള്ളി

Posted on: 18 Oct 2012
ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ കാര്യത്തില്‍ തങ്ങള്‍ രജിസ്റ്റര്‍ചെയ്ത ഡിസൈന്‍ സാംസങ് കോപ്പിയടിച്ചുവെന്ന ആപ്പിളിന്റെ വാദം ബ്രിട്ടീഷ് അപ്പീല്‍ കോടതി തള്ളി. ഇതുസംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ യൂറോപ്പില്‍ നടക്കുന്ന നിയമതര്‍ക്കത്തിന് അന്ത്യംകുറിക്കുന്നതാണ് ഈ വിധിയെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില സമാനതകളുണ്ടെങ്കിലും, സാംസങിന്റെ ഗാലക്‌സി ടാബ് ആപ്പിള്‍ ഐപാഡിന്റെ ഡിസൈനില്‍ കടന്നുകയറ്റം നടത്തിയിട്ടില്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതി 2012 ജൂലായില്‍ വിധിച്ചിരുന്നു. ഐപാഡിനെ അപേക്ഷിച്ച് 'ഗാലക്‌സി ടാബ് അത്ര നന്നല്ല', അതിനാല്‍ പേറ്റന്റ് ലംഘനവുമില്ല എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

ഹൈക്കോടതിവിധി ശരിവെച്ചുകൊണ്ടാണ് ആപ്പിളിന്റെ വാദങ്ങള്‍ അപ്പീല്‍കോടതി തള്ളിയത്. ടാബ്‌ലറ്റ് ഡിസൈനിന്റെ പേരില്‍ യൂറോപ്പില്‍ ഇരുകമ്പനികളും ഇനി കൂടുതല്‍ നിയമയുദ്ധത്തിലേര്‍പ്പെടുന്നത് ഈ വിധിയോടെ അസാധ്യമായിരിക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.

കോടതിവിധിയെ സാംസങ് സ്വാഗതം ചെയ്തു. ചതുരാകൃതിയില്‍ ഒരു ടാബ്‌ലറ്റ് ഡിസൈന്‍ ചെയ്ത ആദ്യ കമ്പനി ആപ്പിളല്ല എന്ന വിശ്വാസമാണ് തങ്ങള്‍ക്ക് ഇപ്പോഴുമുള്ളതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കോടതിവിധിയെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചു.

സാംസങ് തങ്ങളുടെ ടാബ്‌ലറ്റ് ഡിസൈന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് വെബ്‌സൈറ്റിലും പത്രങ്ങളിലും ആപ്പിള്‍ പരസ്യം ചെയ്യണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. അതും ഇനി ആപ്പിള്‍ ചെയ്യേണ്ടി വരും.

വേണമെങ്കില്‍ ആപ്പിളിന് സുപ്രീംകോടതിയെ സമീപിക്കാം. എന്നാല്‍, അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങും ആപ്പിളും തമ്മില്‍, സ്മാര്‍ട്ട്‌ഫോണുകളുടെ പേരിലും ടാബ്‌ലറ്റുകളുടെ പേരിലും വിവിധ രാജ്യങ്ങളില്‍ പേറ്റന്റ് യുദ്ധം തുടരുന്നതിനിടെയാണ് ആപ്പിളിന് യൂറോപ്പില്‍ തിരിച്ചടിയേറ്റിരിക്കുന്നത്.

ടാബ്‌ലറ്റ് ഡിസൈനിന്റെ പേരില്‍ ആപ്പിളിന്റെ വാദങ്ങള്‍ക്ക് ആദ്യമായല്ല തിരിച്ചടിയേല്‍ക്കുന്നത്. നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ കോടതി വിധി ആപ്പിളിന് എതിരായിരുന്നു.

അതേസമയം, സാംസങിനെതിരെ വലിയൊരു നിയമവിജയം പേറ്റന്റ് പ്രശ്‌നത്തില്‍ നേടാന്‍ ഇതിനകം ആപ്പിളിനായി. ഐഫോണിലെ പേറ്റന്റുകള്‍ ലംഘിച്ചതിന്റെ പേരില്‍ 105 കോടി ഡോളര്‍ നഷ്ടപരിഹാരം ആപ്പിളിന് സാംസങ് നല്‍കണമെന്ന്, കഴിഞ്ഞ ആഗസ്ത് അവസാനം യു.എസ്.ജൂറി വിധിച്ചപ്പോഴായിരുന്നു അത്.
TAGS:
apple  |  samsung  |  galaxy tab  |  ipad  |  tablet computers  |  patent issue 


Stories in this Section