ആപ്പിള്‍ ജാവയെ കൈവിടുന്നു

Posted on: 21 Oct 2012
ആപ്പിളിന്റെ മാക് ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍, പുതിയ മാക് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ, നിങ്ങളുടെ കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍നിന്ന് ഒറാക്കിള്‍ കോര്‍പ്പറേഷന്റെ ജാവ (JAVA) സോഫ്റ്റ്‌വേര്‍ അപ്രത്യക്ഷമാകും.

ജാവ പ്രോഗ്രാം സുരക്ഷാഭീഷണി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ്, ജാവയെ കൈവിടാനുള്ള തീരുമാനം ആപ്പിള്‍ കൈക്കൊണ്ടതെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്തു.

മുമ്പ് 'മാക് ഒഎസ് എക്‌സ്' (Mac OS X) പതിപ്പില്‍ ആപ്പിള്‍ സ്വന്തംനിലയ്ക്ക് ജാവ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആ പിന്തുണ ഇനി വേണ്ടെന്നാണ് തീരുമാനം. ഇനി മുതല്‍ ജാവ ആവശ്യമായ മാക് ഉപഭോക്താക്കള്‍ സ്വന്തം നിലയ്ക്ക് ഒറാക്കിളില്‍നിന്ന് അത് ഡൗണ്‍ലോഡ് ചെയ്യേണ്ടി വരും.

ഇതുസംബന്ധിച്ച് ആപ്പിള്‍ അതിന്റെ 'support' സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍, എന്തുകൊണ്ട് ഇത്തരമൊരു തീരുമാനമെടുക്കുന്നു എന്ന് വിശദീകരിച്ചിട്ടില്ല,. ഒറാക്കിളും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഒരേ പ്രോഗ്രാം കോഡുപയോഗിച്ച് ഏതിനം കമ്പ്യൂട്ടറിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതാണ് ജാവ എന്ന കമ്പ്യൂട്ടര്‍ ഭാഷയുടെ പ്രത്യേകത. ഇന്റര്‍നെറ്റിലാണ് ജാവ വ്യാപകമായി ഉപയോഗിക്കുന്നത്. ആപ്പിളിന്റെ മാക്‌സ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ -തുടങ്ങിയവയിലൊക്കെ പ്രവര്‍ത്തിക്കുന്ന സൈറ്റുകള്‍ രൂപപ്പെടുത്താന്‍ വെബ്ബ് ഡെവലപ്പര്‍മാര്‍ക്ക് ജാവ തുണയാകുന്നു.

മാക് ഉപഭോക്താക്കള്‍ക്ക് ജാവ സോഫ്റ്റ്‌വേര്‍ നല്‍കുന്നത് ആപ്പിള്‍ അവസാനിപ്പിക്കുമെന്ന്, രണ്ടുവര്‍ഷം മുമ്പ് ആപ്പിളും ഒറാക്കിളും അറിയിച്ചിരുന്നു. എന്നായിരിക്കും ആ മാറ്റമുണ്ടാവുകയെന്ന് വ്യക്തമായിരുന്നില്ല.

ജാവയുമായി ബന്ധപ്പെട്ട് സുരക്ഷാഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ ആ തീരുമാനം ആപ്പിള്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ആരംഭിച്ചിരിക്കുകയാണ് - റിപ്പോര്‍ട്ട് പറയുന്നു. ഓണ്‍ലൈന്‍ ആക്രമണം നടത്താന്‍ സൈബര്‍ കുറ്റവാളികളെ സഹായിക്കുന്ന പിഴവുകള്‍ ജാവയിലുള്ളതായി യൂറോപ്പിലെ സുരക്ഷാവിദഗ്ധര്‍ കഴിഞ്ഞ ആഗസ്തില്‍ കണ്ടെത്തിയിരുന്നു.

ജാവയില്‍ പുതിയ രണ്ട് പിഴവുകള്‍ താന്‍ കണ്ടെത്തിയതായി പോളിഷ് സുരക്ഷാസ്ഥാപനമായ 'സെക്യൂരിറ്റി എക്‌സ്‌പ്ലൊറേഷന്‍സി'ലെ വിദഗ്ധന്‍ ആദം ഗൗഡിയാക്ക് കഴിഞ്ഞ വെള്ളിയാഴ്ച വെളിപ്പെടുത്തുകയുണ്ടായി. ജാവ ഒഴിവാക്കുന്നത് മാകിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
TAGS:
apple  |  java  |  mac  |  computer securtiy 


Stories in this Section